റിയാദ്: സൗദി അറേബ്യയിലെ ആദ്യത്തെ കോൺക്രീറ്റ് കൊട്ടാരമാണ് സൗദി ബിൻ അബ്ദുൽ അസീസ് രാജാവിന്റെ റെഡ് പാലസ്. കഴിഞ്ഞ മുപ്പത് വർഷമായി അടഞ്ഞു കിടന്നിരുന്ന കൊട്ടാരം ഇപ്പോൾ സന്ദർശകർക്കായി തുറന്ന് കൊടുത്തിരിക്കുകയാണ്. പ്രശസ്‌ത ചിത്രകാരനും ശിൽപിയുമായ സുൽത്താൻ ബിൻ ഫഹദ് ബിൻ നാസർ അൽ സൗദ് ഒരുക്കിയ കലാപ്രദർശനമാണ് പ്രധാന കാഴ്ച.

1979 ലെ മക്കാ ഉപരോധം, കുവൈത്തിലെ ഇറാഖ് അധിനിവേശം തുടങ്ങിയ സംഭവങ്ങളുടെ ചരിത്ര ശേഷിപ്പുകൾ, കൊട്ടാരത്തിലെ തീൻമേശ, അറബ് ഭക്ഷണ സംസ്കാരത്തിന്റെ പ്രദർശനം, കൊട്ടാരത്തിലെ പ്രാർത്ഥനാ മുറി തുടങ്ങിയവയല്ലാം അടുത്തുനിന്നു കാണാം. ഈ മാസം 20 ന് കൊട്ടാരം വീണ്ടും അടച്ചിടും. ചരിത്ര വിദ്യാർഥികളും, കുടുംബങ്ങളും ഉൾപ്പടെ ദിനേന ഒട്ടേറെ പേരാണ് കൊട്ടാരം കാണാനെത്തുന്നത്. നാട്ടിൽ നിന്ന് സന്ദർശക വിസയിലെത്തുന്നവരുടെ സീസൺ ആയതിനാൽ ബന്ധുമിത്രാദികളോടൊപ്പം അവരും കൊട്ടാരം കാണാനെത്തുന്നുണ്ട്.

സന്ദർശകർക്ക് കൊട്ടാരത്തെക്കുറിച്ച് സൗദി ഗൈഡ് വിവരണം നൽകുന്നു.

രാവിലെ 10 മണി മുതൽ 12 മണിവരെയും ഉച്ചയ്ക്ക് ശേഷം 5 മണിമുതൽ 10.30 വരെയുമാണ് സന്ദർശന സമയം. രാത്രി 11 മണിവരെ കൊട്ടാരം സന്ദർശകർക്ക് തുറന്നിടുമെങ്കിലും 10.30 ഓടെ അകത്തേക്കുള്ള പ്രവേശനം നിർത്തിവയ്ക്കും. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മുതൽ മാത്രമാണ് പ്രവേശനം. കൊട്ടാരവുമായി ബന്ധപ്പെട്ട ചരിത്രം വിവരിക്കുന്നതിന് ഇംഗ്ലീഷ്, അറബി ഭാഷകൾ അനായാസം കൈകാര്യം ചെയ്യുന്ന ഗൈഡുകളുണ്ട്. കുടുംബങ്ങൾക്കായി പ്രതേക വനിതാ ഗൈഡുകളെയും കൊട്ടാരത്തിൽ വിന്യസിച്ചിട്ടുണ്ട്. പ്രവേശനം പൂർണമായും സൗജന്യമാണ്. കൊട്ടാരത്തിനകത്തെ കോബൗണ്ടിൽ സന്ദർശകർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

വാർത്ത: നൗഫൽ പാലക്കാടൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook