റിയാദ്: വൈവിദ്ധ്യപൂർണ്ണമായ ഇന്ത്യൻ സാഹിത്യലോകത്തെ പരിചയപ്പെടുത്തുന്ന ‘റീഡിങ് പ്ലൂറൽ ഇന്ത്യ’ എന്ന പരമ്പരക്ക് ചില്ല സർഗവേദി തുടക്കം കുറിച്ചു. ഇന്ത്യയിലെ ഇതര ഭാഷകളിൽ നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത കൃതികളിൽ ചിലതാണ് ചില്ല വായനയുടെ പുതിയ ഉപശീർഷകത്തിൽ ആദ്യമായി അവതരിപ്പിച്ചത്. ശിവാജി ഗോവിന്ദ് സാവന്ത് രചിച്ച മൃത്യുഞ്ജയ എന്ന പ്രശസ്തമായ മറാത്തി നോവലിന്റെ മലയാള പരിഭാഷ ‘കർണ്ണൻ’ അവതരിപ്പിച്ചുകൊണ്ട് ഡാർലി തോമസ് ഫെബ്രുവരി വായന ഉദ്ഘാടനം ചെയ്തു.

വിശ്വപ്രസിദ്ധമായ ബിഭൂതിഭൂഷൺ ബന്ദോപാധ്യായുടെ പ്രഥമ നോവൽ പഥേർ പാഞ്ചാലിയുടെ വായനാനുഭവം ഇഖ്ബാൽ കൊടുങ്ങല്ലൂർ പങ്കിട്ടു. ബംഗാളി ഗ്രാമങ്ങളുടെ അപൂർവചാരുതയും മനുഷ്യബന്ധങ്ങളുടെ ആർദ്രതയും പകർത്തിയ പഥേർ പാഞ്ചാലി എന്ന നോവൽ ഇന്ത്യൻ സാഹിത്യത്തിലെ ക്ലാസിക്കുകളിലൊന്നാണെന്നും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സമന്വയം ഇതിനു മുൻപ് കാണാത്ത വിധം നോവലിൽ കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നതായും ഇഖ്ബാൽ അഭിപ്രായപ്പെട്ടു.

ആധുനിക കന്നഡ സാഹിത്യത്തിലെ കവിയും കഥാകൃത്തും നോവലിസ്റ്റുമായിരുന്ന ശ്രീകൃഷ്ണ ആലനഹള്ളിയുടെ ‘പാവത്താൻ’ ബീന അവതരിപ്പിച്ചു. സാര്‍വജനീനമായ മനുഷ്യജീവിതത്തിന്റെ ഇതിഹാസമായ നോവൽ ഗ്രാമത്തിലെ അപരിഷ്കൃതമായ ചുറ്റുപാടുകളിലേയ്ക്ക് എത്തുന്ന നാഗരിക പൊങ്ങച്ചത്തിന്റെയും സാധാരണ മനുഷ്യരുടെ മുഗ്ധമായ അവസ്ഥാഭേദങ്ങളുടെയും സാക്ഷാത്കാരമാണെന്ന് ബീന പറഞ്ഞു.

നാഗരിക മധ്യവർഗത്തിന്റെ സംവേദനാത്മകത ഉൾക്കൊള്ളുന്ന രചനകൾ കൊണ്ട് ഇന്ത്യൻ സാഹിത്യത്തിന് അതുല്യമായ സംഭാവന ചെയ്ത അമൃത പ്രീതത്തിന്റെ ‘ഗുലിയാനയുടെ കത്ത് ‘ എന്ന പുസ്തകത്തിന്റെ വായന ജയചന്ദ്രൻ നെരുവമ്പ്രം നടത്തി. ആധുനിക സമൂഹത്തിന്റെ മോഹഭംഗങ്ങളും യാഥാസ്ഥിതികത്വത്തിന്റേയും ജന്മിത്വത്തിന്റേയും നേർക്കുള്ള പ്രതിഷേധവും പ്രീതത്തിന്റെ സാഹിത്യസൃഷ്ടികളിൽ പ്രകടമാണെന്ന് ജയചന്ദ്രൻ നിരീക്ഷിച്ചു.

ആനന്ദ് മലയാളത്തിലേക്ക് വിവർത്തനം ചെയ്ത വർത്തമാനകാല ഇന്ത്യൻ എഴുത്തിന്റെ ശക്തിദുർഗമായിരുന്ന മഹാശ്വേതാ ദേവിയുടെ നോവൽ ‘കവി ബന്ദ്യഘടിഗായിയുടെ ജീവിതവും മരണവും’ എം.ഫൈസൽ അവതരിപ്പിച്ചു. മദ്ധ്യകാല ഇന്ത്യൻ ജീവിതത്തിൽ ആഴത്തിൽ വേരോടിയ ജാതിബോധത്തെ ഉല്ലംഘിച്ച് കവിപദം നേടാൻ ശ്രമിക്കുന്ന ഗോത്രമനുഷ്യന്റെ ദുരന്തം വർത്തമാനകാല ഇന്ത്യയുടേയും ചരിത്രമായി മഹാശ്വേതാ ദേവി അവതരിപ്പിക്കുന്നതായി ഫൈസൽ പറഞ്ഞു.

റഫീഖ് പന്നിയങ്കര, കൊമ്പൻ മൂസ, മുനീർ വട്ടേകാട്ടുകര, ശമീം താളാപ്രത്ത്, സി.എം.സുരേഷ് ലാൽ, റഹീം സ്രാമ്പിക്കൽ, നജ്മ നൗഷാദ്, നന്ദൻ, നൗഷാദ് കെ.ടി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ശിഫ അൽ ജസീറ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നൗഷാദ് കോർമത്ത് മോഡറേറ്ററായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ