റിയാദ്: സൗദി അറേബ്യയിൽ നിന്ന് റീ എൻട്രി വിസയിൽ നാട്ടിലെത്തി സമയത്തിനകം മടങ്ങി വരാത്തവർക്കും ഹുറൂബ് കാറ്റഗറിയിൽപ്പെട്ട് നാടണഞ്ഞവർക്കും പുതിയ വിസയിൽ സൗദിയിലേക്ക് മടങ്ങി വരാൻ കഴിഞ്ഞേക്കില്ല. തൊഴിൽ വിസയിൽ സൗദിയിൽ നിൽക്കുമ്പോൾ അവധിക്ക് പോയി മടങ്ങി വരാനായി പാസ്പോർട്ട് വിഭാഗം അനുവദിക്കുന്ന വിസയാണ് റീ എൻട്രി വിസ.

ഈ വിസയിൽ രാജ്യം വിട്ടതിന് ശേഷം അനുവദിച്ച അവധിക്കകം രാജ്യത്ത് പ്രവേശിച്ചില്ലെങ്കിൽ പിന്നീട് മൂന്ന് വർഷം കഴിഞ്ഞേ തിരിച്ചു വരവ് സാധ്യമാകൂ. ക്രിമിനൽ കേസ് ഉൾപ്പടെ സൗദിയിൽ കേസിൽ അകപ്പെട്ട് കരിമ്പട്ടികയിൽ ഉൾപ്പെടുത്തി നാട്ടിലേക്ക് തിരിച്ചയച്ചവർക്ക് ഇനി മടക്കം അസാധ്യം. ഹുറൂബ് (ഒളിച്ചോടിയെന്ന് സ്പോൺസർ നൽകുന്ന പരാതി) കാറ്റഗറിയിൽപ്പെട്ടവർക്ക് രാജ്യത്തേക്ക് വീണ്ടും വരാൻ അഞ്ചു വർഷം കഴിയണം. എന്നിട്ട് മാത്രമേ പുതിയ വിസക്ക് അപേക്ഷിക്കാനാവൂ.

വർഷങ്ങൾക്ക് മുമ്പ് തന്നെ ഇങ്ങനെയൊരു നിയമം ഉണ്ടായിരുന്നെങ്കിലും കോൺസുലേറ്റിന് ഇക്കാര്യത്തിൽ കടും പിടുത്തം ഉണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഈ ഗണത്തിൽ പെട്ട പാസ്പോർട്ടുകൾ പുതിയ വിസ സ്റ്റാമ്പിങ്ങിനായി സമർപ്പിച്ചപ്പോൾ ബോംബൈ കോൺസുലേറ്റിൽ നിന്ന് മടക്കിയപ്പോഴാണ് നിയമത്തെക്കുറിച്ച് പലരും അറിയുന്നത്. ഇത്തരം പാസ്സ്പോർട്ടുകൾ സ്റ്റാമ്പിങ്ങിനായി സമർപ്പിക്കരുതെന്ന് കോൺസുലേറ്റ് ട്രാവൽ ഏജൻസികളെ അറിയിച്ചിട്ടുണ്ട്. മുന്നറിയിപ്പ് വക വയ്ക്കാതെ വീണ്ടും സമർപ്പിച്ചവരുടെ ലൈസൻസ് തടഞ്ഞതായും സൂചനയുണ്ട്. എന്നാൽ അക്കാര്യത്തിൽ കൃത്യമായ സ്ഥിരീകരണമില്ല.

വാർത്ത: നൗഫൽ പാലക്കാടൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook