കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈത്ത് മുന്‍ ഭാരവാഹിയും, കുവൈത്തിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിദ്ധ്യവുമായിരുന്ന മണ്‍മറഞ്ഞ ആര്‍.രമേശിന്‍റെ സ്മരണാര്‍ത്ഥം കല കുവൈത്ത് ഏര്‍പ്പെടുത്തിയ ആര്‍.രമേശ് സ്മാരക പ്രവാസി പുരസ്കാരത്തിന് സൗദി അറേബ്യയിലെ സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകനായ ഇ.എം.കബീര്‍ അര്‍ഹനായി. ഇരുപത്തി അയ്യായിരം രൂപയും, പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. കല കുവൈത്ത് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളത്തിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

2014 മുതലാണ് കല കുവൈത്ത്, പ്രവാസ ലോകത്തെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്നവരെ ആദരിക്കുക എന്ന ഉദ്ദേശത്തോടെ ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.

കഴിഞ്ഞ 30 വര്‍ഷക്കാലമായി സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസികള്‍ക്കിടയില്‍ സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ് ഇ.എം.കബീര്‍. 1985ല്‍ ദമാമിലെത്തിയ കബീര്‍ നിരവധി ക്യാംപെയ്നുകള്‍ക്ക് നേതൃത്വം നല്‍കി. ക്യാന്‍സര്‍ രോഗ ബാധിതരായ നിരവധി പേര്‍ക്ക് സഹായം നല്‍കുന്നതിനും, ബോധവല്‍ക്കരിക്കുന്നത്തിനുമായി നടത്തിയ ക്യാംപെയ്ന് നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു.

തിരുവനന്തപുരം ജില്ലയിലെ പൂന്തുറ സ്വദേശിയായ കബീര്‍, ദമാമിലെ പുരോഗമന, സാംസ്കാരിക സംഘടനായ നവോദയ സാംസ്കാരിക വേദിയുടെ പ്രസിഡന്‍റ്, ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍, ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ നവോദയ രക്ഷാധികാര സമിതി അംഗമാണ്.

മെയ് 19, വെള്ളിയാഴ്ച ഹവല്ലി ഖാഡ്സിയ സ്പോര്‍ട്സ് ക്ലബ്ബില്‍ നടക്കുന്ന കല കുവൈത്തിന്‍റെ ഈ വര്‍ഷത്തെ മെഗാ പരിപാടിയായ ‘മയൂഖം 2017’ വേദിയില്‍ ഇ.എം.കബീര്‍ അവാര്‍ഡ് ഏറ്റു വാങ്ങും.

ഫര്‍വാനിയ മെട്രോ മെഡിക്കല്‍സില്‍ നടന്ന പത്ര സമ്മേളനത്തില്‍ കല കുവൈത്ത് പ്രസിഡന്‍റ് സുഗതകുമാര്‍, ജനറല്‍ സെക്രട്ടറി ജെ.സജി, ട്രഷറര്‍ രമേശ് കണ്ണപുരം, സാം പൈനുംമൂട്, ജിതിന്‍ പ്രകാശ്, സജീവ് എം. ജോർജ് എന്നിവര്‍ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ