മനാമ: പുണ്യ മാസമായ റമസാനിൽ വ്രതശുദ്ധികൊണ്ടും, നമസ്കാരം, ദാനധർമ്മങ്ങൾ, പ്രാർത്ഥനകൾ തുടങ്ങിയവ കൊണ്ടും ആർജിച്ചെടുത്ത മാനസിക വിശുദ്ധിയും ആത്മ ചൈതന്യവും ഇനിവരുന്ന പതിനൊന്നു മാസക്കാലത്തെ ജീവിതത്തിലും സൂക്ഷിക്കാൻ ഓരോ വിശ്വാസിയും തയാറാകണമെന്ന് ഫദലുൽ ഹഖ് ഉമരി ഓർമിപ്പിച്ചു. ബഹ്‌റൈൻ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ ഹൂറ ഉമ്മു ഐമൻ സ്‌കൂൾ ഗ്രൗണ്ടിൽ അൽ അൻസാർ സെന്റർ ബഹ്‌റൈൻ സംഘടിപ്പിച്ച ഈദ് ഗാഹിൽ വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

bahrain

ഒരു മാസത്തെ വ്രതാനുഷ്ഠാനത്തോടെ അവസാനിക്കുന്ന ഒന്നല്ല ഒരു വിശ്വാസിക്ക് റമസാൻ. അത് ജീവിതത്തെ വിപുലീകരിക്കാനും പ്രപഞ്ചനാഥന്റെ പ്രീതിക്കനുസരിച്ചു ചിട്ടപ്പെടുത്താനും ഉള്ളതാണ്. അതിനുള്ള പരിശീലനക്കളരി മാത്രമായിരുന്നു കഴിഞ്ഞു പോയ ഒരുമാസം. അതിൽനിന്നും ആർജിച്ചെടുത്ത ഊർജമാണ് ഇനി ഓരോ വിശ്വാസിയെയും മുന്നോട്ട് നടത്തേണ്ടത്. ജീവിതത്തിലെ അഖില മേഖലകളിലും അല്ലാഹുവും പ്രവാചകനും കാണിച്ചു തന്ന മഹിതമായ മാർഗ്ഗം പിന്തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഖുർആൻ വിജ്ഞാന പരീക്ഷകളിൽ ഉയർന്ന മാർക്കുകൾ കരസ്ഥമാക്കിയവർക്കുള്ള സമ്മാനദാനവും “നിത്യ ജീവിതത്തിലെ പ്രാർത്ഥനകൾ ” എന്ന പുസ്തകപ്രകാശനം ബഷീറിന്‌ നൽകിക്കൊണ്ട് ഫദലുൽ ഹഖ് ഉമരി നിർവഹിച്ചു. അൽ അൻസാർ ഉമ്മുൽഹസ്സം സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ നടത്തിയ ഈദ് പ്രാർത്ഥനകൾക്ക് അബ്ദു റഊഫ് ബാഖവി നേതൃത്വം നൽകി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ