റിയാദ്: സൗദി അറേബ്യയിൽ പെരുന്നാൾ അവധി റമസാൻ 20 വ്യാഴാഴ്ച മുതൽ നൽകാൻ സൽമാൻ രാജാവ് ഉത്തരവിറക്കി. റമസാൻ 24 തിങ്കളാഴ്ച മുതൽ അവധി എന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ സൽമാൻ രാജാവിന്റെ ഉത്തരവിറങ്ങിയതോടെ ഇന്ന് മുതൽ അവധി ആരംഭിക്കും. പുതിയ ഉത്തരവനുസരിച്ച് എല്ലാ ഗവൺമെന്റ് സ്ഥാപനങ്ങൾക്കും ഇന്നായിരിക്കും ഈ മാസത്തെ അവസാന പ്രവൃത്തി ദിനം. അതേസമയം പാസ്പോർട്ട് വിഭാഗം പോലുള്ള സർക്കാർ സ്ഥാപനങ്ങളിൽ അടിയന്തിര സേവന ഡെസ്കുകൾ പ്രവർത്തിക്കും.

നേരത്തെ അവധി ലഭിച്ചത്തിന്റെ ആഹ്ലാദത്തിലാണ് സർക്കാർ ഉദ്യോഗസ്ഥർ. സോഷ്യൽ മീഡിയയിൽ നേരത്തെ അവധി ലഭിച്ചതിന്റെ ആഹ്ലാദം പങ്കുവെക്കുകയാണ് ഉദ്യോഗസ്ഥർ. നിരത്തുകളിലും പ്രധാന ഷോപ്പിങ് മാളുകളിലും ഇന്ന് മുതൽ പെരുന്നാൾ തിരക്ക് അനുഭവപ്പെട്ട് തുടങ്ങും. ഉംറ നിർവഹിക്കാനും, പുണ്യ ഭൂമി സന്ദർശിക്കാനും മക്കയിലേക്ക് തിരിക്കുകയാണ് വലിയൊരു വിഭാഗം.

അവധി നേരത്തെ ആയതിനാൽ വെള്ളിയാഴ്ച ജുമുഅ നിസ്‍കാരത്തിന് മസ്ജിദുൽ ഹറമിലും മസ്ജിദ് നബവിയിലും വലിയ തിരക്ക് അനുഭവപ്പെടും. വെള്ളിയാഴ്ചയിലെ തീർഥാടകരുടെ തിരക്ക് പരിഗണിച്ച് മികച്ച സേവന വിഭാഗത്തെയും സുരക്ഷാ ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. സൗദി ആരോഗ്യ വകുപ്പിന്റെ കീഴിൽ തീർത്ഥാടകർക്ക് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കുന്നതിന് വേണ്ട ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്.

വാർത്ത: നൗഫൽ പാലക്കാടൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ