റിയാദ്: രാജസ്ഥാൻ ഉപതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് നേടിയ ഉജ്ജ്വല വിജയം മോദി സർക്കാരിനുള്ള മരണമണിയെന്ന് കെഎസ്‌യു മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വി.സി.അഷ്‌റഫ് അഭിപ്രായപ്പെട്ടു. ഒഐസിസി കണ്ണൂർ ജില്ലാ കമ്മിറ്റി സഫ മക്കാ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗോസംരക്ഷണത്തിന്റെ മറവിൽ ആക്രമണങ്ങളും കൊലപാതകങ്ങളും നടന്ന പ്രദേശങ്ങളിലാണ് ഈ വിജയങ്ങളെന്നത് ശ്രദ്ധേയമാണ്. പ്രകടന പത്രികയിലും തിരഞ്ഞെടുപ്പ് റാലികളിലും വാരിക്കോരി ചൊരിഞ്ഞ വാഗ്‌ദാനങ്ങളിൽ ഒന്ന് പോലും നടപ്പിലാക്കാനാവാതെ സമ്പൂർണ്ണ തോൽവി ആയി മാറിക്കഴിഞ്ഞ മോദി സർക്കാരിനെ ജനങ്ങൾക്ക് മടുത്തു എന്നതിന്റെ പരസ്യ പ്രഖ്യാപനമാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ. ഈ വിജയം നൽകിയ സന്ദേശങ്ങളിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട് പ്രവർത്തിച്ചാലേ 2019 ഇൽ മോദി സർക്കാരിനെ വേരോടെ പിഴുതെറിയാൻ ആകൂവെന്നും അദ്ദേഹം പ്രവർത്തകരെ ഓർമ്മിപ്പിച്ചു.

ബിജെപിക്കെതിരെയുള്ള പോരാട്ട വിഷയത്തിൽ സിപിഎം സ്വീകരിച്ചിരിക്കുന്ന നിലപാട് ആരെ സഹായിക്കാനാണെന്ന് തിരിച്ചറിയാൻ കോമൺ സെൻസ് പോലും അധികമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്റ് ഷാജി പാനൂർ അധ്യക്ഷത വഹിച്ച യോഗം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് ഉദ്ഘാടനം ചെയ്തു. മുഹമ്മദലി കൂടാളി , അസ്‌കർ കണ്ണൂർ, അബ്‌ദുള്ള വല്ലാഞ്ചിറ, സജി കായംകുളം, സലിം കളക്കര, നവാസ് വെള്ളിമാട്കുന്ന്, അഷ്‌റഫ് വടക്കേവിള, മുഹമ്മദ് കുഞ്ഞി കോറളായി, മുനീർ കോക്കല്ലൂർ, റഫീഖ് വെളിയമ്പ്ര എന്നിവർ സംസാരിച്ചു.

അഭിലാഷ് മാവിലായി സ്വാഗതവും സായി പ്രശാന്ത് നന്ദിയും പറഞ്ഞു. ഹരീന്ദ്രൻ കായാട്ടുവള്ളി, സജീഷ് കൂടാളി, ഹാഷിം പാപ്പിനിശ്ശേരി, വിനോദ് വേങ്ങയിൽ, രാജീവൻ ചൊവ്വ, മജീദ് ചാലാട്, ഷാൻഹാർ മുഹമ്മദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. യോഗാനന്തരം സത്താർ മാവൂരിന്റെ നേതൃത്വത്തിൽ അരങ്ങേറിയ ഗാനമേളയിൽ നിദ നാസർ, തസ്‌നിം റിയാസ്, ഹനീഫ കൊയിലാണ്ടി, ഹാരിസ് പൊന്നാനി എന്നിവർ ആലപിച്ച ഇമ്പമാർന്ന ഗാനങ്ങൾ സദസ്സിന് ഹരം പകർന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook