റിയാദ്: പ്രമേഹ രോഗം മൂർച്ഛിച്ച് വലതുകാൽ നീക്കം ചെയ്ത് ദുരിതത്തിലായ കായംകുളം പുല്ലുകുളങ്ങര സ്വദേശി രാജൻ റിയാദിലെ സാമൂഹ്യ പ്രവർത്തകരുടെ സഹായത്താൽ നാട്ടിലെത്തി. മതിയായ ചികിത്സയും പരിചരണവും ലഭിക്കാതെ കാലിൽ വൃണം രൂപപ്പെട്ട് താമസ സ്ഥലത്ത് നിന്ന് പുറത്തിറങ്ങാനോ പ്രാഥമിക കർമ്മങ്ങൾ നിർവ്വഹിക്കാൻ പോകാനോ കഴിയാത്ത അവസ്ഥയിലാണ് രാജൻ സാമൂഹ്യ പ്രവർത്തകരുടെ ശ്രദ്ധയിൽ പെടുന്നത്.

കഴിഞ്ഞ ഇരുപത് വർഷമായി റിയാദിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ടങ്കിലും രോഗാവസ്ഥയും സാമ്പത്തിക ബാധ്യതകളും അല്ലാതെ മറ്റൊന്നും ബാക്കിയായിട്ടില്ല. ജോലി ചെയ്തിരുന്ന സമയത്ത് രാജന്റെ വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടമുണ്ടാകുകയും വലിയ തുക കോടതി പിഴയായി ശിക്ഷിക്കുകയും ചെയ്തിരുന്നു. സാമ്പത്തിക പ്രയാസം കാരണം പിഴയടക്കാൻ കഴിയാതെ വന്ന രാജന് കഴിഞ്ഞ നാല് വർഷമായി നാട്ടിലേക്ക് പോകുവാൻ കഴിഞ്ഞിരുന്നില്ല.

നിയമ തടസ്സങ്ങൾ നിലനിന്നിരുന്നതിനാൽ ശസ്ത്രക്രിയക്ക് ശേഷം തുടർ ചികിത്സക്കും മറ്റും നാട്ടിലേക്ക് അയക്കാൻ കഴിയാത്ത സാഹചര്യത്തിലായിരുന്ന രാജനെ കായംകുളം സ്വദേശി ലത്തീഫും, തൃശൂർ സ്വദേശി സണ്ണിയും, ഷുമേസി ആശുപത്രി ജീവനക്കാരിയും സാമൂഹ്യ പ്രവർത്തകയുമായ ഷീലാ രാജുവുമാണ് അദ്ദേഹത്തിന്റെ ദൈനംദിന കാര്യങ്ങൾക്കും ശുശ്രൂഷയ്ക്കും സഹായങ്ങൾ ചെയ്തിരുന്നത്.

യാത്രാ രേഖകളും, കോടതി പിഴയും, ചികിത്സാ ചിലവുമടക്കം ഒരു ഭീമമായ തുക സുമനസ്സുകളിൽ നിന്നും കണ്ടെത്തിയാണ് രാജനെ നാട്ടിലേക്ക് അയച്ചത്. ഈ പ്രവർത്തനങ്ങൾക്ക് സാമൂഹ്യ പ്രവർത്തകരായ സത്താർ കായംകുളം, സജി കായംകുളം, ഇസ്മയിൽ എരുമേലി, സൈഫുദ്ദീൻ കിച്ചിലു, യൂസുഫു കുഞ്ഞ്, മുജീബ് റഹ്മാൻ, സലീം മാളിയേക്കൽ, എച്ച്.നസീർ, സൈഫ് കൂട്ടുങ്കൽ, സുരേഷ് ബാബു ഈരിക്കൽ, ഷംസുദ്ദീൻ കോട്ടപ്പുറം, ലൈജു കോട്ടയം, എബ്രഹാം ചെങ്ങന്നൂർ, സാജിദ് ആലപ്പുഴ, ഇസ്ഹാക് ലവ്ഷോർ, ഷൈജു കണ്ടപ്പുറം,ഷാജൻ കാപ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ