റിയാദ്: എജന്റിന്റെ ചതിയില്‍ പെട്ട് ഒരുവര്‍ഷം സൗദിയില്‍ ദുരിത ജീവിതം അനുഭവിച്ച തെലങ്കാന ഹുസ്നാബാദ് സ്വദേശി ഗാര്‍ലപറ്റി രാജറെഡ്ഡി സാമുഹ്യപ്രവര്‍ത്തകരുടെ സഹായത്താല്‍ നാട്ടിലേക്ക് മടങ്ങി. അറുപത്തി അയ്യായിരം രൂപ വിസക്ക് നല്‍കിയാണ് രാജറെഡ്ഡി സൗദിയില്‍ എത്തുന്നത്. റിയാദ് എയര്‍പോര്‍ട്ടില്‍ എത്തിയപ്പോൾ തന്‍റെ സ്പോണ്സര്‍ ആണെന്ന് പരിചയപ്പെടുത്തിയ സ്വദേശി പൗരന്‍ കൂട്ടികൊണ്ട് പോകുകയും കിലോമീറ്ററുകള്‍ അകലെയുള്ള അദ്ദേഹത്തിന്റെ കൃഷിതോട്ടത്തില്‍ ജോലി ചെയ്യിപ്പിക്കുകയുമായിരുന്നു. തനിക്ക് ഇതുവരെ ശമ്പളം പോലും തന്നിട്ടില്ലന്ന് രാജറെഡ്ഡി പറയുന്നു. പിന്നിടാണ് അദ്ദേഹം അറിയുന്നത് തന്‍റെ വിസ തൊഴില്‍ വിസയല്ല, വിസിറ്റിങ് വിസയാണെന്നും ഏജന്റ് ചതിക്കുകയായിരുന്നുവെന്നും.

കൃഷി തോട്ടത്തില്‍ നിന്ന് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് രക്ഷപെട്ട് റിയാദിലെത്തിയ അദ്ദേഹം കേറിക്കിടക്കാൻ ഇടമില്ലാതെ അലയുകയായിരുന്നു. അസുഖബാധിതനായി തെരുവിൽ കിടന്ന രാജറെഡ്ഡിയെ അജ്ഞാതരായ സുമനസ്സുകൾ സുമേഷി ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ധ പരിശോധനയില്‍ അദ്ദേഹത്തിന് കിഡ്നി സംബന്ധമായും മറ്റു അസുഖമുള്ളത് കൊണ്ട് ഒന്നരമാസം ആശുപത്രിയില്‍ കഴിയേണ്ടിവന്നു. ക്രിട്ടിക്കൽ സ്റ്റേജ് മറികടന്നപ്പോൾ ഡിസ്ചാര്‍ജ് ചെയ്തു. വിഷയം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ജോലി ചെയ്യുന്ന പിഎംഎഫ് റിയാദ് മഹിളാ സംഘം പ്രസിഡന്റ് ഷീലാ രാജു വേണ്ട സഹായങ്ങൾ ചെയ്തു നൽകി. എംബസിയില്‍ പോകാനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്തു.

റിയാദ് ഇന്ത്യൻ എംബസി ലേബര്‍ അറ്റാചെ പി.രാജേന്ദ്രന്‍ ഇദ്ദേഹത്തെ നാട്ടിലേക്ക് അയക്കുന്നതിന് വേണ്ട നടപടി ക്രമങ്ങൾ പൂർത്തിയാക്കി. സിഒപിഎം പ്രസിഡന്റ് അയൂബ് കരൂപടന്നയുടെ സാന്നിധ്യത്തിൽ പിഎംഎഫ് ഗ്ലോബല്‍ വക്താവ് ജയന്‍ കൊടുങ്ങല്ലൂര്‍, ഋഷി ലത്തീഫ് എന്നിവരുടെ സഹായത്താല്‍ അദ്ദേഹത്തിന് താല്‍കാലികമായി താമസ സൗകര്യം ഒരുക്കുകയും അഞ്ചുദിവസം കൊണ്ട് അദ്ദേഹത്തിന് നാട്ടിലേക്ക് പോകുന്നതിനുള്ള വിമാന ടിക്കറ്റ്‌ ഉള്‍പ്പടെയുള്ള യാത്രാരേഖകള്‍ ശരിയാക്കി നൽകുകയും ചെയ്തു. ചാരിറ്റി ഓഫ് പ്രവാസി മലയാളി പ്രവര്‍ത്തകരുടെയും സുമനസുകളുടെയും സഹായത്താല്‍ സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ റിയാദ് വിമാനത്താവളത്തില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചു. രോഗാവസ്ഥയില്‍ തന്‍റെ കുടുംബത്തെ കാണാനും അവര്‍ക്കൊപ്പം കഴിയാനും അവസരമൊരുക്കിയതിന് രാജറെഡ്ഡി പ്രത്യേകം നന്ദി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ