റിയാദ് : സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ മഴ. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മിതമായി പെയ്ത മഴ വൈകീട്ട് ശക്തിപ്രാപിച്ചു. തലസ്ഥാനത്തെ ചില റോഡുകളിൽ വെള്ളം കയറി. കാറ്റും മൂടൽമഞ്ഞും കാരണം പ്രധാന ഹൈവേകളിലെല്ലാം ഗതാതം മന്ദഗതിയിലായി.

പൈതൃകോത്സവ ഗ്രാമമായ ജനദ്രിയയിൽ വൈകീട്ട് ഏഴുമണിക്കാരംഭിച്ച കാറ്റും മഴയും മൂന്ന് മണിക്കൂർ നീണ്ടു നിന്നു. തുറസ്സായ സ്ഥലത്ത് കെട്ടിയ സ്റ്റേജുകളിൽ വെള്ളം കയറിയത് കാരണം കലാപരിപാടികൾ പലതും നടന്നില്ല. തിമർത്ത് പെയ്ത മഴ പല പവലിയനുകളുടെയും സ്റ്റാളുകളുടെയും പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തി.

janadriyah festival,saudi,rain

ജനാദ്രിയ ഉത്സവ പ്രദേശം മഴയിൽ കുതിർന്നപ്പോൾ- ഫോട്ടോ നൗഫൽ പാലക്കാടൻ

അപ്രതീക്ഷിത മഴയിൽ നനഞ്ഞ സന്ദർശകർക്ക് സൗദി റെഡ് ക്രസന്റ്, ടെലികോം കമ്പനികളായ എസ്.ടി.സി, മൊബൈലി എന്നിവർ സൗജന്യമായി കുടകൾ നൽകി. ഉത്സവപ്രദേശത്തുനിന്ന് പുറത്തേക്ക് പോകാൻ ബുദ്ധിമുട്ടിയ സന്ദർശകർക്ക് സംഘാടകരായ സൗദി ദേശീയ സുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിൽ വാഹന സൗകര്യമൊരുക്കി. റോഡുകളില്‍ വെള്ളം നിറഞ്ഞത് മൂലം ഗതാഗതം താത്കാലികമായി തടസ്സപ്പെട്ടെങ്കിലും പിന്നീട് പുനഃസ്ഥാപിച്ചു.

സൗദിയുടെ തെക്ക് പടിഞ്ഞാറൻ മേഖലെയെയാണ് മഴക്കെടുതി കൂടുതൽ ബാധിച്ചത്. മലമ്പ്രദേശമായ അസീർ പ്രവിശ്യയിൽ ശക്തമായ മഴയോടൊപ്പം ഇടിമിന്നലും ഉണ്ടായി. മലയിടിച്ചിലും റോഡ് ഒലിച്ചുപോയതും നാശനഷ്ടങ്ങൾ കനത്തതാക്കി. കനത്ത മൂടൽമഞ്ഞ് കാരണം വാഹനങ്ങൾ കൂട്ടിയിടിച്ച അപകടങ്ങളും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. മഴക്കെടുതി ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേരത്തെ തന്നെ പദ്ധതിയുണ്ടായിരുന്നതിനാൽ സിവിൽ ഡിഫൻസ്, ട്രാഫിക്, റെഡ് ക്രസന്റ് വിഭാഗങ്ങളുടെ ഏകീകരണത്തോടെയുള്ള വിപുലമായ സംവിധാനം ഒരുക്കിയിരുന്നു.

ജിദ്ദയിൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. അതേസമയം ജിദ്ദയിൽ വെള്ളപ്പൊക്കമുണ്ടാകുമെന്ന സോഷ്യൽ മീഡിയകളിലൂടെയുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മക്ക ഗവർണറുടെ കാര്യാലയം അറിയിച്ചു. ബുധനാഴ്ചയും സൗദിയിൽ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.

നൗഫൽ പാലക്കാടൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook