ദുബായ്: യു എ ഇയില്‍ കനത്ത മഴ തുടരുന്നു. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഇന്നു വൈകിട്ട് ശക്തമായ മഴ ലഭിച്ചു.
അജ്മാനിലും അല്‍ഐനിലും അല്‍ ദഫ്രയിലും കനത്ത മഴ രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍ സി എം) അറിയിച്ചു. അല്‍ ഐനില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച എന്‍ സി എം, അതീവ ജാഗ്രത പാലിക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ഥിച്ചു.
അല്‍ ഐനിലെ അല്‍ വൈഗന്‍- അല്‍ ഖുഅ റോഡില്‍ കനത്ത മഴയാണ് അനുഭവപ്പെട്ടത്. അല്‍ ഐനില്‍ കഴിഞ്ഞദിവസങ്ങളിലും മഴ പെയ്തിരുന്നു.
അജ്മാനില്‍ മഴയ്ക്കിടെയുള്ള വാഹനഗതാഗതത്തിന്റെ ദൃശ്യം എന്‍ സി എം പുറത്തുവിട്ടു. ഇന്നു രാത്രി എട്ടു വരെ കൂടുതല്‍ മോശം കാലാവസ്ഥ പ്രതീക്ഷിക്കുന്നതായാണ് എന്‍ സി എം പറഞ്ഞിരിക്കുന്നത്.
കനത്ത മഴയിലും അസ്ഥിരമായ കാലാവസ്ഥയിലും ശ്രദ്ധാപൂര്‍വം വാഹനമോടിക്കാനും താഴ്വരകളും ജലാശയങ്ങളും ഒഴിവാക്കാനും ഔദ്യോഗിക നിര്‍ദേശങ്ങള്‍ പാലിക്കാനും അബുദാബി പൊലീസ് കഴിഞ്ഞദിവസം അഭ്യര്‍ത്ഥിച്ചിരുന്നു.
യാത്രയ്ക്കു മുമ്പ് കാലാവസ്ഥാ പ്രവചനങ്ങള്‍ കണക്കിലെടുക്കാനും റോഡില്‍ വേഗത കുറയ്ക്കാനും വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിതമായ അകലം പാലിക്കാനും പൊലീസ് അഭ്യര്‍ഥിച്ചു. വെള്ളപ്പൊക്കത്തിന്റെ ചിത്രമെടുക്കുന്നതിനിടെ വാഹനമോടിക്കുന്ന ഒരാള്‍ അപകടത്തില്‍പ്പെട്ടതു ചൂണ്ടിക്കാട്ടിയ പൊലീസ് ഇക്കാര്യം ഒഴിവാക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.
യു എ ഇയില്‍ 30 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണ് കഴിഞ്ഞയാഴ്ച അനുഭവപ്പെട്ടത്. അപ്രതീക്ഷിമായ വെള്ളപ്പൊക്കത്തില്‍ ഏഴ് ഏഷ്യക്കാര്‍ മരിച്ചിരുന്നു. എണ്ണൂറിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു. മലയാളികള്‍ ഉള്‍പ്പെടെ നിരവധി കച്ചവടക്കാര്‍ക്കു ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്.