മനാമ: ബഹ്‌റൈനില്‍ തണുപ്പിനു കാഠിന്യമേറ്റി മഴയെത്തി. തിങ്കളാഴ്ച ഉച്ചയോടെയാണ് മഴയെത്തിയത്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും രാത്രി വൈകിയും മഴ പെയ്തു. എന്നാല്‍ മഴ ശകതമായിരുന്നില്ല. രാവിലെ മുതലേ അന്തരീക്ഷം മേഘാവൃതമായിരുന്നു. മഴയോടെ താപനില 13 ഡിഗ്രി സെല്‍ഷ്യസിലേക്കു താഴ്ന്നു. ചാറ്റല്‍ മഴ പലയിടത്തും വാഹന ഗതാഗതത്തെ സാരമായി ബാധിച്ചു.

ബഹ്‌റൈനില്‍ ഇപ്പോള്‍ അനുഭവപ്പെടുന്നത് അരനൂറ്റാണ്ടിനിടെയുള്ള ഏറ്റവും വലിയ തണുപ്പാണെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. വെള്ളിയാഴ്ച കുറഞ്ഞ താപനില ഏഴ് ഡിഗ്രിയിലേക്ക് താഴ്ന്നതിനൊപ്പം കാറ്റിന്റെ വേഗവും കൂടിയതോടെ രാജ്യം തീര്‍ത്തും തണുപ്പിലകപ്പെടുകയായിരുന്നു. രേഖപ്പെടുത്തുന്ന താപനിലയും അനുഭവപ്പെടുന്ന താപനിലയും തമ്മില്‍ വലലിയ അന്തരമുണ്ട്. വെള്ളിയാഴ്ച അനുഭവപ്പെട്ട താപനില രണ്ട് ഡിഗ്രി വരെ ആയിരുന്നു. ഇതിനു മുന്‍പ് ഏറ്റവും കൂടിയ തണുപ്പ് രേഖപ്പെടുത്തിയത് 1964ലായിരുന്നു. അന്ന് രേഖപ്പെടുത്തിയ താപനില 2.7 ഡിഗ്രിയിലും താഴെയായിരുന്നെന്ന് ഗതാഗത ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയം കാലാവസ്ഥ ഡയറക്ടറേറ്റ് മേധാവി ആദില്‍ ദഹാം പറഞ്ഞു. ‘സൈബീരിയന്‍ ഹൈ’ എന്ന കാലാവസ്ഥ പ്രതിഭാസമാണ് ഒമാന്‍, യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളെ ബാധിച്ചതെന്നും ചിലയിടങ്ങളില്‍ മഞ്ഞുപെയ്യാന്‍ ഇടയാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈബീരിയല്‍ മഞ്ഞു മലകളില്‍നിന്നുമുള്ള കാറ്റാണ് ഇത്. അറേബ്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് ഇത് വീശിയതാണ് തണുപ്പ് കൂട്ടിയത്.

സെപ്റ്റംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള സമയം യൂറേഷ്യയുടെ വടക്ക് കിഴക്കന്‍ ഭാഗത്ത് വന്‍ തോതില്‍ രൂപപ്പെടുന്ന തണുത്ത വരണ്ട കാറ്റാണ് ഈ പ്രതിഭാസത്തിന് കാരണം. 1964 ജനുവരി 20നാണ് ഇത് മുമ്പ് ബഹ്‌റൈനില്‍ ശക്തമായി അനുഭവപ്പെട്ടത്. അന്ന് സ്ഥിതി ഇതിലും മോശമായിരുന്നു. അന്നത്തെ ‘സൈബീരിയന്‍ ഹൈ’ 10 ദിവസമാണ് നീണ്ടുനിന്നത്. ഇതാണ് താപനില കുത്തനെ ഇടിയാന്‍ കാരണമായത്. താപനില ഏഴ് എത്തിയപ്പോഴും അനുഭവപ്പെടുന്ന താപനില വീണ്ടും താഴ്ന്നതിനാലാണ് ജനങ്ങള്‍ക്ക് തണുത്ത് വിറക്കുന്നതായി തോന്നിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശൈത്യ തരംഗം താപനിലയില്‍ വലിയ കുറവുണ്ടാക്കുന്നതോടൊപ്പം കാറ്റിന്റെ വേഗവും വര്‍ധിപ്പിക്കും. അന്തരീക്ഷ മര്‍ദ്ദവും ഉയരും. ഇത് സാധാരണ രണ്ടുദിവസം നീണ്ടുനില്‍ക്കാറുണ്ട്. ഫെബ്രുവരി എട്ടോടെ, കാലാവസ്ഥ സാധാരണ നിലയിലേക്ക് മാറുമെന്നാണ് പ്രവചനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook