ജിദ്ദ: സൗദിയിൽ പലയിടത്തും കനത്ത മഴ. മക്ക, മദീന, തബൂക്ക്, അല്‍ജൗഫ് പ്രവിശ്യകളിലാണ് പേമാരി ഉണ്ടായത്. മഴ ഇന്നും തുടരുമെന്നും ത്വായിഫ് – മക്ക പ്രദേശങ്ങളിൽ ജാഗ്രതാമുന്നറിയിപ്പുമായി അധികൃതർ രംഗത്തെത്തി. ജിദ്ദയിലെ കനത്ത മഴയിൽ വെള്ളപ്പൊക്കവും കനത്ത നാശനഷ്ടങ്ങളുമുണ്ടായി. ഇതിനിടെ കോഴിക്കോട് സ്വദേശി പൂക്കാട്ടിൽ കോയക്കുട്ടി (55) ജിദ്ദയിലെ താമസസ്ഥലത്ത് വൈദ്യുത ആഘാതമേറ്റ് മരിച്ചു. താമസസ്ഥലത്ത് കയറിയ വെള്ളം നീക്കുന്നതിനിടെയാണ് വൈദ്യുത ആഘാതമേറ്റത്. മഴക്കൊടുത്തിക്കൊണ്ട് ബുദ്ധിമുട്ടിയ നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. 500ലധികം പേരെ രക്ഷപ്പെടുത്തിയതായി സിവിൽ ഡിഫൻസ് അറിയിച്ചു.

ജിദ്ദയിലെ കനത്ത മഴയില്‍ റോഡുകളിലും ടണലുകളിലും മറ്റും വെള്ളകെട്ടുണ്ടായി. ഇതുമൂലം പലയിടത്തും ഗതാഗത സ്തംഭനം ഉണ്ടായി. ചിലയിടങ്ങളില്‍ വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് തലേന്ന് ഉണ്ടായതിനാല്‍ വിദ്യാലയങ്ങള്‍ക്ക് തലേന്ന് തന്നെ അവധി നല്‍കിയിരുന്നു. ഭൂരിഭാഗ വ്യാപാര സ്ഥാപനങ്ങളും കാലത്ത് അടഞ്ഞു കിടന്ന സമയത്തായിരുന്നു മഴ തുടങ്ങിയത്. ശക്തമായ മഴയോടൊപ്പം ഇടിമിന്നലുണ്ടായി. കാലത്ത് ഒമ്പത് മണിയോടടുത്തായിരുന്നു ചിലയിടങ്ങളില്‍ മഴ ശക്തി വൃാപിച്ചത്. ഇടിമിന്നലേറ്റ് ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാലാവസ്ഥാ നിരീക്ഷണ ഉപകരണത്തിന് കേട്പാട് പറ്റി.

പിന്നീട് കേടുവന്ന മെഷീന്‍ പ്രവര്‍ത്തനക്ഷമായി. ജിദ്ദ വിമാനത്താവളത്തിലിറങ്ങേണ്ടതും പുറപ്പെടേണ്ടതുമായ ഏതാനും വിമാനങ്ങള്‍ കുറച്ചു സമയം റദ്ദ് ചെയ്യുകയും പിന്നിട് പുനരാരംഭിക്കുകയും ചെയ്തു. മഴ കാരണം യാത്രചെയ്യാന്‍ സാധിക്കാതിരുന്നവര്‍ അടിയന്തിരമായും അതാത് വിമാന കമ്പനികളുമായി ബന്ധപ്പെടണമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. സൗദി അറേബ്യന്‍ എയര്‍ലൈന്‍സും യാത്ര റീഷെഡ്യൂള്‍ ചെയ്യുന്നതിനടക്കമുള്ള സൗകര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ജിദ്ദ തുറമുഖത്തിന്റെ പ്രവര്‍ത്തനവും രാവിലെ മൂന്ന് മണിക്കൂറോളം നിര്‍ത്തിവെച്ചിരുന്നു.

ജിദ്ദയിലെ വിവിധ ടണലുകളില്‍ കുടുങ്ങിയവരെ സിവില്‍ ഡിഫെന്‍സ് വിഭാഗം രക്ഷപ്പെടുത്തുകയുണ്ടായി. സുരക്ഷ കണക്കിലെടുത്ത് ജിദ്ദയില്‍ പ്രധാനപ്പെട്ട ചില റോഡുകളും ടണലുകളും അടച്ചിട്ടിരുന്നു. ദുരന്ത നിവാരണത്തിന് നേരത്തെ തന്നെ 1600 ജീവനക്കാരെ രണ്ട് ഷിഫ്റ്റടിസ്ഥാനത്തില്‍ നിയമിച്ചിരുന്നു. മുന്നറിയിപ്പ് അത്യഹിതമൊഴിവാക്കി എന്ന്‍ സിവില്‍ ഡിഫന്‍സ് അധികൃതര്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ