റിയാദ്: റിയാദിലെ സാമൂഹ്യസാംസ്കാരിക പ്രവർത്തകനായ ആർ.മുരളീധരന് റിഫയുടെ (റിയാദ് ഇന്ത്യൻ ഫ്രണ്ട്ഷിപ് അസോസിയേഷൻ) ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. റിഫയുടെ സ്ഥാപക സെക്രട്ടറിയായും പ്രസിഡന്റായും ഭരണസമിതി അംഗമായും വിവിധ കാലയളവുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. റിഫ പ്രസിഡന്റ് ജിമ്മി പോൾസൺ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പൊതുസമൂഹത്തിന്റെ വിവിധ തലങ്ങളിൽപ്പെട്ട നിരവധി പ്രമുഖർ പങ്കെടുത്ത് ആശംസകളർപ്പിച്ചു.

വ്യവസ്ഥാപിത സാമൂഹ്യസാംസ്കാരിക പ്രവർത്തനങ്ങളിലെ വാർപ്പ് ചിട്ടകളിൽ നിന്നും മാറി വേറിട്ട വഴിയിൽക്കൂടി സഞ്ചരിച്ച വ്യക്തിയായിരുന്നു ആർ.മുരളീധരനെന്ന് ചടങ്ങിൽ പങ്കെടുത്തവർ പറഞ്ഞു. എംബസിയോടും കേന്ദ്രസംസ്ഥാന സർക്കാരുകളോടും മറ്റ് അധികാരകേന്ദ്രങ്ങളോടും സഹകരിക്കുന്നതിനോടൊപ്പം നിരന്തരം കലഹിച്ചും പോരാടിയും പ്രവാസികളുടെ ന്യായമായ ആവശ്യങ്ങൾക്കുവേണ്ടി മുരളീധരൻ നിലകൊണ്ടു. ഭരണകേന്ദ്രങ്ങളിൽ നിന്ന് നീതിനിഷേധം ഉണ്ടാകുന്ന അവസരങ്ങളിൽ രാജ്യത്തെ കോടതികളിൽക്കൂടി പ്രവാസികൾക്ക് നീതി ഉറപ്പാക്കുന്നതിനുവേണ്ടി പ്രയത്നിച്ചു. പൊതുപ്രവർത്തനമെന്ന പേരിൽ നടക്കുന്ന പതിവ് കെട്ടുകാഴ്ചകളിൽ നിന്നും വ്യക്തിഗത സേവനങ്ങളിൽ നിന്നും വേറിട്ട് പ്രവാസി സമൂഹത്തിന് മൊത്തമായി ഗുണകരമാകുന്ന പ്രവർത്തനങ്ങളിലാണ് മുരളീധരൻ കൂടുതലായും ഏർപ്പെട്ടിരുന്നത്. അതുപോലെ സാധാരണ പൊതുപ്രവർത്തകരിൽ നിന്നും വ്യത്യസ്തമായി എഴുത്തിന്റെയും വായനയുടെയും കലാസ്വാദനത്തിന്റെയും വേറിട്ട പന്ഥാവുകൾ തുറക്കാനും മുരളീധരനായി. സാഹിത്യ-സിനിമാസ്വാദന ശില്പശാലകൾ റിഫയുടെ ആഭിമുഖ്യത്തിൽ മുൻകാലങ്ങളിൽ സംഘടിപ്പിച്ചിട്ടുള്ളത് അതിനുദാഹരണമാണ്. താൻ വായിച്ച പുസ്തകങ്ങളെക്കുറിച്ചും കണ്ട സിനിമകളെക്കുറിച്ചും ആസ്വാദനങ്ങളും വിമർശനങ്ങളും എഴുതി നിരന്തരം സാമൂഹ്യമാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.

അനധികൃത റിക്രൂട്ടിങ് ഏജൻസികൾക്കെതിരെയും പാവപ്പെട്ട പ്രവാസികളെ ചതിക്കുഴികളിൽ ചാടിക്കുന്ന ഏജന്റുമാർക്കെതിരെയും എംബസ്സിയുടെ സഹകരണത്തോടെ ശക്തമായ നിലപാടെടുത്തു. ഗാർഹിക തൊഴിലാളികളെയും വീട്ടുജോലിക്കാരികളെയും മറ്റ് സാധാരണ തൊഴിലാളികളായ പ്രവാസികളെയും വഞ്ചിച്ചുകൊണ്ടിരുന്ന നിരവധി റിക്രൂട്ട്മെന്റ് ഏജൻസികളെ ബ്ളാക്ക് ലിസ്റ്റിൽപെടുത്തി അവരുടെ ലൈസൻസ് റദ്ദാക്കാനും കഴിഞ്ഞിട്ടുണ്ട്.

ആർ.മുരളീധരൻ സംസാരിക്കുന്നു

ജയിലിലടക്കപ്പെടുന്നവർ കുറ്റവാളികളായിരിക്കും അല്ലെങ്കിൽ സാമൂഹ്യവിരുദ്ധരായിരിക്കും എന്ന പൊതുബോധത്തിൽ പെട്ട് അവരെ സഹായിക്കാൻ ഇതര സാമൂഹ്യപ്രവർത്തകർ വിമുഖത കാണിക്കുമ്പോൾ വ്യക്തികളുടെ കുറ്റകൃത്യങ്ങൾ പരിഗണിക്കാതെ അവരുടെ മോചനത്തിനുവേണ്ടി സർവാത്മനാ മുന്നിട്ടിറങ്ങുന്ന മുരളീധരന്റെ സമീപനം മനുഷ്യസ്നേഹത്തിൽ നിന്നും ഉടലെടുക്കുന്നതാണ്.

എംബസി കോൺസുലേറ്റ് തുടങ്ങിയ അധികാരകേന്ദ്രങ്ങളിൽ നിന്നും പ്രവാസികൾക്കുനേരെ ഉണ്ടാവുന്ന അലംഭാവത്തിനും നീതിനിഷേധത്തിനുമെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ അത്തരം സ്ഥാപനങ്ങളുടെ അധികാരികളിൽനിന്നുമുണ്ടായ പ്രതികാരനടപടികളിൽ ഒട്ടും പതറാതെ നിശ്ചയ ദാർഢ്യത്തോടെ അതിനെയെല്ലാം അദ്ദേഹം നേരിട്ടുകൊണ്ട് ഇപ്പോഴും കർമ്മനിരതനാണ്.

സൗദി അറേബിയയിലും ഗൾഫ് മേഖലയിലും താൻ നടത്തിയ പൊതുപ്രവർത്തനത്തിൽനിന്നും ആർജ്ജിച്ചെടുത്ത അനുഭവസമ്പത്ത് നാട്ടിലേക്ക് പോയാലും പ്രവാസികൾക്കുവേണ്ടി വിനിയോഗിക്കുമെന്ന് മറുപടി പ്രസംഗത്തിൽ മുരളീധരൻ പറഞ്ഞു. പ്രവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും കൈക്കൊള്ളേണ്ടത് കേന്ദ്ര സംസ്ഥാന സർക്കാരുകളും അസംബ്ലിയിലും പാർലമെന്റിലുമുള്ള ജനപ്രതിനിധികളുമാണെന്നും എന്നാൽ പ്രവാസികളുടെ യാഥാർത്ഥ അവസ്ഥ അവരെ യഥാവിധി ബോധ്യപ്പെടുത്തുന്നതിൽ തങ്ങൾ എത്രമാത്രം വിജയിച്ചിട്ടുണ്ടെന്ന് ഗൾഫിലെ പ്രവാസിസംഘടനകൾ ആത്മപരിശോധന നടത്തണമെന്നും മുരളീധരൻ പറഞ്ഞു.

നിബു മുണ്ടിയപ്പള്ളി, ഷീബ രാജു ഫിലിപ്പ്, ഷക്കീല വഹാബ്, ഷെറിൻ വർഗ്ഗീസ്, ജയചന്ദ്രൻ നെരുവംബ്രം, ഇക്‌ബാൽ കൊടുങ്ങല്ലൂർ, ജോസഫ് അതിരുങ്കൽ, ബിജു മുല്ലശ്ശേരി, സലിം മാഹി, റാഫി പാങ്ങോട്, ജയൻ കൊടുങ്ങല്ലൂർ, വിജയ് കുമാർ, ഫൈസൽ കൊണ്ടോട്ടി, ദേവദാസ് കടഞ്ചേരി, മാള മൊഹിയുദ്ദീൻ, ബഷീർ പാങ്ങോട്, രാജു ഫിലിപ്പ്, നാസ്സർ കാരന്തുർ, ജയശങ്കർ പ്രസാദ്, ഉബൈദ് എടവണ്ണ, ബാലചന്ദ്രൻ നായർ, റസൂൽ സലാം, സത്താർ കായംകുളം, കുമ്മിൾ സുധീർ, ഉദയഭാനു, സിദ്ദിക് നിലമ്പൂർ, ലത്തീഫ് തെച്ചി, ഷിബു ഉസ്മാൻ, ജേക്കബ് കരത്ര തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കെ.പി.ഹരികൃഷ്ണൻ സ്വാഗതവും ദേവദാസ് പൊന്നാനി നന്ദിയും പറഞ്ഞു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook