മനാമ: ദാറുല്‍ ഈമാൻ കേരള വിഭാഗം സൂറത്ത് ലുഖ് മാൻ അടിസ്ഥാനപ്പെടുത്തി റമസാനിൻ നടത്തിയ ഖുര്‍ആൻ വിജ്ഞാന മല്‍സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനം നസീറ ഷംസുദ്ദീനും രണ്ടാം സ്ഥാനം ഹേബ നജീബും കരസ്ഥമാക്കി. 80 ഓളം പേര്‍ പങ്കെടുത്ത എഴുത്തു പരീക്ഷയില്‍ പങ്കെടുത്തവര്‍ക്കും ഉന്നത വിജയം നേടിയവര്‍ക്കും കണ്‍വീനര്‍ സി.ഖാലിദും കോര്‍ഡിനേറ്റര്‍ സജീര്‍ കുറ്റ്യാടിയും പ്രത്യേകം ആശംസകൾ അറിയിച്ചു. ഒന്നാം സമ്മാനം ഒരു പവന്‍ സ്വര്‍ണവും രണ്ടാം സമ്മാനം 50 ദിനാറുമാണ്. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ജൂണ്‍ 30ന് നടക്കുന്ന പൊതുപരിപാടിയിൽ വിതരണം ചെയ്യുന്നതാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇബ്നുല്‍ ഹൈഥം സ്കൂളില്‍ നടന്ന വിജ്ഞാനപ്പരീക്ഷക്ക് എ.എം ഷാനവാസ്, സി.എം.മുഹമ്മദലി, യുനുസ് സലീം തുടങ്ങിയവർ നേതൃത്വം നല്‍കി.

സമസ്ത ബഹ്റൈന്‍ മദ്റസകള്‍ ബുധനാഴ്ച തുറക്കും
മനാമ: ബഹ്റൈനിലെ സമസ്ത മദ്‌റസകള്‍ റമസാന്‍ അവധി കഴിഞ്ഞ് ജൂലൈ 5 (ബുധനാഴ്ച) മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സമസ്ത ബഹ്റൈന്‍ റേഞ്ച് ഭാരവാഹികള്‍ അറിയിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത ബഹ്റൈനിലെ മനാമ, റഫ, ഗുദൈബിയ, മുഹര്‍റഖ്, ഹൂറ, ജിദാലി, ഹമദ് ടൗണ്‍, ഹിദ്ദ്, ബുദയ്യ, ഉമ്മുല്‍ ഹസം തുടങ്ങി പത്ത് ഏരിയകളിലായി പ്രവര്‍ത്തിക്കുന്ന സമസ്ത മദ്റസകളിലാണ് ബുധനാഴ്ച മുതല്‍ പുതിയ അധ്യായന വര്‍ഷം ആരംഭിക്കുന്നത്.

ഇതോടനുബന്ധിച്ച് പുതുതായി അഡ്മിഷന്‍ തേടുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രവേശനോത്സവവും അന്നേദിവസം വിവിധ മദ്റസകളിലായി നടക്കും. മനാമയിലെ ഇര്‍ശാദുല്‍ മുസ്ലിമീന്‍ കേന്ദ്ര മദ്റസയിലെ പ്രവേശനോത്സവം ബുധനാഴ്ച വൈകിട്ട് 5മണിക്ക് സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫക്റുദ്ദീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പുതിയ കുട്ടികള്‍ക്കുള്ള അഡ്മിഷനും അന്നേ ദിവസം മുതല്‍ ആരംഭിക്കും. ‘നേരറിവ് നല്ല നാളേക്ക്’ എന്നതാണ് ഈ വര്‍ഷത്തെ പ്രവേശനോത്സവത്തിന്റെ പ്രമേയം. കേരളത്തിലെ സമസ്തയുടെ മുഴുവന്‍ മദ്റസകളിലും ചൊവ്വാഴ്ചയാണ് പ്രവേശനോത്സവങ്ങള്‍‍ നടക്കുന്നത്.

കേരളത്തിനകത്തും പുറത്തും സമസ്തയുടെ അംഗീകാരമുള്ള 9709 മദ്‌റസകളിലായി 12 ലക്ഷത്തോളം കുട്ടികളാണ് ഇത്തവണ റമസാന്‍ അവധിക്കു ശേഷം മദ്‌റസകളിലെത്തുന്നത്. ബഹ്റൈനിലെ സമസ്ത മദ്റസകളില്‍ അഡ്മിഷന്‍ നേടാനും വിശദ വിവരങ്ങള്‍ക്കും അതാത് ഏരിയാ കമ്മറ്റികളുമായി ബന്ധപ്പെടേണ്ടതാണ്. 33450553 (മനാമ), 39164163 (റഫ), 33257944 (ഗുദൈബിയ), 33007296 (മുഹറഖ്), 39799527 (ഹൂറ), 33486275 (ജിദാലി), 34525038 (ഹിദ്ദ്), 35930262 (ഹമദ്ടൗണ്‍), 33505806 (ഉമ്മുല്‍ ഹസം), ബുദയ്യ-38055706.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ