ദോഹ: കരാര്‍ കാലാവധി അവസാനിച്ച തൊഴിലാളികള്‍ക്കു ഖത്തറിൽ പുതിയ സ്‌ഥാപനങ്ങളിലേക്കു മാറുന്നതിനുള്ള വ്യവസ്‌ഥകള്‍ തൊഴില്‍ സാമൂഹ്യകാര്യ മന്ത്രാലയം ലഘൂകരിച്ചു. 60 വയസിനു മുകളിലുള്ളവര്‍ക്കു തൊഴില്‍ മാറുന്നതിനുള്ള വിലക്ക് നീക്കി. കൂടുതല്‍ തൊഴിലാളികള്‍ക്ക്‌ ഗുണപ്രദമാകുന്ന രീതിയിലുള്ള മാറ്റങ്ങളാണ്‌ മന്ത്രാലയം ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നത്‌.

മുന്‍ വ്യവസ്‌ഥപ്രകാരം ഒരാള്‍ക്കു തൊഴില്‍ മാറാന്‍ പുതിയ കമ്പനിയില്‍ അയാള്‍ക്കു നിലവിലുണ്ടായിരുന്ന, അതേ വിഭാഗത്തില്‍പെട്ട വീസ തന്നെ വേണമായിരുന്നു. ഒരേ ദേശീയത, ഒരേ പ്രഫഷന്‍, ഒരേ ലിംഗം എന്നീ വ്യവസ്ഥകളാണ് ഇപ്പോള്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിന്നു നീക്കം ചെയ്‌തിരിക്കുന്നത്‌. 60 വയസിനു മുകളിലുള്ളവര്‍ ജോലിമാറ്റത്തിന്‌ അര്‍ഹരല്ലെന്ന വ്യവസ്‌ഥയും വെബ്‌സൈറ്റില്‍ നിന്നു മാറ്റിയിട്ടുണ്ട്‌.

പുതിയ കമ്പനിയിലേക്കു മാറാന്‍ ആഗ്രഹിക്കുന്നവര്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ `വര്‍ക്കര്‍ നോട്ടീസ്‌ ഇ-സര്‍വീസ്‌` എന്ന ലിങ്കിലൂടെ സേവനം ഉപയോഗപ്പെടുത്താം. ഓണ്‍ലൈനില്‍ ജോലിമാറ്റത്തിന്‌ സാങ്കേതിക ബുദ്ധിമുട്ടു നേരിടുന്നവര്‍ക്ക്‌ മന്ത്രാലയത്തിന്റെ ഹെൽപ്‌ലൈന്‍ നമ്പറില്‍(40288888) സഹായം തേടാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ