ദോഹ: ഖത്തറിനെതിരെ വിവിധ ജിസിസി രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ “ചാലിയാർ ദോഹ” യുടെ നേതൃത്വത്തിൽ “ഖത്തർ ഐക്യദാർഢ്യ സംഗമം” നടത്തി. ഒരു രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഉപരോധം തികഞ്ഞ നീതി നിഷേധമാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. തങ്ങൾ ഖത്തറിനോടൊപ്പമാണെന്നു ഉദ്ഘോഷിച്ചുകൊണ്ടും ഖത്തർ അമീറിനും ഭരണകൂടത്തിനും പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുമുള്ള പ്ലക്കാർഡുകളുമായിട്ടാണ് അംഗങ്ങൾ സംഗമത്തിൽ പങ്കെടുത്തത്.

ഖത്തറിനെ സ്വയം പര്യാപ്തതയിൽ എത്തിക്കുന്നതിനായി ചാലിയാർ ദോഹയും ആവുന്നത്ര പരിശ്രമിക്കുന്നതാണ്. അതിന്റെ ഭാഗമെന്നോണം ചാലിയാർ ദോഹയുടെ നേതൃത്വത്തിൽ വിവിധ ജൈവ കാർഷിക വിളകൾ ഉൽപാദിപ്പിക്കാനുള്ള കൃഷിയിടങ്ങൾ തുടങ്ങാനും കൂടാതെ വീടുകൾ കേന്ദ്രീകരിച്ചുള്ള അടുക്കളത്തോട്ടങ്ങൾ തുടങ്ങാനുള്ള പരിശീലനം, മണ്ണ്, വളം തുടങ്ങിയവ നൽകുകയും ചെയ്യുന്നതാണ്. ഇത്തരത്തിലുള്ള അടുക്കള തോട്ടങ്ങളിൽ ഏറ്റവും നല്ലതിന് സ്വർണനാണയം സമ്മാനമായും നൽകുന്നതാണ്. കൂടാതെ എല്ലാ തോട്ടങ്ങളിലെയും വിളകൾ കേന്ദ്രീകരിച്ചുകൊണ്ട് വിളവെടുപ്പുത്സവവും വിപണനവും നടത്തുന്നതാണ്.

ചാലിയാർ ദോഹ പ്രസിഡന്റ് മഷ്ഹൂദ് തിരുത്തിയാട് ഐക്യദാർഢ്യ സംഗമം ഉദ്ഘാടനം ചെയ്തു. അബ്ദുൽ ലത്തീഫ് ഫറോക്ക് അധ്യക്ഷനായിരുന്നു. കൃഷി പരിശീലനം, അടുക്കളത്തോട്ടം എന്നിവയെ പറ്റി അജ്‌മൽ അരീക്കോട്, ഹസീബ് ആക്കോട്, ശാലീന രാജേഷ് എന്നിവർ സംസാരിച്ചു. വിവിധ പഞ്ചായത്തുകളെ പ്രതിനിധീകരിച്ചു അബി ചുങ്കത്തറ, രാജേഷ് നിലമ്പുർ, മനാഫ് എടവണ്ണ, ലയിസ് കുനിയിൽ, നൗഷാദ് പിപിസി, രതീഷ് കക്കോവ്, സുബൈർ പന്തീരങ്കാവ്, ബാസിൽ, ഷുക്കൂർ മണക്കടവ്, ആസിഫ് കോട്ടുപാടം, ഷഫീഖ് ചെറുവണ്ണൂർ, ജാബിർ ബേപ്പൂർ, റഫീഖ് കാരാട്, അലി അക്ബർ ഫറോക്ക്, രഘുനാഥ്, അസീസ് ബേപ്പൂർ, ബഷീർ ഒളവണ്ണ, റയീസ് എന്നിവർ സംസാരിച്ചു. സിദ്ദിഖ് വാഴക്കാട് സ്വാഗതവും സമീൽ ചാലിയം നന്ദിയും പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ