ദോഹ: ഖത്തറില്‍ സ്ഥിരതാമസാനുമതിയുള്ള പ്രവാസികളുടെ ആണ്മക്കള്ക്കും ഇനി സ്പോണ്‍സര്‍ഷിപ്പ് മാറാതെ സ്വകാര്യമേഖലയില്‍ ജോലി ചെയ്യാം. ആഭ്യന്തരമന്ത്രാലയും ഭരണവികസന, തൊഴില്‍-സാമൂഹ്യ മന്ത്രാലയവും ചേര്‍ന്നാണ് മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനു പ്രവാസികള്‍ക്ക് ഗുണകരമാകുന്ന ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
നിലവില്‍ പ്രവാസി കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്കു മാത്രമാണു ഖത്തറില്‍ സ്പോണ്‍സര്‍ഷിപ്പ് മാറാതെ ജോലി ചെയ്യാന്‍ അവസരമുള്ളത്. 2015ലെ 21-ാം തൊഴില്‍നിയമത്തിലെ പതിനേഴാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ടാണ് പ്രവാസി കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഏതു തൊഴിലുടമയുടെ കീഴിലും റസിഡന്‍സ് മാറാതെ ജോലി ചെയ്യാനുള്ള അവസരമാണ് ഒരുക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
Also Read: സൗദിയില്‍ അക്കൗണ്ടന്റുമാര്‍ക്ക് അറ്റസ്റ്റ് ചെയ്യാത്ത സര്‍ട്ടിഫിക്കറ്റും റജിസ്റ്റര്‍ ചെയ്യാം
സ്വകാര്യമേഖലയിലെ ചില ജോലികള്‍ക്ക് താല്‍ക്കാലിക വിസ, ആഭ്യന്തരമന്ത്രാലയം ഓണ്‍ലൈന്‍ വഴി നല്കുന്ന സേവനങ്ങള്‍ക്കുള്ള ഫീസില്‍ 20 ശതമാനം കുറവ് എന്നീ പരിഷ്കാരങ്ങളും ആഭ്യന്തരമന്ത്രാലയ, തൊഴില്‍-സാമൂഹ്യ മന്ത്രാലയ അധികൃതര്‍ പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. സ്വകാര്യ കമ്പനികള്‍, വ്യാപാര സ്ഥാപനങ്ങള്‍, ലൈസന്‍സുള്ള മറ്റു സ്ഥാപനങ്ങള്‍ എന്നിവയ്ക്കു താല്‍ക്കാലിക വിസ അനുവദിക്കും.
പ്രവാസികളുടെ ആണ്മക്കള്ക്കു സ്പോണ്‍സര്‍ഷിപ്പ് മാറാതെ സ്വകാര്യമേഖലയില്‍ ജോലി ചെയ്യാന്‍ കുടുംബനാഥന്റെ രേഖാമൂലമുള്ള അനുമതി പത്രം ഹാജരാക്കി ആഭ്യന്തര മന്ത്രാലയത്തില്‍നിന്ന് പെര്‍മിറ്റ് നേടണം. പെര്‍മിറ്റിന് ആവശ്യമായ ഫീസ് അടച്ച് ഖത്തര്‍ വിസ കേന്ദ്രങ്ങള്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. തൊഴില്‍ മന്ത്രാലയത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ആഭ്യന്തര മന്ത്രാലയമാണു വിസ അനുവദിക്കുക.
Also Read: ബഹിരാകാശത്തുനിന്നുളള ദുബായ്യുടെ ചിത്രങ്ങൾ പങ്കുവച്ച് അൽമൻസൂരി
താല്‍ക്കാലിക തൊഴില്‍ വിസ ലഭിക്കാന്‍ ഒരു മാസത്തേക്കു 300 ഖത്തര്‍ റിയാലാണു ഫീസ്. രണ്ടു മാസത്തേക്ക് 500 റിയാല്‍. മൂന്നു മുതല്‍ ആറു മാസം വരെയുള്ള വിസയ്ക്ക് ഓരോ മാസത്തിനും 200 റിയാലാണു ഫീസ്.
പുതിയ ഭേദഗതികള്‍ ഖത്തറില്‍ തൊഴില്വിപണിക്കു വളരെയധികം ഗുണംചെയ്യുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തിന്റെ 2018ലെ കണക്കുപ്രകാരം ഏഴുലക്ഷത്തോളം ഇന്ത്യക്കാരാണു ഖത്തറിലുള്ളത്.