ദോഹ: ഖത്തറിൽ പ്രവാസികളടക്കമുള്ള താമസക്കാർക്കും സന്ദർശകർക്കും അടിസ്ഥാന ആരോഗ്യ സേവനങ്ങള്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കരട് നിയമത്തിന് മന്ത്രിസഭ അനുമതി നൽകി. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്ലസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

തീരുമാനം ഷൂറ കൗൺസിലിന്റെ പരിഗണനയ്ക് വിടുമെന്ന് യോഗത്തിന് ശേഷം നീതിന്യായ മന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായി ഡോഇസ്സ ബിൻ സാദ് അൽ ജഫാലി അൽ നുയിമി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സമഗ്രവും ഉയർന്ന നിലവാരമുള്ളതും കാര്യക്ഷമവും സുസ്ഥിരവുമായ ആരോഗ്യ സംവിധാനം പ്രദാനം ചെയ്യുന്നതിനാണ് കരട് നിയമം ലക്ഷ്യമിടുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.

Read More: പാസ്പോർട്ടിന് പകരം മുഖം നോക്കി തിരിച്ചറിയൽ; സ്മാർട്ട് ട്രാവൽ സംവിധാനവുമായി ദുബായ് വിമാനത്താവളം

സർക്കാർ, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ ആരോഗ്യ സേവനങ്ങൾ നൽകുന്നതിന് ആവശ്യമായ നയങ്ങൾ, പദ്ധതികൾ, നടപടിക്രമങ്ങൾ, സംവിധാനങ്ങൾ, മാനദണ്ഡങ്ങൾ എന്നിവ സ്ഥാപിക്കുന്നത് കരട് നിയമത്തിന്റെ പരിധിയിൽ പെടും. സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ പൗരന്മാർക്ക് നിരക്ക് ഈടാക്കാതെ ആരോഗ്യ സേവനങ്ങൾ നൽകാനും യോഗം തീരുമാനിച്ചു.

മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നത് പഠിക്കാൻ താൽക്കാലിക ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിനായി ഡ്രൈവിംഗ് സ്കൂളുകളിലെ ട്രെയിനികളെ പുതുക്കൽ ഫീസിൽ നിന്ന് ഒഴിവാക്കാനുള്ള ആഭ്യന്തര മന്ത്രിയുടെ കരട് തീരുമാനത്തിനും യോഗത്തിൽ അംഗീകാരം നൽകി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook