ദോഹ: ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുള്‍ അസീസ് അല്‍ താനി ഖത്തറിന്റെ പുതിയ പ്രധാനമന്ത്രി. ഷെയ്ഖ് ഖാലിദിനെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചുകൊണ്ട് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഉത്തരവ് പുറപ്പെടുവിച്ചതായി ഖത്തര്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു.
ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ഖലീഫ അല്‍ താനിയുടെ പിന്‍ഗാമിയായാണ് അന്‍പത്തിയൊന്നുകാരനായ ഷെയ്ഖ് ഖാലിദ് പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്. ഷെയ്ഖ് അബ്ദുല്ലയുടെ രാജി അമീര്‍ സ്വീകരിച്ചു. പ്രധാനമന്ത്രി പദവിക്കു പുറമെ ആഭ്യന്തര മന്ത്രിയുടെ ചുമതലയും ഷെയ്ഖ് ഖാലിദ് വഹിക്കും. അതേസമയം വിദേശ, ഊര്‍ജ, സാമ്പത്തിക, പ്രതിരോധ, വ്യാപാര മന്ത്രിമാര്‍ക്കു മാറ്റമില്ല.
Read Also: കൊറോണ വൈറസ്: ചൈനയിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ നടപടികൾ തുടങ്ങി
ഷെയ്ഖ് ഖാലിദ് അമീറിനു മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉപ അമീര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ താനിയും പങ്കെടുത്തു. അമീറുമായി ഏറ്റവും അടുപ്പമുള്ളയാളാണു പുതിയ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ്. അമീറിന്റെ ഭരണനിർവണ ഓഫീസായ അമീരി ദിവാന്റെ തലവനായി പ്രവർത്തിച്ചുവരികയായിരുന്നു അദ്ദേഹം.
ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ അമേരിക്കയില്‍നിന്നു ബിരുദം നേടിയ ഷെയ്ഖ് ഖാലിദ് ഖത്തര്‍ ലിക്വിഫൈഡ് ഗ്യാസ് കമ്പനിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തുടര്‍ന്ന് പ്രഥമ ഉപ പ്രധാനമന്ത്രിയുടെയും വിദേശകാര്യ മന്ത്രിയുടെയും ഓഫീസിലും പ്രവര്‍ത്തിച്ചു.
ആഭ്യന്തര സുരക്ഷാ സേനയുടെ പുതിയ കമാന്‍ഡറായി അബ്ദുള്‍ അസീസ് ബിന്‍ ഫൈസല്‍ ബിന്‍ മുഹമ്മദ് അല്‍ താനിയെയും അമീര്‍ നിയമിച്ചു. അതേസമയം, താന്‍ പ്രധാനമന്ത്രിയായിരുന്ന കാലത്ത് നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അമിറിനു ഷെയ്ഖ് അബ്ദുല്ല ട്വിറ്ററില്‍ നന്ദിപ്രകടിപ്പിച്ചു.