Kerala Floods: കേരളത്തിലെ കനത്ത പ്രളയബാധയെ തുടർന്ന് യു എ ഇയിലെ സ്കൂളുകൾ തുറക്കുന്നത് നീട്ടി വെയ്ക്കണമെന്ന് മലയാളി സമൂഹം അഭ്യർത്ഥിച്ചു. രക്ഷിതാക്കളും അധ്യാപകരും യു എ ഇ യിലെ സ്കൂളുകൾ തുറക്കുന്നത് നീട്ടിവെയ്ക്കണമെന്ന് അധികൃതരോട് അഭ്യർത്ഥിച്ചതായാണ് റിപ്പോർട്ട്.
കേരളത്തിലെ പ്രളയബാധയെ തുടർന്ന് യു എ ഇയിൽ ജീവിക്കുന്ന മലയാളികളിൽ മുപ്പതിനായിരത്തോളം കുടുംബങ്ങൾ കേരളത്തിലെ വിവിധ ദുരിതാശ്വാസ ക്യാംപുകളിലാണ്. ഈ സാഹചര്യത്തിലാണ് യു എ ഇയിലെ സ്കൂളുൾ തുറക്കുന്നത് മാറ്റിവെയ്ക്കണമെന്ന അഭ്യർത്ഥന യു എ ഇ യിലെ മലയാളി സമൂഹം അധികൃതർക്ക് മുന്നിൽ വച്ചത്.
കേരളത്തിലുണ്ടായ പ്രളയ ദുരന്തത്തെ തുടർന്ന് ഉണ്ടായ ജീവഹാനിയും മറ്റ് നഷ്ടങ്ങളും ചൂണ്ടിക്കാണിച്ചാണ് അവർ അധികൃതരോട് ഈ ആവശ്യം ഉന്നയിച്ചത്.
കേരളത്തിൽ നിന്നും യു എ ഇയിലേയ്ക്കുളള പ്രധാന വിമാനമാർഗ കവാടമായിരുന്ന കൊച്ചി രാജ്യാന്തര വിമാനത്തവളം (സിയാൽ) വെളളപ്പൊക്കത്തെ തുടർന്ന് അടച്ചിട്ടു. അതിനാൽ നിരവധി പേർക്ക് തിരികെ യു എ ഇയിലേയ്ക്ക് ഉൾപ്പടെ ഒട്ടേറെ രാജ്യങ്ങളിലേയ്ക്ക് മടങ്ങാനായിട്ടില്ലെന്നാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്. കൊച്ചി വിമാനത്താവളം നാളെ തുറക്കും.
അപ്രതീക്ഷിതവും കടുത്തതുമായ ആഘാതമാണ് കുട്ടികൾക്കും മുതിർന്നവർക്കും ഈ പ്രളയ ദുരന്തത്തിലൂടെ സംഭവിച്ചിരിക്കുന്നത്. 370 ഓളം പേരാണ് ദുരന്തത്തിൽ മരണമടഞ്ഞത്. പത്ത് ലക്ഷത്തിലേറെ പേർക്ക് കിടപ്പാടം പോലും നഷ്ടമായി. ഈ ദുരന്തത്തിൽനിന്നും കരകയറാൻ കുട്ടികൾക്ക് കുറച്ച് സമയം അനുവദിക്കണമെന്നാണ് സ്കൂൾ തുറക്കൽ നീട്ടിവെയ്ക്കണമെന്ന ആവശ്യത്തിന് മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
സെപ്തംബർ രണ്ട് ഞായറാഴ്ചയാണ് സ്കൂൾ തുറക്കാനിരുന്നത്. അധ്യാപകരായിട്ടുളളവർ ഈ ആഴ്ച തന്നെ സ്കൂളിൽ ഡ്യൂട്ടിക്കായി എത്തിച്ചേരേണ്ടതാണ്.
സ്കൂൾ തുറക്കുന്നത് കുറഞ്ഞത് ഒരാഴ്ചയെങ്കിലും നീക്കിവെയ്ക്കാൻ അധികൃതരോട് അഭ്യർത്ഥിക്കാൻ തയ്യാറാകണമെന്ന് ഇന്ത്യയിലെ യു എ ഇ അംബാസിഡറോട് അഭ്യർത്ഥിച്ചതായി ഫുജൈറായിലെ കേരള മുസ്‌ലിം കൾച്ചറൽ സെന്റർ (കെ എം സിസി) നേതാവ് പുത്തൂർ റഹ്മാനെ ഉദ്ധരിച്ച് ‘ദ് നാഷണൽ’ റിപ്പോർട്ട് ചെയ്യുന്നു.
യു എ ഇയിലെ താമസക്കാരായ പതിനായിരം കുട്ടികൾ ഉൾപ്പെടുന്ന 30,000 കുടുംബങ്ങൾ പ്രളയ ബാധയെ തുടർന്ന് കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലാണിപ്പോളെന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായ പുത്തൂർ റഹ്മാൻ പറയുന്നു.
ദുരിതാശ്വാസ ക്യാംപുകളിലുളള അധ്യാപകരും രക്ഷിതാക്കളും ഈ വിഷയം പറഞ്ഞ് തന്നെ വിളിക്കുന്നതായും അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടില്‍ പറയുന്നു.
തന്റെ വീട്ടിലും വെളളപ്പൊക്കം ബാധിച്ചു. കഴിഞ്ഞ മൂന്ന് ദീവസമായി വീട് വൃത്തിയാക്കാനുളള യത്നമാണ് നടക്കുന്നത്. മഴവെളളം ഉയർന്നപ്പോൾ അഭയം തേടിയ പാമ്പുകളുണ്ട് അവയെ കൂടെ ശ്രദ്ധിച്ചുവേണം വൃത്തിയാക്കൽ നടത്താനെന്നും അദ്ദേഹം പറയുന്നു.
സ്കുൾ തുറക്കുമ്പോള്‍ എത്തിയില്ലെങ്കിൽ അവരുടെ ആ മാസത്തെ ശമ്പളം നഷ്ടമാകുമെന്നാണ് അധ്യാപകർ പറയുന്നത്. നിലവിലത്തെ സാഹചര്യത്തിൽ കേരളത്തിൽ നിന്നും മടങ്ങിപ്പോകാൻ സാധിക്കില്ല. എല്ലാം തകർന്ന, കുടിവെള്ളം പോലും ഇല്ലാത്ത അന്തരീക്ഷത്തിൽ നിന്നും എങ്ങനെയാണ് മടങ്ങി പോകാൻ സാധിക്കുന്നതെന്ന് അവർ ചോദിക്കുന്നു.
അതിഭീകരമായ ആഘാതമാണ് കേരളത്തിലെ പ്രളയം മലയാളികൾക്ക് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഷാർജാ ഇന്ത്യൻ സ്കൂളിലെ പ്രിൻസിപ്പൽ ആന്റണി ജോസഫിനെ ഉദ്ധരിച്ച് നാഷണൽ റിപ്പോർട്ട് ചെയ്യുന്നു. കേരളത്തിലെ പ്രളയക്കെടുതിയിൽ നിന്നും ഒരു വിധം തിരികെ ദുബൈയിൽ എത്താൻ കഴിഞ്ഞയാളാണ് ആന്റണി ജോസഫ്. സ്കൂൾതുറക്കുന്നത് നീട്ടിവെയ്ക്കണമെന്ന് അഭ്യർത്ഥിച്ച് ഒട്ടേറെ അപേക്ഷ ലഭിക്കുന്നതായി അദ്ദേഹം പറഞ്ഞു.