റിയാദ്: മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ളയ്ക്ക് ശ്രദ്ധാഞ്ജലിയായി ചില്ല സർഗവേദിയുടെ ഒത്തുചേരല്‍. “സർഗാത്മകതയുടെ മരുന്ന്” എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടി റഫീഖ് പന്നിയങ്കര ഉദ്ഘാടനം ചെയ്തു. ലളിതവും അനാർഭാടവുമായ ആഖ്യാനഭാഷയിലൂടെ ഏറ്റവും സൂക്ഷ്മമായ അനുഭവ വ്യാഖ്യാനങ്ങൾ സാധ്യമാക്കിയതാണ് പുനത്തിൽ കൃതികളെ വേറിട്ട് നിർത്തുന്നതെന്ന് റഫീഖ് പറഞ്ഞു. ‘പുനത്തിലിന്റെ ബദൽ ജീവിതം’ എന്ന പുസ്തകത്തിന്റെ വായന റഫീഖ് നടത്തി.

തന്റെ ഗ്രാമത്തിന്റെ പ്രാക്തന സൗന്ദര്യം ആവിഷ്‌കരിച്ച പുനത്തിലിന്റെ നോവൽ ‘സ്മാരകശിലകൾ’ കാലങ്ങൾ അതിജീവിക്കുമെന്ന് പുസ്തകാസ്വാദനം നടത്തിക്കൊണ്ട് ഇഖ്ബാൽ കൊടുങ്ങല്ലൂർ പറഞ്ഞു. നോവലിലെ അധഃസ്ഥിതരും നിർധനരുമായ കഥാപാത്രങ്ങൾ പുനത്തിലിന്റെ മനുഷ്യോന്മുഖമായ രാഷ്ട്രീയബോധത്തിന് അടിവരയിടുന്നവരാണെന്നും, മനുഷ്യന്റെ ഇരുവശങ്ങളെ കാണുമ്പോള്‍ത്തന്നെ ചെറുനന്മകളിലും പുനത്തില്‍ വിശ്വസിക്കുന്നുണ്ടെന്ന് നോവലിലെ ഫ്യൂഡൽ കർതൃത്വമായെത്തുന്ന പൂക്കോയത്തങ്ങളുടെ കഥാപാത്രത്തെ സൂചിപ്പിച്ചുകൊണ്ട് ഇഖ്ബാൽ അഭിപ്രായപ്പെട്ടു.

പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ‘എന്റെ പ്രിയപ്പെട്ട കഥകൾ’ എന്ന കഥാസമാഹാരം പ്രിയ സന്തോഷ് അവതരിപ്പിച്ചു. സമകാലീന സമൂഹത്തിനു മുന്നില്‍ പിടിച്ച കണ്ണാടികള്‍ ആണ് പുനത്തിൽ കഥകൾ. സമൂഹത്തെ അതിന്റെ മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കാന്‍ പ്രേരിപ്പിക്കുന്നവ കൂടിയാണ് കുഞ്ഞബ്ദുള്ള കഥകളെന്ന് പ്രിയ പറഞ്ഞു.

പുനത്തിലിന്റെ ആത്മകഥ ‘നഷ്ടജാതകം’ ആർ.മുരളീധരൻ അവതരിപ്പിച്ചു. എഴുത്തും ജീവിതവും തമ്മിലുള്ള അതിർവരമ്പുകൾ അതിലംഘിക്കുന്ന തരത്തിൽ അനുഭവങ്ങളുടെയും ഭാവനയുടെയും സ്മരണകളുടെയും സ്വപ്നങ്ങളുടെയും ഹൃദ്യമായ സമ്മേളനമാണ് നഷ്ടജാതകമെന്ന് പുസ്തകം അവതരിപ്പിച്ചുകൊണ്ട് ആർ.മുരളീധരൻ പറഞ്ഞു.

സരളതീക്ഷ്ണമായ ഭാഷകൊണ്ട് കേരളീയ വായനാസമൂഹത്തെ ആകര്‍ഷിക്കാൻ പുനത്തിലിനായി എന്നും എഴുത്തിന്റെ വിവിധ മേഖലകളിലൂടെ സഞ്ചരിച്ച് സാഹിത്യ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്താൻ പുനത്തിലിന് സാധിച്ചുവെന്നും തുടർന്ന് നടന്ന ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു. സർഗസംവാദത്തിന് ബീന തുടക്കം കുറിച്ചു. മുഹമ്മദ് നജാത്തി, സബീന എം.സാലി, അബ്ദുല്ലത്തീഫ് മുണ്ടരി, അഖിൽ ഫൈസൽ, നജ്മ നൗഷാദ്, പ്രിയ, മുരളീധരൻ എന്നിവർ സംസാരിച്ചു. നൗഷാദ് കോർമത്ത് മോഡറേറ്ററായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook