റിയാദ്: പ്രൊഫഷണൽ സമൂഹം അവരുടെ ബൗദ്ധികമായ കഴിവുകളും കർമശേഷിയും സമൂഹത്തിന്റെ പുരോഗതിക്കായി സമർപ്പിക്കാൻ തയാറാവണമെന്ന് റിയാദ് ക്രിയേറ്റിവ് ഫോറം സംഘടിപ്പിച്ച ഇൻസൈറ്റ് പ്രൊഫഷണൽസ് മീറ്റ് ആവശ്യപ്പെട്ടു. സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും സമുദായ നേതൃത്വങ്ങളുടേയുമെല്ലാം സഹായങ്ങൾ കൊണ്ടും പ്രോത്സാഹനങ്ങൾ കൊണ്ടുമാണ് ഉന്നതവിദ്യാഭ്യാസം നേടുവാനും മെഡിക്കൽ, എൻജിനീയറിങ്, ഐടി തുടങ്ങിയ മേഖലകളിൽ പ്രശോഭിക്കാനും പ്രൊഫഷണലുകൾക്ക് സാധിച്ചിട്ടുള്ളത് എന്നിരിക്കെ സമൂഹത്തോട് വലിയ കടപ്പാടുകളാണ് അവർക്കുള്ളതെന്ന കാര്യം വിസ്മരിക്കാൻ പാടില്ലെന്നും മീറ്റ് അഭിപ്രായപ്പെട്ടു. ഇന്റർനാഷണൽ ഇന്ത്യൻ പബ്ലിക് സ്‌കൂൾ ചെയർമാൻ നവാസ് അബ്ദുറഷീദ് (റോയിട്ടേഴ്‌സ്) മീറ്റ് ഉദ്ഘാടനം ചെയ്തു. എഞ്ചി.ഉമർ ശരീഫ് അധ്യക്ഷത വഹിച്ചു.

ഏതൊരു വ്യക്തിയുടെയും സാമൂഹികബോധത്തിന്റെ അളവുകോൽ അയാളിലെ വിശ്വസ്തതയും കാര്യക്ഷമതയുമാണ് എന്നാണ് വിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നതെന്ന കാര്യം പ്രൊഫഷണൽ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ വിസ്മരിക്കരുതെന്ന് ‘പ്രൊഫഷണലുകളും സാമൂഹിക പ്രതിബദ്ധതയും’ എന്ന വിഷയമവതരിപ്പിച്ചു സംസാരിച്ച ജുബൈൽ ഇന്ത്യൻ സ്‌കൂൾ മുൻ ചെയർമാൻ എഞ്ചി: ഇബ്രാഹിം പൊട്ടേങ്ങൽ അഭിപ്രായപ്പെട്ടു. ഉത്തരവാദിത്വബോധം, സംഘടിതബോധം, പ്രതിബദ്ധത, നേതൃഗുണം, സത്യസന്ധത എന്നിവ ഒത്തുചേരുമ്പോൾ മാത്രമേ ഒരാളിൽ കാര്യക്ഷമത വർധിക്കൂവെന്നും വ്യക്തിഗതമായ ഇത്തരം ഗുണങ്ങൾ ഒത്തുചേരുന്നതിലൂടെ മാത്രമേ സാമൂഹികബന്ധങ്ങളും ഉത്തരവാദിത്വങ്ങളും ഉണ്ടായിത്തീരൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഖുർആൻ അവതരിപ്പിക്കപ്പെട്ട സമൂഹത്തിലുണ്ടായ സാമൂഹികവിപ്ലവത്തെ സംബന്ധിച്ച് പഠിക്കുമ്പോഴാണ് വിശുദ്ധ ഖുർആൻ ലോകത്തിനു നൽകിയ പ്രകാശത്തിന്റെ ശരിയായ മൂല്യം മനസ്സിലാവുകയുള്ളൂവെന്നു ‘ലൈറ്റ് ഓഫ് ഖുർആൻ’ എന്ന വിഷയം അവതരിപ്പിച്ച എഞ്ചി: അർഷദ് ബിൻ ഹംസ (ജുബൈൽ ഇൻഡസ്ട്രിയൽ കോളേജ്) അഭിപ്രായപ്പെട്ടു.

ഡോ: മുഹമ്മദ് റജബ്, യു.കെ (കിംഗ് ഫഹദ് മെഡിക്കൽ സിറ്റി), ഡോ: മുഹമ്മദ് അൻസാരി അഹ്‌മദ്‌ (സീനിയർ ഫിസിഷ്യൻ, കിങ് സഊദ് മെഡിക്കൽ സിറ്റി), എഞ്ചി: റഫീഖ് മുഹമ്മദ് (ഇമാം മുഹമ്മദ് ബ്നു സഊദ് യൂണിവേഴ്‌സിറ്റി), അബ്ദുസ്സലാം അബ്ദുല്ല (സീനിയർ ഫിനാൻഷ്യൽ അനലിസ്റ്റ്, സെയിൽ അഡ്വാൻസ്, എസ്‌. ടി. സി) എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ആർഐസിസി ചെയർമാൻ സുഫ്‌യാൻ അബ്ദുസ്സലാം മോഡറേറ്ററായിരുന്നു. എഞ്ചി: ഷാനിദ് കോഴിക്കോട് സ്വാഗതവും ആരിഫ് മുഹമ്മദ് ഖാൻ നന്ദിയും പറഞ്ഞു. അബ്ദുൽ മജീദ് പട്ടാമ്പി, നബീൽ പയ്യോളി, മുനീർ പാപ്പാട്ട്, ഷഹീർ കൊളപ്പുറം, അക്ബറലി മമ്പാട്, മുഹമ്മദ് സുഹൈൽ, ഫയാസ് കോഴിക്കോട്, നൗഷാദ് കണ്ണൂർ എന്നിവർ നേതൃത്വം നൽകി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ