മനാമ: ഭീകരവാദത്തിനു പിന്തുണ അവസാനിപ്പിക്കുന്നതുള്‍പ്പെടെ തങ്ങള്‍ മുന്നോട്ടുവെച്ച 13 ഇന ആവശ്യങ്ങള്‍ പരിഗണിക്കുകയാണെങ്കില്‍ തര്‍ക്ക പരിഹാരത്തിനായി ഖത്തറുമായി സംവാദത്തിനു ഒരുക്കമാണെന്ന് നാലംഗ അയല്‍ രാജ്യങ്ങള്‍. ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയില്‍ ചേര്‍ന്ന വിദേശ മന്ത്രിമാരുടെ യോഗശേഷം ബഹ്‌റൈന്‍, സൗദി അറേബ്യ, യുഎഇ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയിലാണ് സംവാദത്തിന് ഉപാധി മുന്നോട്ടുവെച്ചത്.

തങ്ങളുടെ പരമാധികാരത്തിനും അന്താരാഷ്ട്ര നിയമത്തിനും അനുസൃതമായാണ് ഖത്തറിനെതിരെയുള്ള എല്ലാ നടപടികളുമെന്നും സംയുക്ത പ്രസ്താവന വ്യക്തമാക്കി. ദേശീയ അറബ് സുരക്ഷക്കും ഭീകരത നേരിടുന്നതിനുമാണ് ഈ സഹകരണം. കുവൈത്തിന്റെ മധ്യസ്ഥ ശ്രമങ്ങളെ രാജ്യങ്ങള്‍ പ്രശംസിച്ചു. യോഗാനന്തരം ബഹ്‌റൈന്‍ ബേയിലെ ഫോര്‍ സീസണ്‍ ഹോട്ടലില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഖത്തറുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച വിദേശ മന്ത്രിമാര്‍ എന്നാല്‍ ഖത്തറിനു മുന്നില്‍വെച്ച 13 ഇന ആവശ്യങ്ങളിലും കെയ്‌റോ യോഗം മുന്നോട്ടുവെച്ച ആറു വിശാലമായ തത്വങ്ങളിലും അനുരഞ്ജനമില്ലെന്ന് വ്യക്തമാക്കി.

ഭീകരതക്കും തീവ്രവാദത്തിനും ധനസഹായം നല്‍കുന്നതും മറ്റു രാജ്യങ്ങളുടെ അഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതും അവസാനിപ്പിക്കാന്‍ സന്നദ്ധമാണെന്ന് പ്രഖ്യാപിക്കുകയാണെങ്കില്‍ ഖത്തറുമായി സംവാദത്തിനു സന്നദ്ധമാണെന്ന് ബഹ്‌റൈന്‍ വിദേശ മന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫ അറിയിച്ചു. നമുക്ക് ശുഭാപ്തി വിശ്വാസത്തെക്കുറിച്ച് സംസാരിക്കണമെങ്കില്‍ മുന്നോട്ടുവെച്ച 13 ഇന ആവശ്യങ്ങളോട് ഖത്തര്‍ പ്രതികരിക്കേണ്ടതുണ്ട്. കുവൈത്തിന്റെ ഒഴികെ ഒരു മധ്യസ്ഥയും സ്വീകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഹജ് നിര്‍വഹിക്കുന്നതില്‍നിന്നും ഖത്തര്‍ സ്വദേശികളെ വിലക്കുമെന്ന വാര്‍ത്ത രാജ്യങ്ങള്‍ നിഷേധിച്ചു. ഖത്തര്‍ സ്വദേശികളുടെ ഹജ് മുടക്കാനുള്ള ഖത്തറിന്റെ ബോധപൂര്‍വമായ ശ്രമങ്ങളെ മന്ത്രിമാര്‍ അപലപിച്ചു. ലോകമെമ്പാടുമുള്ള മുസ്ലിംങ്ങൾക്ക് മതപരമായ ചടങ്ങുകള്‍ നിര്‍വഹിക്കാന്‍ സൗദിയില്‍ എത്താം. സൗദി പൗരന്‍മാരെപ്പോലെ ഇതിനുള്ള അവകാശം ഖത്തര്‍ സ്വദേശികള്‍ക്കും ലോകമെമ്പാടുമുള്ള മുസ്ലിംങ്ങള്‍ക്കുമുണ്ട്. മറിച്ചുള്ള പ്രചാരണങ്ങള്‍ ശരിയല്ല. ഖത്തര്‍ തീര്‍ത്ഥാടകര്‍ സൗദിയില്‍ എത്തുന്നത് രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ഖത്തര്‍ ശ്രമങ്ങളെ തള്ളുന്നതായി സൗദി വിദേശ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു.

ഇപ്പോഴത്തെ അവസ്ഥക്ക് കാരണക്കാര്‍ ഖത്തര്‍ തന്നെയാണെന്ന് യുഎഇ വിദേശമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായെദ് അല്‍ നെഹ്യാന്‍ പറഞ്ഞു. പ്രതിസന്ധി എത്രയും വേഗം പരിഹരിക്കാനുള്ള പ്രതിബദ്ധതയും അദ്ദേഹം വ്യക്തമാക്കി. ഈജിപ്ത് വിദേശ കാര്യ മന്ത്രി സാമിഹ് ശുക്‌രിയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. അയല്‍ രാജ്യങ്ങളോട് ഖത്തര്‍ അനുകൂലമായി പ്രതികരിക്കാത്ത സാഹചര്യത്തില്‍ ഞായറാഴ്ച മനാമയില്‍ നടക്കുന്ന യോഗത്തില്‍ കൂടുതല്‍ ശക്തമായ സാമ്പത്തിക ഉപരോധത്തിനു സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഭീകര സംഘടനകള്‍ക്ക് പിന്തുണ നല്‍കുന്നതാരോപിച്ച് ജൂണ്‍ അഞ്ചിനാണ് അയല്‍ രാജ്യങ്ങള്‍ ഖത്തറുമായി നയതന്ത്ര, ഗതാഗത ബന്ധം വിച്ഛേദിച്ചത്. തുടര്‍ന്ന് കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന്റെ നേതൃത്വത്തില്‍ പരിഹാര ശ്രമങ്ങള്‍ നടക്കുകയാണെങ്കിലും വിജയം കണ്ടില്ല. ഖത്തര്‍ ഉപരോധം പിന്‍വലിക്കാനായി അല്‍ ജസീറ ചാനല്‍ അടച്ചുപൂട്ടുന്നതുള്‍പ്പെടെ പതിമൂന്നിന ആവശ്യങ്ങള്‍ ജൂണ്‍ 23നാണ് സൗദിയും സഖ്യ രാജ്യങ്ങളും മുന്നോട്ടുവെച്ചത്. ഇവ അംഗീകരിക്കാന്‍ പത്തു ദിവസത്തെ സമയവും നല്‍കി.
എന്നാല്‍, ഇത് അംഗീകരിക്കില്ലെന്നു വ്യക്തമാക്കിയ ഖത്തര്‍ വിദേശ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി, സ്വതന്ത്ര വിദേശ നയം അടിയറവെക്കില്ലെന്നും തുര്‍ക്കി സൈനിക താവളവും അല്‍ജസീറ ചാനലും അടച്ചുപൂട്ടുന്ന പ്രശ്‌നമില്ലെന്നും പ്രതികരിച്ചിരുന്നു.

ജൂലൈ മൂന്നിന് സമയപരിധി രണ്ടു ദിവസത്തേക്കു നീട്ടി നല്‍കിയെങ്കിലും ഖത്തര്‍ പ്രതികരണത്തില്‍ മാറ്റമുണ്ടായില്ല. തുടര്‍ന്ന് ജൂലൈ ആറിന് കെയ്‌റോയില്‍ ചേര്‍ന്ന ചതുര്‍ രാജ്യങ്ങള്‍ ഖത്തര്‍ നയം മാറ്റും വരെ രാഷ്ട്രീയ, സാമ്പത്തിക ബഹിഷ്‌കരണം തുടരാന്‍ തീരുമാനിച്ചു. അറബ് ദേശീയ സുരക്ഷയും അന്താരാഷ്ട്ര സമാധാനവും മുന്‍നിര്‍ത്തിയാണ് ഖത്തറിനു മുന്നില്‍ ഉപാധികള്‍ വെച്ചതെന്ന് അവര്‍ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ