മനാമ: ബഹ്‌റൈനില്‍ സ്വകാര്യ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് ലേലം ഏപ്രില്‍ 13ന് വ്യാഴാഴ്ച വൈകീട്ട് ആറിന് ബഹ്‌റൈന്‍ നാഷണല്‍ സ്‌റ്റേഡിയത്തിനു സമീപത്തെ ഇസാ സ്‌പോര്‍ട്സ്സ് സിറ്റി ഹാളില്‍ നടക്കും. ബഹ്‌റൈനില്‍ ആദ്യമായാണ് ഇത്തരമൊരു പരസ്യ ലേലം നടക്കുന്ന്. ലേലത്തിനായുണ്ടാക്കിയ മസാദ് എന്ന കമ്പനിയും അറേബ്യന്‍ ഓക്ഷനും ചേര്‍ന്നാണ് ലേലം സംഘടിപ്പിക്കുന്നത്.

രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് റജിസ്‌ട്രേഷന്‍. ലേലത്തിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകും. ലേലം വിളിക്കുന്നവര്‍ സാധുവായ തിരിച്ചറിയല്‍ കാര്‍ഡ്, പങ്കെടുക്കാനുള്ള അനുമതി ഫോറം എന്നിവയുമായി എത്തണമെന്ന് മസാദ് സിഇഒ തലാല്‍ ആരിഫ് അല്‍ അറൈഫി അറിയിച്ചു. കമ്പനികള്‍ക്ക് പ്രതിനിധികളെ വെച്ച് റജിസ്റ്റര്‍ ചെയ്യാനും പങ്കെടുക്കാനും പറ്റും. ഒരാള്‍ മറ്റൊരാള്‍ക്കുവേണ്ടിയാണ് പങ്കെടുക്കുന്നതെങ്കില്‍ വക്കാലത്ത് ആവശ്യമാണ്.

ഏതു രാജ്യക്കാര്‍ക്കും ലേലത്തില്‍ പങ്കെടുക്കാം. ലേലം കൊള്ളുന്നവര്‍ക്ക് ഫോണ്‍ മുഖേനെയും ലേലത്തില്‍ പങ്കെടുക്കാം. എന്നാല്‍ ഇവര്‍ നേരിട്ടോ ഏജന്റിനെ അയച്ചോ ലേലത്തിനു മുന്‍പ് റജിസ്റ്റര്‍ ചെയ്തിരിക്കണം. 600000 എന്ന പ്രത്യേക സീരീയിസിലുള്ള നമ്പര്‍ പ്ലേറ്റുകള്‍ ലേലത്തിനുണ്ടാകും. 600000, 606060, 600600, 600006 എന്നീ നമ്പറുകള്‍ വാങ്ങാന്‍ തിരക്കുണ്ടാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ