റിയാദ്: രാജ്യത്തെ സ്വകാര്യ മേഖല തൊഴിലാളികൾക്ക് വേതന പരിരക്ഷ ഉറപ്പാക്കുന്ന വേതന സുരക്ഷാ പദ്ധതിയുടെ പതിനാലാം ഘട്ടം മെയ് ഒന്നിന് നിലവിൽവരുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. 20 മുതൽ 29 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് ഈ ഘട്ടത്തിൽ വേതന സുരക്ഷാ പദ്ധതി നടപ്പാക്കുന്നത്.

സ്വകാര്യ മേഖലാ ജീവനക്കാർക്ക് തൊഴിൽ കരാർ പ്രകാരമുള്ള പൂർണമായ വേതനം കൃത്യസമയത്ത് ലഭിക്കുന്നത് ഉറപ്പുവരുത്തുന്നതിന് ലക്ഷ്യമിട്ടുള്ള വേതന സുരക്ഷാ പദ്ധതിയുടെ പതിമൂന്നാം ഘട്ടം ഫെബ്രുവരി ഒന്നിന് പ്രാബല്യത്തിലായിരുന്നു.

30 മുതൽ 39 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് പതിമൂന്നാം ഘട്ടത്തിൽ വേതന സുരക്ഷാ പദ്ധതി നടപ്പാക്കിയത്. ഇതിലൂടെ 14,000 ഓളം സ്ഥാപനങ്ങളിലായി 4,02,477 ജീവനക്കാർ ഈ നിയമത്തിന്റെ ഗുണഭോക്താക്കള്‍ ആയിരുന്നു.

പദ്ധതിയുടെ പന്ത്രണ്ടാം ഘട്ടം 2017 നവംബർ ഒന്നു മുതൽ നിലവിൽവന്നിരുന്നു. 40 മുതൽ 59 വരെ ജീവനക്കാരുള്ള സ്വകാര്യ കമ്പനികളും സ്ഥാപനങ്ങളുമാണ് ഈ ഘട്ടത്തിൽ പദ്ധതിയുടെ പരിധിയിൽവന്നത്. ആ ഘട്ടത്തില്‍ 14,288 കമ്പനികളിലായി 6,87,607 ജീവനക്കാര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിച്ചു .

സ്വകാര്യ മേഖലയിലെ മുഴുവൻ സ്ഥാപനങ്ങൾക്കും വേതന സുരക്ഷാ പദ്ധതി ബാധകമാക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ പറഞ്ഞു.

കൃത്യസമയത്ത് തൊഴിലാളികൾക്ക് വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ഓരോ തൊഴിൽ മേഖലയിലെയും വേതന നിലവാരം നിർണയിക്കുന്നതിനും തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള പ്രശ്‌നങ്ങൾ കുറക്കുന്നതിനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

കൃത്യസമയത്ത് തൊഴിലാളികൾക്ക് വേതനം വിതരണം ചെയ്യാത്ത സ്ഥാപനങ്ങൾക്ക് 3,000 റിയാൽ തോതിൽ പിഴ ചുമത്തും. വേതനം ലഭിക്കാത്ത ഒരു തൊഴിലാളിക്ക് 3,000 റിയാൽ വീതം സ്ഥാപനം പിഴയായി നൽകണം. വേതന സുരക്ഷാ പദ്ധതി നടപ്പാക്കുന്നതിൽ രണ്ടു മാസം കാലതാമസം വരുത്തുന്ന സ്ഥാപനങ്ങൾക്ക് വർക്ക് പെർമിറ്റ് ഒഴികെയുള്ള സേവനങ്ങൾ മന്ത്രാലയം നിർത്തിവെയ്ക്കും. മൂന്നു മാസം വൈകിക്കുന്ന സ്ഥാപനങ്ങൾക്ക് വർക്ക് പെർമിറ്റ് അടക്കം എല്ലാ സേവനങ്ങളും വിലക്കും. ഇത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികളെ വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ചിട്ടില്ലെങ്കിൽ കൂടി തൊഴിലുടമയുടെ അനുമതി കൂടാതെ സ്‌പോൺസർഷിപ്പ് മാറ്റുന്നതിന് അനുവദിക്കുമെന്നും ഖാലിദ് അബൽഖൈൽ പറഞ്ഞു.

വേതന സുരക്ഷാ പദ്ധതിയുടെ 16 വരെയുള്ള ഘട്ടങ്ങളുടെ സമയക്രമം അടുത്തിടെ മന്ത്രാലയം അറിയിച്ചിരുന്നു. 15 ആം ഘട്ടം ഓഗസ്റ്റ് ഒന്നിനും 16ആം ഘട്ടം 2018 നവംബർ ഒന്നിനാണ് നിലവിൽവരിക. 15 മുതൽ 19 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ 15 ആം ഘട്ടത്തിലും 11 മുതൽ 14 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങൾ 16ആം ഘട്ട പദ്ധതിയിലുമാണ് ഉൾപ്പെടുക. പതിനൊന്നിൽ കുറവ് ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് വേതന സുരക്ഷാ പദ്ധതി നിർബന്ധമാക്കുന്ന സമയക്രമം പിന്നീട് നിശ്ചയിക്കുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

വാർത്ത: സിജിൻ കൂവള്ളൂർ

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ