ദുബായ്: പ്രധാനമന്ത്രി നരേന്ദ്ര മോദി 28 ന് യു എ ഇ സന്ദര്‍ശിക്കും. ജര്‍മനിയില്‍ നടക്കുന്ന ജി 7 ഉച്ചകോടിയില്‍ പങ്കെടുത്തു മടങ്ങുന്ന വഴിയാണു പ്രധാനമന്ത്രി യു എ ഇയിലെത്തുകയെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
യു എ ഇ പ്രസിഡന്റായിരുന്ന ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തില്‍ മോദി അനുശോചനം അര്‍പ്പിക്കും. പുതിയ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ അഭിനന്ദിക്കുകയും ചെയ്യും. അന്നു രാത്രി അദ്ദേഹം ന്യൂഡല്‍ഹിയിലേക്കു മടങ്ങും.
ഇന്ത്യ-യു എ ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സി ഇ പി എ) യാഥാര്‍ഥ്യമായ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ വളരെ പ്രതീക്ഷയോടെയാണ് പ്രവാസികള്‍ കാണുന്നത്. സി ഇ പി എ ഒപ്പിട്ട ശേഷമുള്ള മോദിയുടെ ആദ്യ സന്ദര്‍ശനമാണിത്.
വളരെ മികച്ചതും ശക്തവുമാണ് ഇന്ത്യ-യു എ ഇ ബന്ധം. മേയ് 13ന്് അന്തരിച്ച യു എ ഇ പ്രസിഡന്റിനോടുള്ള ആദരസൂചകമായി പിറ്റേദിവസം ഇന്ത്യ ദേശീയ ദുഖാചരണം പ്രഖ്യാപിച്ചിരുന്നു. ഷെയ്ഖ് ഖലീഫ ബിന്‍ സായിദിന് ആദരാജ്ഞലി അര്‍പ്പിക്കാന്‍ ഇന്ത്യ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ അയയ്ക്കുകയും ചെയ്തു. അതേസമയം, ബി ജെ പി നേതാക്കള്‍ പ്രവാചക നിന്ദയ നടത്തിയതിനെ യു ഇ എ ഉള്‍പ്പെടെയുള്ള മുസ്ലിം രാജ്യങ്ങള്‍ പര്യമായി അപലപിച്ച സാഹചര്യത്തിലാണ് മോദിയുടെ സന്ദര്‍ശനമെന്ന പ്രത്യേകതയുണ്ട്.
ഇതു നാലാം തവണയാണു മോദി യു എ ഇ സന്ദര്‍ശിക്കുന്നത്. 2015, 2018, 2019 വര്‍ഷങ്ങളിലാണ് ഇതിനു മുന്‍പ് അദ്ദേഹം യു എ ഇയില്‍ എത്തിയത്. അവസാന സന്ദര്‍ശന വേളയില്‍ അദ്ദേഹത്തെ യു എ ഇ പരമോന്നത ബഹുമതിയായ ‘ഓര്‍ഡര്‍ ഓഫ് സായിദ്’ നല്‍കി ആദരിച്ചിരുന്നു. 2016ലും 2017ലും ഷെയ്ഖ് മുഹമ്മദ് ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.
Also Read: FIFA World Cup 2022: ആരാധകര്‍ അങ്ങനെ ആറാടണ്ട; ഖത്തര്‍ ലോകകപ്പിന് ലൈംഗിക നിയന്ത്രണവും
ദുബായ് എക്സ്പോ സന്ദര്‍ശിക്കാന്‍ മോദി ജനുവരിയില്‍ യു എ ഇയില്‍ എത്താനിരുന്നതാണ്. എന്നാല്‍ കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്ന സാഹചര്യത്തില്‍ യാത്ര മാറ്റിവയ്ക്കുകയായിരുന്നു. ആ സമയത്ത് സി ഇ പി എ ഒപ്പുവയ്ക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. തുടര്‍ന്ന്, ഫെബ്രുവരിയില്‍ മോദിയും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും സാക്ഷികളായ വെര്‍ച്വല്‍ ഉച്ചകോടിയിലാണു കരാര്‍ ഒപ്പിട്ടത്. ഉഭയകക്ഷി വ്യാപാരം അഞ്ച് വര്‍ഷത്തിനുള്ളില്‍ 115 ബില്യണ്‍ ഡോളറായി ഉയര്‍ത്താനും യു എ ഇയുടെ ഏറ്റവും പ്രധാനപ്പെട്ടതും വിശ്വസനീയവുമായ വാണിജ്യ പങ്കാളികളില്‍ ഒരാളെന്ന നിലയില്‍ ഇന്ത്യയുടെ സ്ഥാനം കൂടുതല്‍ സുരക്ഷിതമാക്കാനും ലക്ഷ്യമിടുന്നതാണു കരാര്‍.
2021-ല്‍ യു എ ഇയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായിരുന്നു ഇന്ത്യ. ഇത് വിദേശരാജ്യങ്ങളുമായുള്ള യു എ ഇയുടെ മൊത്തം വ്യാപാരത്തിന്റെ ഒന്‍പതു ശതമാനവും യു എ ഇയുടെ എണ്ണ ഇതര കയറ്റുമതിയുടെ 13 ശതമാനവുമാണ്. ഇതേവര്‍ഷം ഇരു രാജ്യങ്ങളും തമ്മിലുള്ള എണ്ണ ഇതര വിദേശ വ്യാപാരം 165 ബില്യണ്‍ ദിര്‍ഹത്തിലെത്തി. 2020 നെ അപേക്ഷിച്ച് 66 ശതമാനമാണു വളര്‍ച്ച.
ജി 7 വാര്‍ഷിക ഉച്ചകോടിയുടെ ഭാഗമായി ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണു മോദിയുടെ ജര്‍മന്‍ സന്ദര്‍ശനം. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തുടങ്ങിയവരും ഉച്ചകോടിയില്‍ പങ്കെടുത്തേക്കും. ഉച്ചകോടിക്കിടെ പരിസ്ഥിതി, ഊര്‍ജം, കാലാവസ്ഥ, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ലിംഗസമത്വം, ജനാധിപത്യം എന്നിവ ഉള്‍പ്പെടുന്ന രണ്ട് സെഷനുകളില്‍ പ്രധാനമന്ത്രി സംസാരിക്കുമെന്നു പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.