മനാമ: പ്രേരണ ബഹ്‌റൈന്‍ സംഘടിപ്പിക്കുന്ന മലയാള സിനിമകളുടെ ചലച്ചിത്രോത്സവം -റിഫ്‌ലക്ഷന്‍സ് 2017 ഈ മാസം 13നും 14നും നടക്കും. വെള്ളിയാഴ്ച രാവിലെ പത്തു മുതല്‍ ഗൗരി ലങ്കേഷ് നഗറില്‍ (ബാങ്കോക്ക് പാര്‍ട്ടി ഹാള്‍, ഉമ്മുല്‍ ഹസം) സിനിമാ നിരൂപകനും ബഹ്റൈനി എഴുത്തുകാരിയുമായ മന്‍സൂറാ അമീര്‍ അല്‍ ജാംറി ഉദ്ഘാടനം ചെയ്യും.

മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഈ ചലച്ചിത്രോത്സവത്തിനു മലയാളത്തിലെ പുതിയ സമാന്തര സിനിമകള്‍ മാത്രമാണ് പ്രദര്‍ശനത്തിനൊരുക്കിയിട്ടുള്ളത്. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ‘ഒഴിവു ദിവസത്തെ കളി’ ആണ് ഉദ്ഘാടന ചിത്രം. ആര്‍.ഉണ്ണിയുടെ കഥയെ അവലംബിച്ച് ചെയ്ത ഈ സിനിമ ഇന്ത്യക്കകത്തും പുറത്തും നിരവധി പുരസ്‌കാരങ്ങള്‍ ഇതിനോടകം നേടിയിട്ടുണ്ട്. ഷാനവാസ് നാറാണിപ്പുഴയുടെ കരി, ജയന്‍ കെ ചെറിയാന്റെ കാ ബോഡിസ്‌കേപ് എന്നിവയാണ് ഉദ്ഘാടന ദിവസം പ്രദര്‍ശിപ്പിക്കുക.

രണ്ടാം ദിവസമായ ശനിയാഴ്ച ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത ‘ശവം’ (വൈകീട്ട് 7:00 ) സതീഷ് ബാബു സേനനും സന്തോഷ് ബാബു സേനനും ചേര്‍ന്ന് സംവിധാനം ചെയ്ത ‘ഒറ്റയാള്‍ പാത’ എന്നിവ പ്രദര്‍ശിപ്പിക്കും. സിനിമാപ്രദര്‍ശനത്തെ തുടര്‍ന്ന് പ്രേക്ഷകരുടെ സിനിമാ ആസ്വാദനവും വിമര്‍നവും പങ്കുവയ്ക്കുന്ന ഓപ്പണ്‍ ഫോറങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. അനില്‍ വേങ്കോട് പ്രസിഡന്റും ദിജീഷ് കുമാര്‍ കണ്‍വീനറുമായ സംഘാടക സമിതി ഫിലിം ഫെസ്റ്റിവല്‍ നടത്തിപ്പിനായി പ്രവര്‍ത്തിക്കുന്നു.

സിനിമയെ ഗൗരവമാര്‍ന്ന കലാരൂപമായും സംവേദന മാധ്യമമായും കാണുന്ന പ്രേരണ നിര്‍മ്മാണത്തിലും വിതരണത്തിലും ജനകീയ പങ്കാളിത്തമുള്ള സ്വതന്ത്ര സിനിമകളെ പിന്തുണയ്‌ക്കേണ്ടതുണ്ടെന്നു വിശ്വസിക്കുന്നു. ഈ ചലച്ചിത്രോത്സവം വിജയമാക്കുന്നതിനു എല്ലാ സിനിമാ പ്രേമികളുടെയും സഹകരണം സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. വിവരങ്ങള്‍ക്ക്: 35050689, 33477793.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ