മനാമ: ലോകത്തെമ്പാടുമുള്ള പ്രാവസികള്‍ക്ക് ഏറ്റവും പ്രിയങ്കരമായ രാജ്യം ബഹ്‌റൈനാണെന്നു ആഗോള സര്‍വേ. പ്രവാസികള്‍ക്കു ജോലി ചെയ്യാനും കുടുംബത്തെ കാത്തു സൂക്ഷിക്കാനും ഒരു വിദേശിയെന്ന ഭേദമില്ലാതെ സാധ്യമാകുന്നു എന്നതാണു ബഹ്‌റൈനിന്റെ പ്രത്യേകതയെന്നു സര്‍വേ ചൂണ്ടിക്കാട്ടുന്നു. എക്‌സ്പാറ്റ് ഇന്‍സൈഡര്‍ 2017 സര്‍വേ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.

ബഹ്‌റൈനിലെ ജീവിതത്തില്‍ സന്തുഷ്ടരാണെന്നു 10 പ്രവാസികളില്‍ ഒമ്പതുപേരും (87 ശതമാനം) അഭിപ്രായപ്പെടുന്നു. പ്രവാസികൾക്ക് ആവശ്യമുള്ളതെന്തും ഈ രാജ്യം നല്‍കുന്നതായും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. 166 രാജ്യങ്ങളില്‍ നിന്നുള്ള 12,500 പേരില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. പ്രവാസം സംബന്ധിച്ച ചോദ്യങ്ങളായിരുന്നു സര്‍വേയില്‍ ഉന്നയിച്ചിരുന്നത്. ആഗോള തലത്തില്‍ പ്രവാസം സംബന്ധിച്ചു നടക്കുന്ന ഏറ്റവും വലിയ സര്‍വേ ആണിത്.

ബഹ്‌റൈന്‍ പ്രവാസികള്‍ക്കു സ്വന്തം വീടുപോലെയാണ്. പ്രാദേശിക ഭാഷ പഠിക്കാതെ തന്നെ ഇവിടെ സാധാരണ ജീവിതം സാധ്യമാണ്. ബഹ്‌റൈനികള്‍ നല്ല സൗഹൃദം സൂക്ഷിക്കുകയും വിദേശികളെ സ്‌നേഹപൂര്‍വം സ്വാഗതം ചെയ്യുകയും ചെയ്യുന്നു. ഇംഗ്ലീഷ് ആര്‍ക്കും വഴങ്ങുന്ന ഭാഷയായി നിലക്കൊള്ളുന്നു തുടങ്ങിയ മേന്‍മകളാണു ബഹ്‌റൈനെ പ്രിയങ്കരമാക്കുന്നത്. സർവേയില്‍ പങ്കെടുത്ത 25 ശതമാനം പേരും തങ്ങള്‍ക്ക് സ്വന്തം വീടിന്റെ അനുഭവം ഇവിടെ ലഭിക്കുന്നു എന്നാണു പറയുന്നത്. തങ്ങള്‍ ചെയ്യുന്ന ജോലിയില്‍ സംതൃപ്തരാണെന്നും സർവേയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

അരിവാള്‍ കോശ രോഗികള്‍ക്കു പ്രതീക്ഷയേകി ബഹ്‌റൈനില്‍ പുതിയ സംവിധാനം
മനാമ: ബഹ്‌റൈനിലെ അരിവാള്‍ കോശ (സിക്കിള്‍ സെല്‍ അനീമിയ)രോഗികള്‍ക്ക് പ്രതീക്ഷയേകി ചികില്‍സാ രംഗത്ത് പുതിയ സംവിധാനം സ്ഥാപിക്കുന്നു. രാജ്യത്തെ പ്രമുഖ ആശുപത്രിയായ സല്‍മാനിയായില്‍ ഈ മാസം അവസാനത്തോടെ രക്തം മാറ്റുന്നതിനുള്ള പുതിയ യന്ത്രം പൂര്‍ണ തോതില്‍ പ്രവര്‍ത്തന സജ്ജമാകും. സല്‍മാനിയ ആശുപത്രിയില്‍ നിലവിലുള്ള നാലു യന്ത്രങ്ങള്‍ അടിയന്തിര ആവശ്യങ്ങള്‍ക്കു മാത്രമാണ് ഉപയോഗിക്കുന്നത്. ഇനി ഔട് പേഷ്യന്റ് വിഭാഗത്തിലും ഇന്‍ പേഷ്യന്റ് വിഭാഗത്തിലും ഈ സേവനം ലഭ്യമാക്കുമെന്നു ബഹ്‌റൈന്‍ സിക്കിള്‍ സെല്‍ അനീമിയ പാഷ്യന്റ് കെയര്‍ സൊസൈറ്റി പ്രസിഡന്റ് സക്കരിയ്യ അല്‍ ഖദം അറിയിച്ചു.

രക്തമാറ്റം 24 മിനിറ്റിനുള്ളില്‍ സാധ്യമാക്കുന്ന സംവിധാനമാണ് ഇപ്പോള്‍ സജ്ജമായിട്ടുള്ളത്. നിലവില്‍ 48 മണിക്കൂര്‍ മുതല്‍ 10 ദിവസം മുകളിലോട്ട് സമയം ആവശ്യമായിരുന്നിടത്താണ് പുതിയ സംവിധാനം സാധ്യമായിരിക്കുന്നത്. രാവിലെയും വൈകീട്ടുമായി രണ്ടു ഷിഫ്റ്റുകളിലായി ഈ യന്ത്രത്തിന്റെ സേവനം ലഭ്യമായിരിക്കും. ബഹ്‌റൈനില്‍ ധാരാളം കണ്ടുവരുന്ന രോഗമാണ് അരിവാള്‍ കോശ രോഗം. രക്തത്തിലെ ചുവന്ന രക്താണുക്കള്‍ അരിവാള്‍ പോലെ വളയുന്നതിനാലാണ് ഈ രോഗത്തിന് അരിവാള്‍ കോശ രോഗം എന്നു പറയുന്നത്. ഈ അവസ്ഥയില്‍ രോഗിക്കു സഹിക്കാനാവാത്ത ശരീര വേദന അനുഭവപ്പെടുന്നു. ഈ അവസ്ഥയില്‍ രോഗിക്കു ഗുരുതരമായ അണുബാധയുണ്ടാവുകയും നെഞ്ചു രോഗങ്ങള്‍ പിടിപെടുകയും ചെയ്യുന്നു.

നാലു രക്ത മാറ്റ യന്ത്രങ്ങളും പൂര്‍ണ തോതില്‍ പ്രവര്‍ത്തന സജ്ജമായാല്‍ അരിവാള്‍ കോശ രോഗികളുടെ മരണ നിരക്കു കുറച്ചു കൊണ്ടുവരാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ രോഗത്തിന്റെ ഗുരുതര സ്വഭാവം പരിഗണിച്ചു മാത്രമാണ് ഈ യന്ത്രത്തിന്റെ സേവനം ലഭിക്കുന്നത്. അല്ലാത്തവര്‍ക്ക് 48 മണിക്കൂര്‍ മുതല്‍ 10 ദിവസങ്ങള്‍ വരെ നീളുന്ന തരത്തിലുള്ള രക്തമാറ്റ പ്രക്രിയയാണു നടന്നു വരുന്നത്. ഈ അവസ്ഥയില്‍ രോഗി വൃക്ക, കരള്‍ തകരാറുകള്‍ ബാധിക്കുകയാണ് പതിവെന്നും ഈ അവസ്ഥയിലാണു രോഗികളില്‍ പകുതിപ്പേരും മരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 24 മിനിറ്റിനുള്ളില്‍ രക്തമാറ്റം സാധ്യമാകുന്ന സംവിധാനം ഉണ്ടായാല്‍ രോഗിക്ക് ആരോഗ്യത്തോടെ ജീവിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ