റിയാദ്: സൗദി അറേബ്യ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളിലെ പുതിയ നിയമങ്ങൾ പ്രവാസികളുടെ പ്രതിസന്ധിക്ക് ആക്കം കൂട്ടുമ്പോൾ എങ്ങോട്ട് മടങ്ങണമെന്ന നിശ്ചയമില്ലാത്തവരാണ് പ്രവാസികളിൽ പലരും. പതിറ്റാണ്ടുകളുടെ പ്രവാസം പ്രാരാബ്ദങ്ങൾക്കിടയിൽ ഒഴുകിയപ്പോൾ തല ചായ്ക്കാനുള്ള കൂര പോലും നിർമിക്കാൻ മറന്നു പോയവരാണ് ബഹു ഭൂരിപക്ഷവും. പ്രവാസം പ്രതിസന്ധിയുടെ തീരത്തേക്കാണ് അണയുന്നത് എന്ന തിരിച്ചറിവുണ്ടായപ്പോഴാണ് ഇറങ്ങാൻ തനിക്ക് തീരമില്ലെന്ന് പ്രവാസി തിരിച്ചറിയുന്നത്. കിട്ടുന്ന ശമ്പളം കൊണ്ട് മക്കളുടെ വിദ്യാഭ്യാസവും വാടകയും നാട്ടിലെ കുടുംബങ്ങളുടെ ക്ഷേമമവും നാട്ടുകാരുടെ ബുദ്ധിമുട്ടിൽ സഹായിച്ചും നാളുകൾ പോയതറിഞ്ഞില്ല. മടങ്ങി പോകാൻ സമയമായപ്പോഴാണ് ഓട്ട കീശയായിരുന്നു തന്റെതെന്ന് പലരും തിരിച്ചറിഞ്ഞത്.

ഗൾഫ് പ്രവാസികളിൽ ഭൂരിഭാഗവും 45 വയസ്സ് കഴിഞ്ഞവരാണ്. പലർക്കും നാട്ടിലെത്തിയാൽ ജോലി തേടാനുള്ള ആരോഗ്യമില്ല. ദുരഭിമാനം മാറ്റിവെച്ച് ജോലിക്ക് പോകാമെന്ന് കരുതിയാൽ തന്നെ നാട്ടിൽ തൊഴില്ലായ്മ രൂക്ഷമാണ്. ബിരുദവും, ബിരുദാന്തര ബിരുദവും കഴിഞ്ഞ ഉദ്യോഗാർത്ഥികൾ തെക്കോട്ടും വടക്കോട്ടും നടക്കുകയാണ്. ഗൾഫിലെ നിലവിലെ അവസ്ഥയിൽ മാറ്റമുണ്ടായില്ലെങ്കിൽ പ്രവാസിയുടെ ജീവിതം ഒരു ദുരന്തമാകുമെന്ന് തീർച്ച. ഇന്ത്യയിലെ ഗൾഫ് പ്രവാസികളിൽ വലിയൊരുഭാഗം ജോലി ചെയ്യുന്നത് സൗദി അറേബ്യയിലാണ് എന്നിരിക്കെ സൗദി അറേബ്യയിൽ പ്രാബല്യത്തിലായ നിയമങ്ങളാണ് ഇപ്പോൾ വലിയ തിരിച്ചടിയായിരിക്കുന്നത്.

സൗദിയിൽ കമ്പനികളിൽ ജോലിചെയ്യുന്നവരിൽ വലിയൊരു വിഭാഗം 4000 മുതൽ 5000 വരെ ശമ്പളം വാങ്ങുന്നവരാണ്. സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി കമ്പനികൾ നഷ്‌ടത്തിലായപ്പോൾ പലരോടും പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടു. അത്യാവശ്യം വേണ്ടവരെ വിളിച്ചു വരുത്തി ശമ്പളത്തിൽ കുറവ് വരുത്തുമെന്നും താൽപര്യമുണ്ടെങ്കിൽ തുടരാമെന്നും ആവശ്യപ്പെട്ടു. നിവർത്തിയില്ലാതെ പലരും കിട്ടുന്നന്നത് വാങ്ങി ജോലിയിൽ തുടരുകയാണ്. എന്നാൽ ആശ്രിത ലെവിയുൾപ്പടെ ഭാരിച്ച ജീവിത ചിലവ് തുച്ഛ ശമ്പളം കൊണ്ട് കഴിയാതെ വരുമ്പോൾ മടങ്ങി പോകാൻ നിർബന്ധിതരാകുകയാണ് പലരും. എങ്ങോട്ട് പോകുന്നു എന്തിന് പോകുന്നു എങ്ങനെ ജീവിക്കും എന്ന ചോദ്യങ്ങൾ പെട്ടിയിലാക്കിയാണ് ഇത്തവണത്തെ മടക്ക യാത്രയെന്ന് പലരും പറയുന്നു.

വാർത്ത: നൗഫൽ പാലക്കാടൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ