റിയാദ്: ന്യൂ ഏജ് ഇന്ത്യ സാംസ്‌കാരിക വേദിക്കു കീഴിൽ പ്രവർത്തിക്കുന്ന മഴവില്ല് കൂട്ടായ്മയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന “തണൽ” കുടുംബ സംഗമം പരിപാടിയിൽ സിറ്റി ഫ്ലവർ ഹൈപ്പർമാർക്കറ്റുമായി സഹകരിച്ചു “പ്രവാസ ദീപം” പരിസ്ഥിതി സംരക്ഷണ പദ്ധതിക്ക് തുടക്കമായി. അവധിക്കു നാട്ടിൽ പോകുന്ന ഓരോ പ്രവാസിയും ഓരോ അവധിക്കാലത്തിന്റെയും ഓർമക്കായി ഒന്നോ അതിലധികമോ തണൽ മരങ്ങൾ വച്ച് പിടിപ്പിക്കുകയും അതിനെ സംരക്ഷിക്കുകയുമാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇന്ന് നമ്മുടെ നാട്ടിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന കാലാവസ്ഥ വ്യതിയാനത്തെയും, അതുമൂലം അനുഭവിക്കുന്ന പ്രശ്നങ്ങളെ പ്രധിരോധിക്കുന്നതിന്റെയും, പ്രകൃതിയെ സംരക്ഷിക്കുന്നതിന്റെയും ഭാഗമായി പ്രവാസികളായ നമുക്ക് എന്തൊക്കെ ചെയ്യാം എന്ന് ചിന്തയാണ് ഈ ആശയത്തിന് പിന്നിലെന്നും, ഇത് ലോകത്തുള്ള മറ്റു പ്രവാസി സമൂഹത്തിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ്യം കൂടി ഈ പദ്ധതി നടപ്പിൽ വരുത്തുന്നതിലുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. പ്രവാസ ദീപം പദ്ധതിയുടെ ഉദ്ഘാടനവും പ്രതീകാത്മക വൃക്ഷത്തൈ വിതരണവും സിറ്റി ഫ്ലവർ സെയിൽസ് ആൻഡ് ഓപ്പറേഷൻ വൈസ് പ്രസിഡന്റ് സുനു സുന്ദരൻ നിർവഹിച്ചു. മഴവില്ലിന്റെ ഈ ഉദ്യമം എല്ലാ പ്രവാസി സമൂഹങ്ങളും ഏറ്റെടുക്കട്ടെ എന്നും, നമ്മുടെ ഓരോ അവധിക്കാല ഓർമകളും ചരിത്രങ്ങളും ആ മരങ്ങൾ വരും തലമുറകളുമായി പങ്കുവെക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

പ്രശസ്ത എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ മുഖ്യ പ്രഭാഷണം നടത്തി. പ്രവാസ ദീപം പദ്ധതിയുടെ നന്മയും അതിന്റെ സന്ദേശവും ഉൾക്കൊണ്ടുകൊണ്ട് കേരളത്തിലെങ്ങുമുള്ള സമൂഹം ഒരു മരമെങ്കിലും നട്ടു ആഗോള താപനത്തിന്റെ ഫലമായി ഇന്ന് അനുഭവിക്കുന്ന കൊടും ചൂടിനേയും കുടിവെള്ളത്തിന് വേണ്ടിയുള്ള ബുദ്ധിമുട്ടുകളെയുമൊക്കെ പ്രതിരോധിക്കാൻ പറ്റിയ മാർഗമായി ഇത് ഏറ്റെടുക്കട്ടെ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രശസ്ത എഴുത്തുകാരി സബീന എം.സാലി പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഒരു മരം പത്തു മക്കൾക്കു സമാനമാണെന്ന് വിശ്വസിക്കുന്ന സംസ്കാരത്തിന്റെ തണലിൽ നിന്ന് കൊണ്ട് ഓരോ അവധിക്കു നാട്ടിൽ പോകുമ്പോഴും എന്റെ വീട്ടുവളപ്പിൽ നിലവിലുള്ള മരങ്ങൾ സംരക്ഷിക്കുമെന്നും പുതിയവ വച്ച് പിടിപ്പിക്കുമെന്നും, ഏതെങ്കിലും അസന്നിഗ്‌ധ ഘട്ടത്തിൽ മരം മുറിക്കേണ്ടി വന്നാൽ ഒന്നിന് പകരം പത്തു മരങ്ങൾ വച്ചുപിടിപ്പിക്കുമെന്നും, പ്രകൃതി വിഭവങ്ങളെ സംരക്ഷിച്ച്‌ വരും തലമുറക്കായി കരുതിവെക്കുമെന്നും, മണ്ണിന്റെ മണം ജീവിതത്തിന്റെ ഭാഗമാക്കി പ്രകൃതിയോടിണങ്ങി ജീവിക്കുമെന്നുമുള്ള പ്രതിജ്ഞ സദസ്സ് ഏറ്റു ചൊല്ലി.

മഴവില്ല് കുടുംബ കൂട്ടായ്മ കൺവീനർ മോനിഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ന്യൂ ഏജ് സെക്രട്ടറി ഷാനവാസ് പാലക്കാട്, സലിം കുമാർ ആലപ്പുഴ, സകരിയ പുറക്കാട്, രാജൻ നിലമ്പൂർ, ഇ.പി.കുഞ്ഞാലി, ആർട്ടിസ്റ്റ് ജയശങ്കർ എന്നിവർ ആശംസകൾ നേർന്നു. രശ്മി സന്തോഷ് സ്വാഗതവും വിനോദ് മഞ്ചേരി നന്ദിയും പറഞ്ഞു. ജംഹർ, ജ്യോതികുമാർ, സജ്‌ന, അഞ്ചു, ഷാജിത, രജിത, സന്തോഷ്, പ്രമോദ്, സലിംഷുഹൈബ്, മുസ്തഫ, സമീർ, വിനീത്, ഷാജഹാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ