സലാല: ഒമാനിൽ വീശിയടിച്ച മെകുനു ചുഴലിക്കാറ്റിൽ മൂന്ന് പേർ മരിച്ചു. 40 പേരെ കാണാനില്ലെന്നാണ് ആദ്യ ദിവസം ഔദ്യോഗിക കേന്ദ്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. വലിപ്പത്തിൽ മൂന്നാം സ്ഥാനമുളള നഗരമായ സലാലയിൽ തീരപ്രദേശങ്ങളിലേക്ക് കടൽകയറിയത് സ്വദേശികളും വിദേശികളുമായ ആളുകളെ വലിയ ആശങ്കയിലാക്കിയിട്ടുണ്ട്.

സലാലയിൽ വിനോദസഞ്ചാരികൾ ധാരാളമെത്തുന്ന ഒരു ബീച്ചിനെ ചുഴലിക്കാറ്റ് പൂർണമായും വിഴുങ്ങി. ഈ മേഖലയിൽ വൈദ്യുതി ബന്ധത്തിൽ തകരാറുകൾ സംഭവിച്ചിട്ടുണ്ട്. 12 വയസായ പെൺകുട്ടി അടക്കം മൂന്ന് പേരുടെ മരണമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 40 പേരെ കാണാനില്ലെന്നാണ് റിപ്പോർട്ട്.

ഇന്ത്യക്കാരും യെമൻ സ്വദേശികളും സുഡാനികളും കാണാതായവരിലുണ്ടെന്നാണ് ഒമാനിൽ നിന്ന് ലഭിക്കുന്ന വിവരം. ഇവരിൽ ചിലരെങ്കിലും മരിച്ചിരിക്കാനാണ് സാധ്യതയെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചന നൽകുന്നു.

വലിയ വാഹനങ്ങളിൽ ദുരന്ത ബാധിത പ്രദേശങ്ങളിലെത്തി ഒമാൻ പൊലീസ് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ദുരിതമേഖലയിലുളളവർക്ക് ആവശ്യത്തിന് ഭക്ഷണവും വെളളവും ലഭ്യമാക്കുകയാണ് ഭരണകൂടം. ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ നേരത്തേ മുതൽ ശ്രമം നടക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ