റിയാദ്: ഓർമ്മകളിലെ കേരളത്തെയാണോ, വർത്തമാനത്തിലെ പ്രവാസഭൂമിയെയാണോ ആവിഷ്കരിക്കേണ്ടതെന്ന ധർമ്മസങ്കടം എഴുത്തിലെ പ്രവാസമലയാളി അനുഭവിക്കുന്നുണ്ടെന്ന് കവി സച്ചിദാനന്ദൻ പറഞ്ഞു.
കവിതയുടെ സൗന്ദര്യശാസ്ത്രവും രാഷ്ട്രീയവും രാഷ്ട്രീയത്തിലെ സാംസ്കാരിക ബോധവും ഡയസ്പോറ സാഹിത്യത്തിലെ മലയാളജീവിതവും ചർച്ച ചെയ്ത് ചില്ലയുടെ മൂന്നു ദിവസത്തെ ലോകസാഹിത്യം രണ്ടാം ലക്കം സമാപിച്ചു.

മെയ് 18, 19, 20 തിയ്യതികളിലായി റിയാദിൽ കേളി-ചില്ല ഒരുക്കിയ വിവിധ വേദികളിൽ വായന: സംസ്കാരവും രാഷ്ട്രീയവും, കവിതയും പ്രതിരോധവും, രാഷ്ട്രീയവും സാംസ്കാരിക പ്രവർത്തനവും വർത്തമാനകാല ഇന്ത്യയിൽ, മൂന്നു കാവ്യകാലങ്ങൾ: രാഷ്ട്രീയ-ഭാവുകത്വ പരിസരങ്ങളിലൂടെ കെ സച്ചിദാന്ദന്റെ ആത്മസഞ്ചാരം, ഡയസ്പൊറ സാഹിത്യവും ഗൾഫ് മലയാളജീവിതവും തുടങ്ങിയവ പ്രഭാഷണ വിഷയങ്ങളായി. എല്ലാ സെഷനുകളും പങ്കെടുത്തവരുടെ വിശകലനസ്വഭാവമുള്ള ഇടപെടൽ കൊണ്ടും ചർച്ചകൾ കൊണ്ടും ശ്രദ്ധേയമായി.

‘വായന: സംസ്കാരവും രാഷ്ട്രീയവും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തിക്കൊണ്ട് കെ.സച്ചിദാനന്ദന്‍ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. കേളി മുഖ്യരക്ഷാധികാരി കെ.ആർ.ഉണ്ണികൃഷ്‌ണൻ ചില്ലയുടെ ഉപഹാരം കെ.സച്ചിദാനന്ദന് നൽകി. ഉദ്ഘാടന ചങ്ങിൽ ചില്ല കോർഡിനേറ്റർ നൗഷാദ് കോർമത്ത് അധ്യക്ഷനായിരുന്നു. ജയചന്ദ്രൻ നെരുവമ്പ്രം, എം.ഫൈസൽ, കേളി പ്രസിഡന്റ് മുഹമ്മദ്‌കുഞ്ഞ്  വള്ളിക്കുന്നം, സെക്രട്ടറി റഷീദ് മേലേതിൽ, രക്ഷാധികാരി സമിതിയംഗം ദസ്തകീർ, ജോസഫ് അതിരുങ്കൽ, ബാലചന്ദ്രൻ, ടി.ആർ.സുബ്രഹ്മണ്യൻ, ദയാനന്ദൻ ഹരിപ്പാട് തുടങ്ങിയവർ സംസാരിച്ചു.

മലയാളകവിതയുടെ സുപ്രധാന നാഴികക്കല്ലുകളിലൂടെ ചൊല്ലിയും പറഞ്ഞും ആടിയും അവതരിപ്പിച്ച ചൊല്ലിയാട്ടം എന്ന സവിശേഷ പരിപാടി ആസ്വാദകർക്ക് കവിതയോടുള്ള അടുപ്പം വർദ്ധിപ്പിക്കാൻ സഹായിക്കുന്നതായിരുന്നു. സതീഷ്‌ കുമാർ, ജോഷി പെരിഞ്ഞനം, രാജേഷ്‌ കാടപ്പടി, പുരുഷോത്തമൻ, സുഭാഷ്‌, സിജിൻ കൂവള്ളൂർ, ധനേഷ് പൊന്നാനി, ബാബു കെ.പി എന്നിവർ ചൊല്ലിയാടി. എം.ഫൈസൽ, ടി.ആർ.സുബ്രഹ്മണ്യൻ, ബിജു തയമ്പത്, ശംസുദ്ദീൻ കൊടുങ്ങല്ലൂർ എന്നിവർ അണിയറയിൽ പ്രവർത്തിച്ചു. പ്രിയ സന്തോഷ്, ജയചന്ദ്രൻ നെരുവമ്പ്രം, എം.ഫൈസൽ എന്നിവർ വിവിധ സെഷനുകളിൽ മോഡറേറ്റർമാരായിരുന്നു. ഇഖ്ബാൽ കൊടുങ്ങല്ലൂർ, നിജാസ്, സിയാദ് മണ്ണഞ്ചേരി എന്നിവർ കവിതകൾ ആലപിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook