റിയാദ്: ഇന്ത്യയിലെ നിലവിലെ സാഹചര്യത്തില്‍, ശക്തിപ്രാപിച്ചുവരുന്ന ഫാസിസ്റ്റ് കടന്നാക്രമണങ്ങള്‍ക്കെതിരെ പ്രതിരോധത്തിന്‍റെ വിപുലമായ രാഷ്ട്രീയ ഐക്യം അനിവാര്യമാണെന്ന് കവി കെ.സച്ചിദാനന്ദന്‍. റിയാദില്‍ കേളി കലാ സാംസ്കാരികവേദി സംഘടിപ്പിച്ച ഇ.കെ.നായനാര്‍ അനുസ്മരണ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നാം സംസാരിക്കുന്ന വാക്കും നാം എഴുതുന്ന അക്ഷരവും ഇന്ന് ഭരണാധികാരികളുടെ നിരീക്ഷണത്തിലാണ്. ഭരണാധികാരത്തിനെതിരായ എന്തിലും എത്തുന്ന കണ്ണായി രാജ്യം മുഴുവന്‍ ജയിലായി മാറുകയാണ്. അത്തരത്തിലുള്ള ഭൂരിപക്ഷവാദമാണിന്നിവിടെ ജനാധിപത്യമായി കൊണ്ടാടപ്പെടുന്നത്. ചരിത്ര വസ്തുതകള്‍ ഭരണാധികാരികളുടെ ഇംഗിതത്തിനനുസരിച്ച് പുനര്‍നിര്‍വചിക്കപ്പെടുന്നു, ചിന്തയും സ്വാതന്ത്ര്യവും തടവിലാക്കപ്പെട്ടിരിക്കുന്നു. ഇവരുടെ ആദ്യ ഇരകള്‍ മുസ്‌ലിംകളാണ്. രണ്ടാമത്തേത് കലാകാരന്‍മാരും ബുദ്ധിജീവികളും. അധികാരത്തോട് സത്യം സംസാരിക്കുന്ന കലാകാരന്‍മാരെയും എഴുത്തുകാരെയും അവര്‍ ഭയക്കുന്നു. പുരോഗമന ചിന്താധാരയിലുള്ള സംഘടനകള്‍, ചരിത്രകാരന്‍മാര്‍, തൊഴിലാളികള്‍, സ്ത്രീകള്‍, ദലിതര്‍, ഇവരൊക്കെ ഇരകളും അക്രമണവിധേയരുമായിത്തീരുന്നു. ഈ വിധത്തില്‍ ഫാസിസത്തിന്‍റെ എല്ലാ ലക്ഷണങ്ങളും ഇന്ത്യയില്‍ പ്രകടമായിക്കഴിഞ്ഞിരിക്കുന്നു. ഇതിനെതിരെ വിപുലമായ രാഷ്ട്രീയ പ്രതിരോധ നിര സജ്ജമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

വെള്ളിയാഴ്ച അല്‍ഹയര്‍ അല്‍ഒവൈദ ഓഡിറ്റോറിയത്തില്‍ നടന്ന ഇ.കെ.നായനാര്‍ അനുസ്മരണ യോഗത്തില്‍ കേളി മുഖ്യ രക്ഷാധികാരി കെ.ആര്‍. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. ബി.പി.രാജീവന്‍ സ്വാഗതം ആശംസിച്ചു,. കേളി സെക്രട്ടറി റഷീദ് മേലേതില്‍ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം ദസ്തക്കീര്‍, ചില്ല സര്‍ഗ്ഗവേദി ഉപദേശക സമിതി അംഗവും എഴുത്തുകാരനുമായ എം.ഫൈസല്‍ എന്നിവര്‍ ഇ.കെ.നായനാരെ അനുസ്മരിച്ച് സംസാരിച്ചു. രക്ഷാധികാരി സമിതി അംഗങ്ങള്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, വിവിധ ഏരിയകളില്‍ നിന്നെത്തിയ നിരവധി പ്രവര്‍ത്തകര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ