റിയാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാത്രി സൗദി അറേബ്യയിലെത്തും. റിയാദില്‍ നാളെ ആരംഭിക്കുന്ന മൂന്നാമത് ആഗോള നിക്ഷേപക സംഗമമായ ‘ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവി’ല്‍ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തും.

സല്‍മാന്‍ രാജാവിന്റെ ക്ഷണം സ്വീകരിച്ചെത്തുന്ന നരേന്ദ്ര മോദി ഒരു ദിവസത്തെ ഔദ്യോഗിക പരിപാടികള്‍ പൂര്‍ത്തിയാക്കി മടങ്ങും. ഇതിനിടെ സല്‍മാന്‍ രാജാവുമായും കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായും അദ്ദേഹം പ്രത്യേകം കൂടിക്കാഴ്ച നടത്തും.

പ്രധാനമന്ത്രി പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുന്ന പൊതുപരിപാടികളൊന്നുമില്ലെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്ന് ഉന്നതതല പ്രതിനിധി സംഘവുമായെത്തുന്ന അദ്ദേഹം വിവിധ സൗദി മന്ത്രിമാരും വകുപ്പുദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തിലും സംബന്ധിക്കും.

ഇന്നു രാത്രിയില്‍ റിയാദിലെത്തുന്ന പ്രധാനമന്ത്രിക്കു നാളെ രാവിലെ മുതല്‍ തിരക്കിട്ട പരിപാടികളാണുള്ളത്. സൗദിയിലെ വിവിധ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം തന്ത്രപ്രധാന പങ്കാളിത്ത സമിതിയുടെ കരാറുകളില്‍ ഒപ്പുവയ്ക്കും. ഉച്ചയ്ക്കു സല്‍മാന്‍ രാജാവൊരുക്കുന്ന വിരുന്നില്‍ പങ്കെടുക്കും.

ഉച്ചകഴിഞ്ഞ് ആഗോളനിക്ഷേപക സംഗമത്തിന്റെ പ്ലീനറി സെഷനെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി രാത്രിയില്‍ കിരീടാവകാശി ഒരുക്കുന്ന അത്താഴവിരുന്നില്‍ സംബന്ധിച്ച ശേഷം രാത്രിയില്‍ ഡല്‍ഹിയിലേക്കു മടങ്ങും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദര്‍ശനത്തിനു പാക്കിസ്ഥാന്‍ കഴിഞ്ഞദിവസം വ്യോമപാത നിഷേധിച്ചിരുന്നു. വ്യോമപാത ഉപയോഗിക്കാന്‍ അനുമതി നല്‍കാന്‍ കഴിയില്ലെന്നു ഇന്ത്യന്‍ ഹൈക്കമ്മിഷണറെ പാക്കിസ്ഥാന്‍ അറിയിക്കുകയായിരുന്നു.

കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് പാക്കിസ്ഥാന്‍ വ്യോമപാത നിഷേധിക്കുന്നത്. നേരത്തെ യുഎസ് സന്ദര്‍ശന വേളയിലും പാക്കിസ്ഥാന്‍ നരേന്ദ്ര മോദിക്ക് വ്യോമപാത നിഷേധിച്ചിരുന്നു. കശ്മീരില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനങ്ങളാണെന്ന് ആരോപിച്ചാണു നരേന്ദ്ര മോദിക്കു പാക്കിസ്ഥാന്‍ വ്യോമപാത നിഷേധിച്ചിരിക്കുന്നത്. നേരത്തെ ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പാക്കിസ്ഥാന്‍ വ്യോമപാത നിഷേധിച്ചിരുന്നു.

പാക്കിസ്ഥാന്‍ വ്യോമപാത നിഷേധിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രി സഞ്ചരിക്കുന്ന ബോയിങ് 747 വിമാനത്തിനു 45 മിനുട്ട് അധികം പറന്നുവേണം റിയാദിലെത്താന്‍. ഡല്‍ഹിയില്‍നിന്നു പുറപ്പെടുന്ന വിമാനം മുംബൈക്കു സമീപത്തുനിന്നു തിരിഞ്ഞ് കറാച്ചി വ്യോമപാത ഒഴിവാക്കിയാണു റിയാദിലേക്കു പോകുക. അറബിക്കടലില്‍ ക്യാര്‍ ചുഴലിക്കാറ്റ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ മേഖലയിലെ യാത്രാപാതയും ഒഴിവാക്കേണ്ടതുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook