ഷാര്‍ജ: പിങ്ക് കാരവന്‍ എന്ന സഞ്ചരിക്കുന്ന സൗജന്യ സ്തനാര്‍ബുദ പരിശോധന ഷാര്‍ജയില്‍ യാത്ര തുടരുന്നു. ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ ജില്ലാ, ഗ്രാമകാര്യ വകുപ്പുമായി സഹകരിച്ച് ഷാര്‍ജയിലെ കൂടുതല്‍ പ്രദേശങ്ങളില്‍ മൊബൈല്‍ ക്ലിനിക്ക് സഞ്ചരിക്കും.
യു എ ഇ യിലുടനീളം സൗജന്യ സ്തനാര്‍ബുദപരിശോധന നടത്തുകയെന്ന ദൗത്യവുമായി 2018-ലാണു പിങ്ക് കാരവന്‍ ആരംഭിച്ചത്. ഫ്രണ്ട്സ് ഓഫ് കാന്‍സര്‍ പേഷ്യന്റ്സാണു സംഘാടകര്‍.
ഈ വര്‍ഷത്തിന്റെ ആരംഭത്തിലാണു പിങ്ക് കാരവന്‍ ഷാര്‍ജയില്‍ യാത്ര തുടങ്ങിയത്. സൗജന്യ പരിശോധനയും വിദഗ്ധ ഉപദേശങ്ങളും വാഗ്ദാനം ചെയ്യുന്ന പിങ്ക് കാരവന്‍ രോഗം നേരത്തെ കണ്ടെത്തി ജീവന്‍ രക്ഷിക്കൂയെന്ന സന്ദേശവുമായാണു പര്യടനം.
ഓഗസ്റ്റ് 24 മുതല്‍ 25 വരെ അല്‍ ദൈദ് നഗരത്തിലെ അല്‍ ബുസ്താന്‍ സബര്‍ബ് കൗണ്‍സിലിലാണു ക്ലിനിക്കിന്റെ അടുത്ത സ്റ്റോപ്പ്. അവിടെ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നു വരെ സൗജന്യ കണ്‍സള്‍ട്ടേഷന്‍. ലഭ്യമാകും. ഷാര്‍ യാത്രയിലെ അവസാന ലക്ഷ്യസ്ഥാനം സെപ്റ്റംബര്‍ 15ന് രാവിലെ 10 മുതല്‍ മൂന്നു വരെ കല്‍ബയിലെ ഷാര്‍ജ ലേഡീസ് ക്ലബ്ബിലാണ്.
അവസരം പരമാവധി പ്രയോജനപ്പെടുത്താനും തൊട്ടടുത്ത് എത്തുന്ന സൗകര്യത്തില്‍ പരിശോധന നടത്താനും സംരംഭത്തെ നയിക്കുന്ന ഫ്രണ്ട്‌സ് ഓഫ് ക്യാന്‍സര്‍ പേഷ്യന്റ്സ് (എഫ് ഒ സി പി) സ്ത്രീകളോട് അഭ്യര്‍ത്ഥിച്ചു. നാല്‍പ്പതു മുതല്‍ പ്രായമുള്ള ലക്ഷണമില്ലാത്ത സ്ത്രീകള്‍ക്കു ഹോളോജിക് ടോമോസിന്തസിസ് 3 ഡൈമന്‍ഷന്‍സ് മാമോഗ്രഫി സിസ്റ്റം ഉപയോഗിച്ച് സൗജന്യ മാമോഗ്രാം പരിശോധന പിങ്ക് കാരവാന്‍ വാഗ്ദാനം ചെയ്യുന്നു.
”വര്‍ഷാരംഭം മുതല്‍ പിങ്ക് കാരവന്‍ മെഡിക്കല്‍ മൊബൈല്‍ ക്ലിനിക് അല്‍ റഹ്‌മാനിയ, അല്‍ സീയൂഹ്, വാസിത്, മുവോയ്ലെ, കല്‍ദെയ, ഖോര്‍ഫക്കാന്‍, ദിബ്ബ അല്‍ ഹിന്‍, ഷാര്‍ജ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, അല്‍ മജാസ് വാട്ടര്‍ഫ്രണ്ട് എന്നിവിടങ്ങളിലെ പ്രധാന സ്ഥലങ്ങളില്‍ എത്തി. സ്തന, ഗര്‍ഭാശയ അര്‍ബുദ രോഗബാധിതരുടെ നിരക്ക് കൂടുതലാണെങ്കിലും, നേരത്തെ കണ്ടെത്തിയാല്‍ സ്തനാര്‍ബുദം മറികടക്കാമെന്നതു വസ്തുതയാണ്. അതിജീവന സാധ്യത 98 ശതമാനമാണ്,” ഫ്രണ്ട്‌സ് ഓഫ് കാന്‍സര്‍ പേഷ്യന്റ്‌സ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ സോസന്‍ ജാഫര്‍ പറഞ്ഞു.
യു എ ഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയത്തിന്റെ ലൈസന്‍സോടെയാണു പിങ്ക് കാരവാന്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ദിവസം 40 വ്യക്തികളെ പരിശോധിക്കാനുള്ള ശേഷിയുണ്ട്.