മനാമ: അബുദാബിയില്‍ നിന്നും ആംസ്റ്റര്‍ഡാമിലേക്കു പോയ ഇത്തിഹാദ് എയര്‍ വെയ്‌സ് വിമാനത്തിലെ പൈലറ്റ് ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചു. തുടർന്ന് സഹ പൈലറ്റ് വിമാനം അടിയന്തരമായി കുവൈത്തില്‍ ഇറക്കി. ബുധനാഴ്ച രാവിലെ 5.20ന് ഇത്തിഹാദിന്റെ ഇവൈ 927 കാര്‍ഗോ വിമാനത്തിലെ പൈലറ്റാണ് മരിച്ചത്.

പൈലറ്റിന് ദേഹാസ്വസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് നിയന്ത്രണം ഏറ്റെടുത്ത സഹപൈലറ്റ് അടിയന്തിര സന്ദേശം നല്‍കുകയും വിമാനം കുവൈത്തിലേക്ക് തിരിച്ചു വിടുകയുമായിരുന്നു. വിമാനം ഇറക്കിയ ഉടനെ മെഡിക്കല്‍ ടീം പൈലറ്റിനെ പരിശോധിച്ചെങ്കിലും മരിച്ചിരുന്നു. കഴിഞ്ഞ ദിവസം മദീന വിമാനത്താളവത്തില്‍നിന്നും കേരളത്തിലേക്ക് ഹാജിമാരുമായി പോയ സൗദിയ എയര്‍ലൈന്‍സ് വിമാനം യന്ത്രതകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കിയിരുന്നു.

ഒരു മണിക്കൂര്‍ പറന്ന ശേഷമാണ് വിമാനം തിരിച്ചിറക്കിയത്. മുന്നിലെ വിന്‍ഡോ പൊട്ടി വായു അകത്തേക്ക് കയറുകയായിരുന്നു. വന്‍ അപകടം തിരിച്ചറിഞ്ഞ പൈലറ്റ് വിമാനം ഉടന്‍ തിരിച്ചിറക്കുകയായിരുന്നു. സര്‍ക്കാര്‍ ക്വാട്ടയില്‍ ഹജ് നിര്‍വഹിച്ച 300 ഓളം തീര്‍ഥാടകരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനം അന്തരീക്ഷത്തില്‍ ആടിയുലഞ്ഞ പോലെ അനുഭവപ്പെട്ടതായി യാത്രക്കാര്‍ പറഞ്ഞു. വന്‍ ദുരന്തമാണ് തലനാരിഴക്ക് വഴിമാറിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ