മനാമ: ബഹ്‌റൈനില്‍ നിര്‍ദ്ദിഷ്ഠ മാനദണ്ഡങ്ങള്‍ പാലിക്കാതെ മരുന്നുകള്‍ സൂക്ഷിച്ച നിരവധി ഫാര്‍മസികള്‍ക്ക് അധികൃതരുടെ താക്കീത്. മരുന്നുകള്‍ സൂക്ഷിച്ച മുറിയില്‍ നിര്‍ദ്ദേശിച്ച അന്തരീക്ഷ ഊഷ്മാവ് പാലിക്കുന്നതില്‍ വീഴ്ച വരുത്തുകയും കാലാവധി കഴിഞ്ഞ മരുന്നുകള്‍ സൂക്ഷിക്കുകയും ചെയ്ത ഫാര്‍മസികള്‍ക്കാണു താക്കീത് നല്‍കുന്ന കത്തു കൈമാറിയത്.

നാഷണല്‍ ഹെല്‍ത്ത് റഗുലേറ്ററി (എന്‍എച്ച്ആര്‍എ) നടത്തിയ പരിശോധനയില്‍ പൊടിപിടിച്ചതും അലങ്കോലപ്പെട്ടതുമായ ശേഖരണ മുറികളാണു പലേടങ്ങളിലും കണ്ടതെന്ന് ഡ്രഗ് ക്വാളിറ്റി അഷ്വറന്‍സ് കണ്‍സള്‍ട്ടന്റ് ഹിഷാം അല്‍ അവാമി പറഞ്ഞു. ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ നടത്തിയ വിവിധ പരിശോധനകളില്‍ പലയിടത്തും ഫാര്‍മസിസ്റ്റുകള്‍ ലാബ് കോട്ട് ധരിക്കുന്നില്ലെന്നും ലൈസന്‍സ് പുതുക്കിയിട്ടില്ലെന്നും കണ്ടെത്തി.

കാലാവധി കഴിഞ്ഞ മരുന്നുകള്‍, നിത്യവും വില്‍പ്പന നടത്തുന്ന ഷെല്‍ഫുകളില്‍ സൂക്ഷിച്ചതായും കണ്ടെത്തി. എന്നാല്‍, കാലാവധി കഴിഞ്ഞ മരുന്നുകള്‍ വിറ്റതായി ബഹ്‌റൈനില്‍ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അന്തരീക്ഷ ഊഷ്മാവിനനുസൃതമായി രണ്ടു ദിവസം കൂടുമ്പോള്‍ മരുന്നു സൂക്ഷിക്കുന്ന മുറിയില്‍ ഊഷ്മാവ് നിജപ്പെടുത്തേണ്ടതുണ്ടെന്ന വ്യവസ്ഥ പാലിക്കുന്നില്ലെന്നതാണു വ്യാപകമായി കണ്ടുവന്ന വീഴ്ചയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നാഷണല്‍ ഗാര്‍ഡ് തന്ത്രപരമായ ആസൂത്രണം; പുരോഗതി വിലയിരുത്തി
മനാമ: ബഹ്‌റൈന്‍ നാഷണല്‍ ഗാര്‍ഡ് നടപ്പാക്കി വരുന്ന 2020 വരെയുള്ള അഞ്ചു വര്‍ഷത്തെ തന്ത്രപരമായ ആസൂത്രണത്തിന്റെ പുരോഗതി വിലയിരുത്തി. നാഷണല്‍ ഗാര്‍ഡ് കമാന്റര്‍ ലഫ്. ജനറല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ ഇസാ അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ഡയറക്ടര്‍ ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ ഷെയ്ഖ് അബ്ദുല്ലസീസ് ബിന്‍ സൗദ് അല്‍ ഖലീഫയുടെ സാന്നിധ്യത്തില്‍ വിവിധ വകുപ്പു തലവന്‍മാരും സംബന്ധിച്ചു.

തന്ത്രപരമായ ആസൂത്രണത്തിന്റെ പുരോഗതിയില്‍ വിവിധ വകുപ്പു മേധാവികള്‍ വഹിക്കുന്ന പങ്കിനെ കമാൻഡർ പ്രശംസിച്ചു. രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫയുടെ നേതൃത്വത്തിന്‍ കീഴില്‍ സേന കൈവരിക്കുന്ന ആധുനിക വല്‍ക്കരണവും വികസനവും സുപ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ