റിയാദ്: സൗദി അറേബ്യയിൽ ജനുവരി ഒന്ന് മുതൽ പെട്രോൾ വിലയിൽ വൻ വർദ്ധനവ്. 91 ഗണത്തിലുള്ള പെട്രോളിന് എഴുപത്തി അഞ്ച് ഹലാലയിൽ നിന്ന് ഒരു റിയാൽ മുപ്പത്തി ഏഴ് ഹലാലയിലേക്ക് ഉയർന്നു. 95 ഗണത്തിലുള്ള പെട്രോളിന് തൊണ്ണൂറ്റി അഞ്ച് ഹലാല എന്നത് രണ്ട് റിയാൽ നാല് ഹലാലയിലേക്ക് ഉയർന്നു. വാറ്റ് ഉൾപ്പടെയുള്ളതാണ് പുതിയ നിരക്ക്. മുൻകൂട്ടി സർക്കാർ പ്രഖ്യാപിച്ച ആശ്രിത ലെവിയും വാറ്റ് കണക്കിലെടുത്ത് പ്രവാസികൾ കമ്മി കുടുംബ ബജറ്റ് അവതരിപ്പിച്ചാണ് ഇത്തവണ പുതുവർഷം തുടങ്ങിയത്. എന്നാൽ അപ്രതീക്ഷിതമായി പെട്രോൾ വില വർദ്ധിച്ചതും വൈദ്യുതി നിരക്കിൽ വൻ വർദ്ധനവുണ്ടായതും കുടുംബ ബജറ്റ് വീണ്ടും താളം തെറ്റിച്ചു.

പെട്രോൾ വില വർദ്ധിച്ചതോടെ നിത്യോപയോഗ സാധനങ്ങൾക്ക് വലിയ തോതിൽ വില വർദ്ധനവുണ്ടാകും. സാധാരണ യാത്രാ ചെലവും കുട്ടികളുടെ സ്‌കൂൾ യാത്രാ ചെലവിലും മാറ്റമുണ്ടാകും. നിലവിലെ സാഹചര്യത്തിൽ പ്രവാസികൾ ജോലിചെയ്യുന്ന കമ്പനികൾ പലതും പ്രതിസന്ധിയിലാണ്. വാർഷിക വർദ്ധനവും മറ്റ് ആനൂകൂല്യങ്ങളും അപൂർവ്വം കമ്പനികൾ മാത്രമേ നൽകുന്നുള്ളൂ. പലയിടത്തും ശമ്പളം വൈകിയാണ് ലഭിക്കുന്നതും. പ്രവാസി മലയാളികൾ കൂടുതലായും തൊഴിൽ ചെയ്ത്‌ വരുന്നത് ബഖാല (ചെറിയ സൂപ്പർ മാർക്കറ്റ്), ബൂഫിയ (ചായക്കട), മൊബൈൽ ഷോപ്പുകൾ, സ്വർണ്ണ കടകൾ, മാളുകൾ തുടങ്ങിയ മേഖലകളിലാണ്.

മൊബൈൽ സ്വർണ്ണക്കട മേഖലകളിൽ സമ്പൂർണ്ണ സ്വദേശിവൽക്കരണം നടപ്പായതോടെ ആയിരങ്ങൾക്ക് ജോലി നഷ്‌ടപ്പെട്ടു. ബക്കാലകൾ നടത്തി കൊണ്ട് പോകാൻ ചെലവ് വർദ്ധിച്ചതോടെ ആ മേഖലയെയും മലയാളികൾ കൈ ഒഴിയേണ്ട അവസ്ഥയിലാണ്. മാളുകളിൽ പൂർണ്ണ സ്വദേശിവൽക്കരണം ഘട്ടം ഘട്ടമായി നടപ്പാക്കുന്നതിന് തൊഴിൽ മന്ത്രാലയം ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ജൂൺ മാസത്തോടെ സൗദിയിൽ സ്ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഇതോടെ വീട്ടിൽ ഡ്രൈവർമാരായി ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് പ്രവാസികൾ പെരുവഴിയിലാകും. തൊഴിൽ രംഗം ഉൾപ്പടെ നിരവധി പ്രതിസന്ധികൾക്കിടയിലൂടെയാണ് പ്രവാസം കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. പല കുടുംബങ്ങളും ഇതിനകം നാട്ടിലേക്ക് മടങ്ങി തുടങ്ങി. സ്‌കൂൾ അവധി ആരംഭിക്കുന്നതോടെ കൂടുതൽ കുടുംബങ്ങൾ മടങ്ങും. അതേസമയം സ്ഥിതിഗതികൾ മാറി നല്ല കാലം തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ തുടരുന്നവരും കുറവല്ല.

വാർത്ത: നൗഫൽ പാലക്കാടൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ