scorecardresearch
Latest News

കാലഹരണപ്പെട്ട വീടുകളിൽ താമസിക്കുന്നവരെ മാറ്റണമെന്നാവശ്യം

പഴയ കെട്ടിടങ്ങള്‍ വാങ്ങുന്നതിനു ഫണ്ടില്ല എന്നാണു മന്ത്രാലയം പറയുന്നത്. ഫണ്ടിന്റെ ദൗര്‍ലഭ്യം നിമിത്തം നിരവധി പദ്ധതികള്‍ മുടങ്ങിക്കിടക്കുകയാണെന്നും മന്ത്രാലയം പറയുന്നു

കാലഹരണപ്പെട്ട വീടുകളിൽ താമസിക്കുന്നവരെ മാറ്റണമെന്നാവശ്യം

മനാമ: കാലഹരണപ്പെട്ട വീടുകളില്‍ പാര്‍ക്കുന്നവരെ മുഴുവന്‍ സാമൂഹിക ഭവന പദ്ധതിയിലേക്കു മാറ്റി അത്തരം കെട്ടിടങ്ങള്‍ നില്‍ക്കുന്ന സ്ഥലം പ്രത്യുല്‍പ്പാദന പരമായി പ്രോയജനപ്പെടുത്തണമെന്ന ആവശ്യം ശക്തമാവുന്നു. കാലപ്പഴക്കമുള്ള കെട്ടിടങ്ങള്‍ പൊളിച്ചുകളഞ്ഞ് നിരത്തിയ സ്ഥലം സര്‍ക്കാരിനു കൈമാറണമെന്ന നിര്‍ദ്ദേശമാണ് നോര്‍ത്തേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ മുന്നോട്ടു വയ്ക്കുന്ന ആശയം.

ഒരു തരത്തിലും അറ്റകുറ്റപ്പണി നടത്താന്‍ കഴിയാത്ത പഴഞ്ചന്‍ ഭവനങ്ങളില്‍ പാര്‍ക്കുന്നവരുണ്ട്. ഇവരുടെ സുരക്ഷകൂടി മുന്‍നിര്‍ത്തിയാണ് നോര്‍ത്തേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ഭവന മന്ത്രി ബാസ്സം അല്‍ ഹമര്‍ മുമ്പാകെ ഇത്തരമൊരു നിര്‍ദ്ദേശം അവതരിപ്പിച്ചിരിക്കുന്നത്. ഓരോ പ്രദേശത്തും പഴഞ്ചനായ 3040 ഭവനങ്ങള്‍ ഇത്തരത്തില്‍ പൊളിച്ചു നീക്കാന്‍ പാകത്തിലുണ്ട്. ഇതു പൊളിച്ചു നീക്കുന്ന സ്ഥലത്ത് പുതിയ അപ്പാര്‍ട്ടുമെന്റുകളോ ഇപ്പോഴുള്ളതിന്റെ ഇരട്ടി ഭവനങ്ങളോ നിര്‍മിക്കാന്‍ കഴിയുമെന്ന് കൗണ്‍സില്‍ ചെയര്‍മാന്‍ മുഹമ്മദ് ബുഹമ്മൂദ് പറഞ്ഞു. ഇത്തരം പ്ലോട്ടുകള്‍ ഷോപ്പിങ് കോംപ്ലക്‌സുകളായി പരിവര്‍ത്തിപ്പിക്കുന്നതോടെ മന്ത്രാലയത്തിന്റെ വരുമാന സ്രോതസ്സായി മാറുമെന്നും ചൂണ്ടിക്കാണിച്ചു.

പഴയ കെട്ടിടങ്ങള്‍ വാങ്ങുന്നതിനു ഫണ്ടില്ല എന്നാണു മന്ത്രാലയം പറയുന്നത്. ഫണ്ടിന്റെ ദൗര്‍ലഭ്യം നിമിത്തം നിരവധി പദ്ധതികള്‍ മുടങ്ങിക്കിടക്കുകയാണെന്നും മന്ത്രാലയം പറയുന്നു. സര്‍ക്കാര്‍ നടപ്പാക്കുന്ന ഭവന നവീകരണ പദ്ധതിയേക്കാള്‍ ആദായത്തില്‍ പഴയ വീടുകള്‍ മന്ത്രാലയത്തിനു വാങ്ങാന്‍ കഴിയുമെന്നാണു മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടുന്നത്. ഹമദ് രാജാവ് 2003 ല്‍ പ്രഖ്യാപിച്ച ഭവന നവീകരണ പദ്ധതി പ്രകാരം ജീര്‍ണിച്ച 4000ത്തോളം ഭവനങ്ങള്‍ പുതുക്കിപ്പണിയുന്ന പദ്ധതിയാണു തയാറാക്കിയത്. 2011 മുതല്‍ ഇത്തരം നവീകരണ പദ്ധതിക്കായി ലോണ്‍ അനുവദിക്കുന്ന സംവിധാനം നടപ്പാക്കി. എണ്ണ വരുമാനം ഇടിഞ്ഞതോടെ ഈ പദ്ധതി നിര്‍ത്തുകയായിരുന്നു.

രാജ്യത്തെ നാലു മുനിസിപ്പാലിറ്റികളുടേയും കണക്കു പ്രകാരം 4000ത്തോളം വീടുകള്‍ ജീര്‍ണിച്ച് അപകടകരമായ അവസ്ഥയിലാണെന്നു കണ്ടെത്തിയിരുന്നു. ഇത്തരം വീടുകളില്‍ കഴിയുന്നവര്‍ക്ക് സ്വസ്ഥമായി ഉറങ്ങാനാണ് സര്‍ക്കാര്‍ ഭവന പദ്ധതിയില്‍ ഇവര്‍ക്കു വീട് അനുവദിക്കുന്നത്. ജനവാസ കേന്ദ്രങ്ങളില്‍ അപകടകരമായ പഴഞ്ചന്‍ കെട്ടിടങ്ങളില്‍ നൂറുക്കണിക്കിനു പേര്‍ കഴിയുന്നുണ്ടെന്നാണു കണക്കുകള്‍ പറയുന്നത്.

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: People living in old houses must removed