റിയാദ്: നാല് മാസം മുൻപ് റിയാദിൽ കാണാതായ കണ്ണൂർ പയ്യന്നൂർ സ്വദേശി കെ.കെ.ജയേഷിന്റെ (39) മൃതദേഹം ശുമൈസി ആശുപത്രിയിലെ മോർച്ചറിയിൽ കണ്ടെത്തി. ​സഹോദരനും കേളി ജീവകാരുണ്യ പ്രവർത്തകരും ചൊവ്വാഴ്​ച മോർച്ചറിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു. റിയാദിലെ റീട്ടെയിൽ വേൾഡ് ട്രേഡിങ്​ -ഡൈസോ ജപ്പാൻ കമ്പനിയിലെ ജീവനക്കാരനായിരുന്നു.

കഴിഞ്ഞ ജൂൺ 23 വെള്ളിയാഴ്ച രാവിലെ മുതൽ നസീമിലെ താമസസ്ഥലത്തു നിന്നും അപ്രത്യക്ഷനായ ജയേഷിനെ കുറിച്ച് അന്വേഷിക്കാൻ ജിദ്ദയിലുള്ള സഹോദരൻ റിയാദ് കേളിയുടെ സഹായം തേടുകയായിരുന്നു. കേളി പ്രവർത്തകർ ഇന്ത്യൻ എംബസിയുമായി സഹകരിച്ചു സമഗ്രമായ അന്വേഷണങ്ങൾ നടത്തിയെങ്കിലും ആളെ കണ്ടെത്താനായിരുന്നില്ല. ശുമൈസി മോർച്ചറിയിലുൾപ്പെടെ ഈ കാലയളവിൽ അന്വേഷണം നടത്തിയിരുന്നു. യഥാർത്ഥ പേരും ഇഖാമ (റെസിഡന്റ് പെർമിറ്റ്) യിലെ അറബിയിലുള്ള പേരും തമ്മിലുള്ള വ്യത്യാസമാണ് അന്ന് അന്വേഷണത്തിന് വിഘാതമായതെന്ന് കേളി ജീവകാരുണ്യ വിഭാഗം ചെയർമാൻ കിഷോർ ഇ നിസാം പറഞ്ഞു.

ഇക്കഴിഞ്ഞ തിങ്കളാഴ്​ചയാണ്​ റിയാദ്​ മൻഫുഅ പൊലീസ്​ സ്​റ്റേഷൻ അധികൃതർ മൃതദേഹത്തെ കുറിച്ച്​​ ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫെയർ വിങ്ങിനെ അറിയിച്ചത്​. മൂന്നുമാസത്തിൽ കൂടുതൽ പഴക്കമുള്ള മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ നിന്ന്​ ഒഴിവാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ്​ പൊലീസ്​ എംബസിയെ ബന്ധപ്പെട്ടത്​. എംബസിയിൽ നിന്ന്​ കിട്ടിയ വിവരത്തി​ന്റെ അടിസ്​ഥാനത്തിൽ കിഷോർ ഇ.നിസാമും ജയേഷിന്റെ മൂത്ത സഹോദരനും ജിദ്ദ നവോദയ കേന്ദ്ര രക്ഷാധികാരി സമിതിയംഗവുമായ കെ.കെ.സുരേഷും​ ചൊവ്വാഴ്​ച മോർച്ചറിയിൽ പോയി മൃതദേഹം തിരിച്ചറിയുകയായിരുന്നു.

ജയേഷിനെ കാണാതായ ഉടനെ കമ്പനി പാസ്പോർട്ട് വിഭാഗത്തിന് വിവരം നൽകി ഒളിച്ചോടിയവരുടെ പട്ടികയിൽ പെടുത്തി ‘ഹുറൂബാ’ക്കിയിരുന്നു. ഈ നിയമകുരുക്കഴിച്ചാൽ മാത്രമേ നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ പൂർത്തിയാകാൻ കഴിയൂ. കേളി പ്രവർത്തകർ അതിനുവേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിച്ചു. കേളി രക്ഷാധികാരി സമിതി അംഗം ബി.പി.രാജീവൻ, ജീവകാരുണ്യ വിഭാഗം കൺവീനർ ബാബുരാജ്, അനിൽ അറയ്ക്കൽ എന്നിവർ രംഗത്തുണ്ട്. 10 വർഷമായി റിയാദിൽ ജോലി ചെയ്​തിരുന്ന ജയേഷ് കാണാതാവുന്നതിന്​ നാല്​ ദിവസം മുമ്പാണ്​ നാട്ടിൽ നിന്ന്​ അവധി കഴിഞ്ഞെത്തിയത്​. ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനാൽ ജോലിയിൽ പ്രവേശിച്ചിരുന്നില്ല. കാണാതായ ദിവസം തന്നെ മരിച്ചതായാണ്​ പൊലീസ്, മെഡിക്കൽ രേഖകളിലുള്ളത്​. രാത്രി 9.45 ഓടെ മരണം സംഭവിച്ചതായി രേഖകൾ പറയുന്നു​. മൻഫുഅ പൊലീസ് അതിർത്തിയിലെ ഒരു കൃഷിത്തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന്​ പൊലീസ്​ മൃതദേഹം ആശുപത്രിയിലേക്ക്​ മാറ്റി. സ്വാഭാവിക മരണമെന്നാണ്​ നിഗമനം. ബാലൻ, നളിനി ദമ്പതികളുടെ മകനാണ്​. സുരേഷിനെ കൂടാതെ സബിത എന്ന സഹോദരിയുമുണ്ട്​. സിന്ധുവാണ്​ ഭാര്യ. കുട്ടികളില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ