യു.എ.ഇയില്‍ നിന്ന് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ലഭ്യമാകാന്‍ ഇനി ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കണം. എട്ട് സേവനങ്ങളാണ് ഓണ്‍ലൈന്‍ വഴി ലഭ്യമാകുകയെന്ന് ദുബായ് കോണ്‍സുലേറ്റും അബുദാബിയിലെ ഇന്ത്യന്‍ എംബസിയും അറിയിച്ചു. കേന്ദ്രവിദേശകാര്യ മന്ത്രാലയം നടപ്പാക്കുന്ന ഗ്ലോബല്‍ പാസ്‌പോര്‍ട്ട് സേവാ പദ്ധതിയുെട ഭാഗമായാണ് നടപടി.
പുതിയ പാസ്‌പോര്‍ട്ട്, നിലവിലുള്ളത് പുതുക്കല്‍, പാസ്‌പോര്‍ട്ട് നിയമസാധുതാ പരിശോധന (റീ വാലിഡേഷന്‍), കുട്ടികളുടെ ജനന റജിസ്‌ട്രേഷന്‍, കുട്ടികളുടെ പാസ്‌പോര്‍ട്ട്, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് (ഇസി), പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പിസിസി), സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ്, എന്നിവയ്ക്കാണ് ഓണ്‍ലൈന്‍ സേവനം ലഭ്യമാകുന്നത്. https://embassy.passportindia.gov.in. എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ പകര്‍പ്പും ആവശ്യമായ രേഖകളുമായി പാസ്‌പോര്‍ട്ട് വീസ സേവനങ്ങള്‍ക്കുള്ള ബിഎല്‍എസ് കേന്ദ്രത്തിലെത്തി തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കണം.
യു.എസ്, യു.കെ എന്നിവിടങ്ങളില്‍ ഈ സംവിധാനം നേരത്തെ നിലവില്‍ വന്നിരുന്നു. ഗള്‍ഫ് മേഖലയില്‍ സൗദി അറേബ്യയിലും, ഒമാനിലും, കുവൈറ്റിലും, ബഹറിനിലും ഈ സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് മുതലാണ് സൗദി അറേബ്യയിലും ഒമാനിലും പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കിയത്.
നടപടികള്‍ കൂടുതല്‍ വേഗത്തിലാകാന്‍ സംവിധാനം സഹായിക്കുമെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു. നിലവില്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചാല്‍ അഞ്ചു ദിവസങ്ങള്‍ക്കുള്ളിലാണ് ലഭിക്കുന്നത്. ഓണ്‍ലൈന്‍ സംവിധാനം വരുന്നതോടെ മൂന്ന് ദിവസത്തിനുള്ളില്‍ പാസ്‌പോര്‍ട്ട് ലഭിക്കും. ടൈപ്പിങ് ഫീസിന് നല്‍കുന്ന 30ദിര്‍ഹവും ഒഴിവാകും.
നടപടികള്‍
* സൈറ്റ് സന്ദര്‍ശിച്ച് യൂസര്‍ ഐഡിയും പാസ് വേഡും തയ്യാറാക്കുക.
* ഇതുപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷ പൂരിപ്പിച്ചു പ്രിന്റ് ഒൌട്ട് എടുക്കുക.
* നിശ്ചിത സ്ഥലത്ത് അപേക്ഷകന്റെ ഫോട്ടോ പതിക്കുക.
* ആവശ്യപ്പെട്ടിരിക്കുന്ന രേഖകളുമായി ബിഎല്‍എസ് ഓഫിസിലെത്തി ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ അപേക്ഷയില്‍ ഒപ്പിട്ട് നല്‍കുക.
യുഎഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ നവ്ദീപ് സിങ് സൂരി പറയുന്നത്, 2018ല്‍ മാത്രം 272,500 പാസ്‌പോര്‍ട്ടുകള്‍ യുഎഇയിയിലെ ഇന്ത്യന്‍ നയതന്ത്ര പദ്ധതികളുടെ ഭാഗമായി നല്‍കിയിട്ടുണ്ട് എന്നാണ്. ഇതില്‍ അബുദാബിയിലെ എംബസിയില്‍ 61,000 പാസ്‌പോര്‍ട്ടുകളും ദുബായിലെ കോണ്‍സുലേറ്റ് ജനറലില്‍ 211,500 പാസ്‌പോര്‍ട്ടുകളുമാണ് നല്‍കിയിരിക്കുന്നത്.