ഷാര്‍ജ: കഴിഞ്ഞ വര്‍ഷം സിബിഎസ്ഇ പ്ലസ്‌ ടു പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോഴായിരുന്നു ബോയ്സ് ഇംഗ്ലീഷ് ഹൈ സ്കൂളിലെ വിദ്യാര്‍ഥിയായിരുന്ന സ്മിത്ത് ഖാൻഡെൽവാളിന് അവിചാരിതമായി തലച്ചോറില്‍ രക്തസ്രാവം ഉണ്ടായത്. രക്തസ്രാവത്തെത്തുടര്‍ന്ന് കടന്നു വന്ന രോഗങ്ങൾ കാരണം സ്മിത്ത് വല്ലാതെ തളര്‍ന്ന് പോയി. ശരീരത്തിന്‍റെ ഇടത് ഭാഗത്തെ പൂര്‍ണ്ണമായും തളർന്നുപോയി. അതിനാൽ കഴിഞ്ഞ വര്‍ഷം പരീക്ഷ എഴുതാന്‍ സാധിച്ചില്ല.

സ്‌കൂള്‍ സ്‌പോര്‍ട്സ് ക്യാപ്റ്റനായിരുന്ന സ്മിത്ത് പക്ഷെ വിധിയ്ക്ക് മുമ്പില്‍ തോറ്റ് കൊടുക്കാന്‍ തയ്യാറായിരുന്നില്ല. ഒരു വര്‍ഷം നീണ്ട കഷ്ടപ്പാടിനൊടുവില്‍ 83 ശതമാനം മാര്‍ക്കോടെ അവന്‍ ഈ വര്‍ഷം പ്ലസ്‌ ടു പാസായി.

രക്തസ്രാവത്തെത്തുടര്‍ന്ന് ഹെമിപിലിയ ബാധിച്ചതിനാല്‍ സ്മിത്തിന് ഏകദേശം ഏഴ് മാസത്തോളമായിരുന്നു ഹോസ്‌പിറ്റലില്‍ കിടക്കേണ്ടി വന്നത്. മകന്‍ അനുഭവിച്ച കഷ്ടപാടുകളെ കുറിച്ചോര്‍ക്കുമ്പോള്‍ അമ്മയ്ക്ക് ഇപ്പോഴും മനസില്‍ തീയാണ്.

“മസ്തി‌ഷ്‌ക വളർച്ചയ്ക്കായി തലയോട്ടിയിലെ അസ്ഥികൾ മുറിച്ചുമാറ്റുന്ന ക്രാനിയോട്ടമി ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്കുശേഷം അവന് ഹൈഡ്രോസെഫാലസ് ബാധിച്ചു. തലച്ചോറിനകത്ത് സെറിബ്രോ സ്പൈനല്‍ ഫ്ലുയിഡ് കെട്ടി കിടക്കുന്ന അവസ്ഥയാണത്,” സ്മിത്തിന്‍റെ അമ്മയായ സുജാത പറഞ്ഞു.

ചികിത്സയുടെ ഭാഗമായി സ്മിത്തിന്‍റെ ശരീരത്തില്‍ ഒരു ഉപകരണം ഘടിപ്പിച്ചിട്ടുണ്ട്. സെറിബ്രോ സ്പൈനല്‍ ഫ്ലുയിഡിന്‍റെ ഒഴുക്ക് നിയന്ത്രിക്കുന്നതിന് വേണ്ടിയാണിത്.

“എനിക്ക് മുഴുവന്‍ ക്ലാസ്സുകളിലും മിക്കപ്പോഴും പങ്കെടുക്കാന്‍ സാധിക്കാറില്ല. പക്ഷേ എങ്ങനെയോ പരീക്ഷ എഴുതിയെടുക്കാന്‍ സാധിച്ചു,” എല്ലാ പ്രതിസന്ധി ഘട്ടങ്ങളെയും മറികടന്ന് ഈ വര്‍ഷത്തെ ബോര്‍ഡ്‌ പരീക്ഷയില്‍ വിജയം കരസ്ഥമാക്കിയ സ്മിത്ത് പ്രതികരിച്ചത് ഇങ്ങനെയാണ്.

സ്മിത്തിനെപ്പറ്റി സ്കൂളിലെ എല്ലാവര്‍ക്കും വളരെ നല്ല അഭിപ്രായമാണ്. “സ്മിത്ത് എനിക്കെപ്പോഴും ഒരു പ്രചോദനമാണ്. ഒരു വര്‍ഷം മൊത്തം ഹോസ്‌പിറ്റലില്‍ ചിലവഴിച്ചതിന് ശേഷം അവന്‍ സ്‌കൂളില്‍ തിരിച്ച് വന്നു. എത്ര ധീരതയോടെയാണ് അവന്‍ ജീവിതത്തെ നേരിട്ടത്,” സ്മിത്ത് ഒരു ടെഡ് എക്സ് സ്പീക്കര്‍ ആണെന്ന് കൂടി ഓര്‍മ്മിപ്പിച്ച് കൊണ്ട്
സ്‌കൂള്‍ പ്രിസിപ്പല്‍ ശ്രീവത്സന്‍ മുരുകന്‍ പറഞ്ഞു.

“സ്‌കൂളിലെ ഒരു താരമായിരുന്നു സ്മിത്ത്. അവന് സംഭവിച്ചത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. എന്നെ കൊണ്ട് സാധിക്കുന്ന രീതിയില്‍ ഞാന്‍ അവനെ സഹായിച്ചു. ചോദ്യങ്ങൾ കേട്ട് അവന്‍ ഉത്തരം പറഞ്ഞു തന്നു, ഞാനത് എഴുതി കൊടുത്തു. ഒരുപാട് വിഷമ സാഹചര്യങ്ങളിലൂടെ കടന്ന് പോകേണ്ടി വന്നെങ്കിലും നല്ല മാര്‍ക്ക് നേടാന്‍ അവനു കഴിഞ്ഞു. സ്മിത്ത് എനിക്ക് എന്‍റെ സഹോദരനേപ്പോലെയാണ്. അവന്‍ ജീവിതത്തിലേക്ക് തിരിച്ച് വരുന്നത് കാണുമ്പോള്‍ എനിക്കൊരുപാട് സന്തോഷം തോന്നുന്നു,” സ്മിത്തിന് വേണ്ടി പരീക്ഷ എഴുതി കൊടുത്ത സിദ്ധാര്‍ത് എസ്.വി (16) പറഞ്ഞു. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സിദ്ധാർത്ഥ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ