മക്ക: ഈ വര്‍ഷം ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ ഉംറ നിര്‍വഹിക്കാനെത്തിയത് പാക്കിസ്ഥാനില്‍ നിന്നെന്ന് കണക്കുകള്‍. അറബ് ന്യൂസാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇന്ത്യയ്ക്കാണ് രണ്ടാം സ്ഥാനം. ഇന്തോനേഷ്യ, യെമന്‍ എന്നീ രാജ്യങ്ങള്‍ മൂന്നും നാലും സ്ഥാനങ്ങളിലെത്തി. ഈ വര്‍ഷം ഇതുവരെ 9,98,670 പേര്‍ക്കാണ് ഉംറയ്ക്കായി സൗദി അറേബ്യ വിസ അനുവദിച്ച് നല്‍കിയത്. അതില്‍ 6,95,740 പേര്‍ സൗദിയിലെത്തി.
ഇതില്‍ 2,62,695 പേരാണ് പാക്കിസ്ഥാനില്‍ നിന്നും ഉംറ നിര്‍വഹിക്കാനായി എത്തിയത്. പിന്നാലെ ഇന്ത്യയും ഉണ്ട്. 1,40,505 പേരാണ് ഇന്ത്യയില്‍ നിന്നും ഉംറ നിര്‍വഹിക്കാനെത്തിയത്. 1,31,908 പേര്‍ ഇന്തോനേഷ്യക്കാരാണ്. യെമനില്‍ നിന്നും 26,334 തീര്‍ത്ഥാടകരാണ് എത്തിയത്. മലേഷ്യയില്‍ നിന്നും 21,767 പേരെത്തി. യുഎഇയില്‍ നിന്നും 14,667 തീര്‍ത്ഥാടകരുമെത്തി.
ഭൂരിഭാഗം പേരും തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി മടങ്ങിയെങ്കിലും 2,94,767 പേര്‍ ഇപ്പോഴും സൗദിയില്‍ തുടരുന്നുണ്ട്. ഇതില്‍ 1,98,786 പേര്‍ മക്കയിലും 95,981 പേര്‍ മദീനയിലുമാണ് ഉളളത്. 6,50,702 പേര്‍ വിമാനത്തില്‍ എത്തിയപ്പോള്‍ 45,010 പേര്‍ റോഡ് മാര്‍ഗവും 23 പേര്‍ കടല്‍മാര്‍ഗവും തീര്‍ത്ഥാടനത്തിനെത്തി. ഹജ്-ഉംറ മന്ത്രാലയമാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.