മനാമ: രാജ്യം അന്ധകാരത്തിലേക്ക് നീങ്ങുന്നതിന്റെ ലക്ഷണങ്ങളാണ് പ്രശസ്ത മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വധമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണ്‍. ഒരു ജനാധിപത്യ സമൂഹത്തില്‍ വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥ രൂപപ്പെട്ടുവരുന്നത് അങ്ങേയറ്റം ഭീതിതമായ ഒരു സാഹചര്യമാണ്. എന്നാല്‍ ഇത്തരം ശ്രമങ്ങളെ ഇല്ലാതാക്കാനുള്ള സഹജമായ ഊര്‍ജം ഇന്ത്യക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബഹ്‌റൈന്‍ കേരളീയ സമാജം ഓണാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മലയാളി മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.

ഒരു ജനാധിപത്യ രാജ്യത്ത് സംവാദകങ്ങളാണ് അടിസ്ഥാനപരമായി അംഗീകരിക്കേണ്ട കാര്യമെന്ന് സ്പീക്കര്‍ പറഞ്ഞു. ഇന്ത്യയുടെ അടിസ്ഥാന സവിശേഷതയെ പോലും അംഗീകരിക്കാന്‍ കഴിയാത്ത ഇത്തരം നിലപാട് ഇന്ത്യ എന്ന രാഷ്ട്ര സങ്കല്‍പ്പത്തെ തന്നെ ദുര്‍ബലപ്പെടുത്തുന്ന ലക്ഷണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എതിര്‍ ശബ്ദങ്ങള്‍ക്ക് അവസരം നല്‍കുന്നില്ല എന്ന അവസ്ഥ ജനാധിപത്യത്തിന്റെ ദുരന്തം നിറഞ്ഞ അനുഭമാണ്. ഇതു രാജ്യം അന്ധകാരത്തിലേക്കു നീങ്ങുന്നുവെന്നതിന്റെ ലക്ഷണമാണെന്ന് വേദനയോടെ പറയേണ്ടിവരുന്നു. ജനാധിപത്യത്തിന്റെ പ്രാഥമികമായ മര്യാദകളില്‍ ഒന്നാണ് വിയോജിപ്പിനുള്ള അവകാശം നില നിര്‍ത്തിക്കൊടുക്കുക എന്നത്. അത് തടസപ്പെടുത്തുക എന്നത് അന്ധകാര ദുരിതമായ അവസ്ഥയാണ് ഉണ്ടാക്കുക. ഇന്ത്യയുടെ അടിസ്ഥാനമായ വൈവിധ്യത്തിന്റെയും വൈജാത്യത്തിന്റെയും നാനാത്വത്തിന്റെയും പ്രമാണത്തെപ്പോലും അംഗീകരിക്കാത്ത ഒരു സാഹചര്യം വരുന്നു എന്നത് ജനാധിപത്യ വിശ്വാസികൾക്കുപോലും വലിയ ക്ലേശകരമായ ഒരു അനുഭവമാണ്.

ഇന്ത്യക്ക് സഹജമായ ഒരു ഭാവമുണ്ട്. ആ ഭാവത്തെ കൃത്യമമായാണ് തകര്‍ത്തുകൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ സഹജമായ ഭാവം എന്നത് ഈ വൈജാത്യങ്ങളെയെല്ലാം അംഗീകരിക്കുക എന്നതാണ്. ലോകത്തിന്റെ മുന്നില്‍ ഇന്ത്യ ഒരു വിസ്മയമായി നില്‍ക്കാന്‍ കാരണം ഇത്രയും വൈവിധ്യങ്ങള്‍ക്കിടയിലും ഇന്ത്യ ഒരു രാഷ്ട്രമായിട്ടുതന്നെ നില നിന്നുകൊണ്ടേയിരിക്കുന്നു എന്നതിനാലാണ്. ‘ഡിസ്‌കവറി ഓഫ് ഇന്ത്യ’യില്‍ ജവഹര്‍ലാല്‍ നെഹ്‌റു പറയുന്നത് ഇന്ത്യ വിശാലമായ നെല്‍പ്പാടങ്ങളും പുള്ളിക്കുത്ത്‌പോലെ ഗ്രാമങ്ങളും സാമൂഹ്യമായ വൈവിധ്യങ്ങളും വൈജാത്യങ്ങളും എല്ലാം നിറഞ്ഞ ഒരു ഭൂമികയാണ് എന്നാണ്. ആ ഇന്ത്യയുടെ വൈരുധ്യങ്ങളെ ഉപയോഗപ്പെടുത്തിയുള്ള വിഘടനത്തിന്റേതായ എന്തെങ്കിലും ശ്രമത്തിന് തുടക്കം കുറിച്ചാല്‍ ആ ശ്രമത്തെ സ്വയമേവ ഇല്ലാതാക്കാനുള്ള ഒരു സഹജമായ ഒരു ഊര്‍ജം ഈ രാജ്യത്തിനുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആ സഹജമായ ഊര്‍ജം ഒരിക്കല്‍ പുറത്തുവരും. ജനാധിപത്യത്തെ ഹിംസിച്ച സന്ദര്‍ഭങ്ങളിലെല്ലാം ആ സഹജമായ ഊര്‍ജം പുറത്തുവന്നിട്ടുണ്ട്. അതുകൊണ്ട് ഇത് താല്‍ക്കാലികമായ ഒരു പ്രതിഭാസമായിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്.

ഇതെല്ലാം ഇന്ത്യയെ വിഴുങ്ങുമെന്നും ഇന്ത്യ ഫാസിസത്തിന് കീഴ്‌പ്പെടുമെന്നും ഭയപ്പെട്ട് എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടെന്നും പറഞ്ഞ് നമുക്ക് നിലപാട് സ്വീകരിക്കാം. എന്നാല്‍, അങ്ങിനെ എല്ലാ പ്രതീക്ഷകളും അസ്തമിക്കേണ്ട ഒരു രാജ്യമല്ല ഇന്ത്യ. ഞാന്‍ പ്രതീക്ഷിക്കുന്നത് ഇന്ത്യ ഇതിനെ അതിജീവിക്കുമെന്നാണ്. ഇന്ത്യ ഇങ്ങിനെ നില നില്‍ക്കുന്നത് തന്നെ ലോകത്തിനു മുന്നില്‍ വിസ്മയമാണ്. ഇന്ത്യയില ഭരണഘടന ഒരു വിസ്മയമാണ്. ഭരണഘടന എന്നു പറയുന്നത് കേവലം ഖണ്ഡങ്ങളും വകുപ്പുകളും മാത്രമല്ല. അതിന് ആന്തരികമായൊരു ഊര്‍ജമുണ്ട്. ഇതൊക്കെയാണ് ഇന്ത്യയെ നില നിര്‍ത്തുന്നത്. അത് ഇത്രയും കാലം നില നിന്നതും അതുകൊണ്ടാണ്. കൃത്യമമായി കൂട്ടിയോജിപ്പിച്ചതല്ല അത്. ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വം നിലനില്‍ക്കും. അത് കൃത്രിമമായി കൂട്ടിച്ചേര്‍ത്തതല്ല. സ്വാഭാവികമായി രൂപപ്പെട്ടുവന്നതാണ്. ആ സ്വഭാവികമായി രൂപപ്പെട്ടുവന്ന ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വം താല്‍ക്കാലികമായ തടസങ്ങളുടെ പ്രതിഭാസങ്ങള്‍ ഉണ്ടെങ്കിലും അതിനെ അതിജീവിച്ച് നില നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ