ഷാർജ: ലോകരാഷ്ട്രങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ കുറിച്ചും നിക്ഷേപ രംഗത്തെക്കുറിച്ചും ഗവേഷണം നടത്തുന്ന ഓക്‌സ്ഫോർഡ് ബിസിനസ് ഗ്രൂപ്പിന്റെ ‘റിപ്പോർട്ട് ഷാർജ 2018’ പ്രസിദ്ധീകരിച്ചു. സാമൂഹിക-സാമ്പത്തിക വളർച്ചക്ക് ആക്കം കൂട്ടുന്ന വിവിധ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചും വിദേശ നിക്ഷേപങ്ങൾ ആകർഷിച്ചും ഷാർജ നടത്തുന്ന കുതിപ്പിലേക്ക് വിരൽ ചൂണ്ടുന്നതാണ് പുതിയ പഠനം.

നിക്ഷേപകർക്കും വ്യവസായ രംഗത്തിനും ഷാർജ സമ്പദ്ഘടനയുടെ സമഗ്രചിത്രം നൽകുന്ന റിപ്പോർട്ടിൽ ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി തന്റെ വികസന കാഴ്‌ചപ്പാടുകൾ പങ്കുവയ്‌ക്കുന്നുണ്ട്. ജനങ്ങൾക്ക് ഉപകാരപ്രദമാവുന്ന, സാംസ്‌കാരിക മൂല്യങ്ങളെയും കലയെയും ചേർത്ത് പിടിക്കുന്ന വികസന നയമാണ് ഷാർജ ആഗ്രഹിക്കുന്നത്. സാംസ്‌കാരിക കൈമാറ്റങ്ങൾക്കു വേദിയാവുന്ന, ശാസ്ത്രത്തിലേക്കും ചരിത്രത്തിലേക്കും അറിവിലേക്കും നയിക്കുന്ന വികസനങ്ങളാണ് ഒരു രാജ്യത്തിന്റെ യഥാർത്ഥ സമ്പത്തെന്നും അദ്ദേഹം പറയുന്നു. ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ചെയർപേഴ്സൺ ഷെയ്‌ഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി, എക്‌സിക്യൂട്ടീവ് ചെയർമാൻ മർവാൻ അൽ സർകാൽ, ഷാർജ ടൂറിസം അതോറിറ്റി ചെയർമാൻ ഖാലിദ് അൽ മിദ്ഫ തുടങ്ങി ഷാർജയുടെ വളർച്ചയ്‌ക്ക് നേതൃത്വം നൽകുന്ന പ്രമുഖ വ്യക്തികളുടെ അഭിമുഖവും വിശകലനങ്ങളും ഷാർജ റിപ്പോർട്ടിലുണ്ട്.

2016ൽ 912 മില്യൺ ദിർഹംസ് വിദേശനിക്ഷേപം ആകർഷിച്ച ഷാർജ 2017ൽ അത് 5.97 ബില്യനാക്കി വർധിപ്പിച്ചിരുന്നു. ഓയിൽ മേഖലയെ മാത്രം ആശ്രയിക്കുന്നതിൽ നിന്ന് മാറി റിയൽ എസ്റ്റേറ്റ്, റീട്ടെയിൽ, നിർമാണം, വിദ്യാഭ്യാസം, വ്യവസായം തുടങ്ങിയ മേഖലകളിൽ നൽകിയ ശ്രദ്ധയും ആ മേഖലയിലൊരുക്കിയ സൗകര്യങ്ങളുമാണ് ഈ വളർച്ചക്ക് സഹായിച്ചത്. ഇന്ത്യയിൽ നിന്നുള്ള നിക്ഷേപകരാണ് പട്ടികയിൽ ഒന്നാമതുള്ളത്. എളുപ്പത്തിൽ വ്യവസായം തുടങ്ങാനുള്ള സംവിധാനങ്ങൾ, മികച്ച അടിസ്ഥാന സൗകര്യങ്ങൾ, ലോകമാർക്കറ്റിലേക്ക് എത്തിക്കാനുമുള്ള എളുപ്പം തുടങ്ങിയ ഘടകങ്ങളാണ് ഇന്ത്യൻ സംരംഭകരെ ഷാർജയിലേക്ക് ആകർഷിക്കുന്നത്. നിലവിൽ ഷാർജ ഫ്രീസോണിൽ ഏഴായിരത്തിലധികം ഇന്ത്യൻ കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്.

മേഖലയിലെ പ്രധാന വ്യാവസായിക കേന്ദ്രമായ ഷാർജയുടെ ജിഡിപിയിലെ പ്രധാന സംഭാവന ഉദ്പാദന മേഖലയിൽ നിന്ന് തന്നെയാണ്. 16.9 ശതമാനമാണ് ഉദ്പാദന മേഖലയുടെ പങ്ക്. ഫ്രീസോൺ, ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതും വിദേശ നിക്ഷേപം ആകർഷിക്കുന്നതും ഈ വളർച്ചാ നിരക്കിന് ആക്കം കൂട്ടുന്നുണ്ടെന്ന് കണക്കുകൾ അടിസ്ഥാനമാക്കി റിപ്പോർട്ടിൽ പറയുന്നു. 2025ഓടെ ജിഡിപിയിലെ 25 ശതമാനവും ഈ മേഖലയിൽ നിന്നാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഉദ്പാദന മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കാരടക്കമുള്ള തൊഴിലാളികൾക്കും നിക്ഷേപകർക്കും ഏറെ പ്രതീക്ഷ പകരുന്ന കാര്യമാണിത്.

”കഴിഞ്ഞ കുറച്ചു വർഷങ്ങളായി വലിയ മാറ്റങ്ങളിലൂടെയാണ് ഷാർജ സമ്പദ് വ്യവസ്ഥ കടന്നു പോകുന്നത്. ലോകനിലവാരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാനും അതിലേക്കു വിദേശനിക്ഷേപം ആകർഷിക്കാനും നമുക്കായി. അതോടൊപ്പം തന്നെ പ്രാദേശിക നിക്ഷേപകരും ധാരാളമായി വർധിച്ചു. ഇതിന് ആനുപാതികമായി വർധിച്ച അവസരങ്ങൾ ഷാർജയിലേക്ക് സംരംഭകരേയും തൊഴിലാളികളെയും ആകർഷിച്ചു. വിനോദസഞ്ചാര മേഖലയും കൂടുതൽ സജീവമായി. ഇന്ത്യ, ഇറ്റലി, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളുമായുള്ള നിക്ഷേപ-വികസന ബന്ധങ്ങൾ കൂടുതൽ ശക്തിയാർജിക്കുകയാണ്” – ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി എക്‌സിക്യൂട്ടീവ് ചെയർമാൻ മർവാൻ അൽ സർക്കാൽ പറയുന്നു.

വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം തുടങ്ങി വിവിധ മേഖലകളിലെ ഷാർജയുടെ മുന്നേറ്റവും വളർച്ചാ മാതൃകയും അടയാളപ്പെടുത്തുന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത് ലണ്ടൻ ആസ്ഥാനമായുള്ള ഓക്‌സ്ഫോർഡ് ബിസിനസ് ഗ്രൂപ്പാണ്. വരും വർഷങ്ങളിൽ സാമ്പത്തിക നയങ്ങളും തീരുമാനങ്ങളും ഏതു ദിശയിലേക്കാവുമെന്നതിന്റെ സൂചന നൽകുന്ന ഷാർജ റിപ്പോർട്ട് 2018, വരാനിരിക്കുന്ന തൊഴിൽ അവസരങ്ങളിലേക്കും ആവശ്യമാവുന്ന വൈദഗ്ധ്യങ്ങളിലേക്കും വിരൽ ചൂണ്ടുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook