/indian-express-malayalam/media/media_files/uploads/2017/02/jabel-al-jais.jpg)
മനാമ: വൈകിയെത്തിയ ശൈത്യത്തില്‍ ഗള്‍ഫ് ഉള്‍പ്പെടെയുള്ള മിഡില്‍ ഈസ്റ്റ് തണുത്ത് വിറക്കുന്നു. കഴിഞ്ഞ നാലു ദിവസമായി മിഡില്‍ ഈസ്റ്റില്‍ കെടും തണുപ്പാണാനുഭവപ്പെട്ടത്. പലയിടങ്ങളിലും വെള്ളിയാഴ്ച പുലര്‍ച്ചെ താപനില പൂജ്യത്തിലും താഴെയായിരുന്നു. യുഎഇയിലും കുവൈത്തിലും സൗദിയിലുമാണ് കൊടും തണുപ്പ് അനുഭവപ്പെട്ടത്.
യുഎഇയുടെ വിവിധ ഭാഗങ്ങള്‍ അതിശൈത്യത്തിന്റെ പിടിയിലാണ്. റാസല്‍ ഖൈമയില്‍ ആലിപ്പഴ വര്‍ഷമുണ്ടായി. മേഖലയില്‍ ശക്തമായ വടക്കു പടിഞ്ഞാന്‍ ശൈത്യക്കാറ്റ് ആഞ്ഞു വീശിയതാണ് താപ നില താഴാന്‍ കാരണമായത്. അല്‍ ഐന്‍, റാസല്‍ ഖൈമ, ഫുജൈറ എന്നിവടങ്ങളിലെ മലനിരകളില്‍ മഞ്ഞു വീഴ്ചയുണ്ടായി. യുഎഇയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ ജബല്‍ അല്‍ ജെയ്‌സില്‍ വെള്ളിയാഴ്ച രാവിലെ ഒന്‍പതിന് താപനില മൈനസ് 2 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. മോശം കാലവാസ്ഥ കാരണം ഇവിടേക്കുള്ള റോഡ് പൊലിസ് അടച്ചു. മബ്‌റ മലനിരകളിലും താപനില പൂജ്യത്തില്‍ താഴെയെത്തി. അല്‍ ഐനിലെ ജബല്‍ അഫത്തില്‍ വെള്ളിയാഴ്‌ച പകല്‍ 2 ഡിഗ്രിയായിരുന്നു താപനില.
അതിശൈത്യം കാരണം ദുബായില്‍ ഗ്ലോബല്‍ വില്ലേജ് വെള്ളിയാഴ്ച അടച്ചിട്ടു. ഒമേഗ ദുബായ് ഡെസേര്‍ട്ട് ക്ലാസിക് ഗോള്‍ഫ് ടൂർണ്‍മെന്റ് വെള്ളിയാഴ്ച നിര്‍ത്തിവെച്ചു. ദുബായ് മീഡിയാ സിറ്റിയിലെ ആംഫ്തീയേറ്ററില്‍ നടത്താനിരുന്ന റെഡ്‌ഫെസ്റ്റ്ഡിഎക്‌സ്ബി മ്യൂസിക് ഫെസ്റ്റും മാറ്റിവെച്ചു. രാജ്യത്ത് മിക്ക ഭാഗങ്ങളിലും ദൂരക്കാഴ്‌ച നന്നേ കുറഞ്ഞു.
/indian-express-malayalam/media/media_files/uploads/2017/02/saudi-north.jpg)
കുവൈറ്റില്‍ പകല്‍ സമയം താപനില എട്ടിനും പത്തിനും ഇടയിലായി. രാത്രി ഇത് പൂജ്യം ഡിഗ്രിക്ക് താഴെയായിരുന്നു. തണുപ്പ് അടുത്ത രണ്ടു മൂന്നു ദിവസത്തേക്ക് കൂടി തുടരുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. സൗദി-കുവൈത്ത് അതിര്‍ത്തി പ്രദേശങ്ങളിലും കൊടും ശൈത്യം അനുഭവപ്പെടുകയാണ്.
സൗദി അറേബ്യയില്‍ ഞായറാഴ്ച വരെ അതിശൈത്യം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. താപനില ഗണ്യമായി കുറഞ്ഞു. വെള്ളിയാഴ്ച തലസ്ഥ നമായ റിയാദിലും പരിസരങ്ങളിലും താപനില ഒരു ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു. ചില വടക്കന്‍ പ്രവിശ്യകളില്‍ താപനില പൂജ്യം ഡിഗ്രിക്കും താഴെ പോയി. കനത്ത മഞ്ഞു വീഴ്‌ചയുമുണ്ടായിരുന്നു..
ഉത്തര സൗദിയിലാണ് ഏറ്റവും കടുത്ത തണുപ്പ് അനുഭവപ്പെടുന്നത്. ഉത്തര അതിര്‍ത്തി പ്രവിശ്യയിലും ഹായിലിലും താപനില മൈനസ് എട്ടു ഡിഗ്രി വരെയായി കുറയുമെന്ന് നേരത്തെ കാലവാസ്ഥാ വിഭാഗം അറിയിച്ചിരുന്നു. അല്‍ കഫ്ജി, ഹായില്‍, തബൂക്ക്, അല്‍ ഖുറയാത്ത്, അറാര്‍, റഫ, അല്‍ഖസീം, തുറൈഫ്, അല്‍ ജൗഫ് ഭാഗങ്ങളില്‍ മഞ്ഞു വീഴ്ചയുണ്ട്. അല്‍ ജൗഫില്‍ മൈനസ് മൂന്നും അല്‍ ഖുറയാത്തില്‍ മൈനസ് ഒരു ഡിഗ്രി സെല്‍ഷ്യസുമായിരുന്നു താപനില. ഇവിടെ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.
മക്ക, മദീന പ്രവിശ്യകളിലും പൊടിക്കാറ്റിന് സാധ്യതയുണ്ട്. ഇതോടൊപ്പം ദൃശ്യക്ഷമത രണ്ടു കിലോമീറ്ററിനേക്കാള്‍ കുറയും. കിഴക്കന്‍ പ്രവിശ്യയിലും ഉത്തര സൗദിയിലെ അറാര്‍, തുറൈഫ്, റഫ്ഹ എന്നിവിടങ്ങളിലും നേരിയ തോതിലുള്ള മഴക്ക് സാധ്യതയുണ്ട്. ഉത്തര സൗദിയില്‍ മഞ്ഞുവീഴ്ച തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെ ഏറ്റവും കുറഞ്ഞ താപനില 7 ഡിഡ്രി സെല്‍ഷ്യസില്‍ എത്തി. കുറഞ്ഞ ശരാശരി താപനില 8 ഡിഗ്രി സെല്‍ഷ്യസും കൂടിയത് 12 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു.
കുവൈത്ത്, സൗദി തുടങ്ങിയ ഇതര ജിസിസി രാജ്യങ്ങളെ അപേക്ഷിച്ച് ബഹ്‌റൈനില്‍ തണുപ്പ് അതിശൈത്യത്തിനു വഴിമാറാറില്ല. എന്നാല്‍ കഴിഞ്ഞ മൂന്നു ദിവസമായി രാജ്യം തണുപ്പിന്റെ കാഠിന്യത്തിന് സാക്ഷിയാകുകയാണ്. മുഹറഖിന്റെ വടക്കു പടിഞ്ഞാറന്‍ ഭാഗത്ത് ശകതമായ കാറ്റില്‍ നിരവധി ബോട്ടുകള്‍ തകര്‍ന്ന് തീരത്ത് മുങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. രാജ്യത്ത് അതിശക്തമായി വീശിയടിച്ച ശൈത്യകാറ്റു കാരണം പലഭാഗത്തും മാര്‍ഗ തടസ്സമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. രാവിലെ കനത്ത മൂടല്‍ മഞ്ഞു കാരണം ദൂര കാഴ്ചയും നന്നേ കുറഞ്ഞിരുന്നു.
/indian-express-malayalam/media/media_files/uploads/2017/02/saudi-north-1.jpg)
ഞായറാഴ്ച വരെ രാജ്യത്ത് അതിശൈത്യം തുടരുമെന്നാണ് കാലാസ്ഥാ മുന്നറിയിപ്പ്. താപനില ഗണ്യമായി കുറയും. വൈകുന്നേരത്തോടെ ചിലയിടങ്ങളില്‍ മഴ പെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ അറിയിക്കുന്നു. ചൊവ്വാഴ്ചയോടെ താപനില ഉയരുമെന്നും കാലവസ്ഥാ വിഭാഗം പ്രവചിക്കുന്നു
മഞ്ഞുറഞ്ഞ സൈബീരിയന്‍ മലനിരകളില്‍നിന്ന് അറേബ്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് വീശുന്ന ശൈത്യകാറ്റിന്റെ പ്രവാഹം അനുസരിച്ചാണ് ശൈത്യവും അതിശൈത്യവും അനുഭവപ്പെടുകയെന്ന് കാലാവസ്ഥാ നിരീക്ഷികര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കൊടും തണുപ്പിന് കാരണമായത് സൈബീരിയന്‍ കാറ്റായിരുന്നു. ഡിസംബര്‍ 22നാണ് ഗള്‍ഫ് മേഖലയില്‍ ശൈത്യകാലം തുടങ്ങിയത്. വടക്കന്‍ ഗോളാര്‍ദ്ധത്തില്‍നിന്നായിരുന്നു ശൈത്യത്തിന്റെ തുടക്കം. ഈ വര്‍ഷം വൈകിയായിരുന്നു ശൈത്യം എത്തിയത്. നവംബറോടെ ശൈത്യം ആരംഭിംക്കേണ്ടതായിരുന്നു. ജനുവരിയില്‍ സൗദിയില്‍ തണുപ്പ് ശകതമായിരുന്നെങ്കിലും ബഹ്‌റൈന്‍, ഖത്തര്‍, ദുബായ് എന്നിവടങ്ങളില്‍ തണുപ്പ് മാറി മറിഞ്ഞു. മാര്‍ച്ച് 21 വരെ ഈ വര്‍ഷം ശൈത്യം തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പ്രവചിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.