മനാമ: മൂല്യവര്‍ധിത നികുതിയും (വാറ്റ്) സെലക്‌ടീവ് ടാക്‌സും നടപ്പാക്കുന്നതിനുള്ള ഏകീകൃത ഗള്‍ഫ് കരാര്‍ ബഹ്‌റൈൻ അംഗീകരിച്ചു. കഴിഞ്ഞ ദിവസം സൗദിയും കരാര്‍ അംഗീകരിച്ചിരുന്നു.

എല്ലാ ജിസിസി രാജ്യങ്ങളിലും ഒരുമിച്ച് ഈ നികുതി സമ്പ്രദായം നിലവില്‍ വരും. 2018 ആദ്യം മുതല്‍ ബഹ്‌റൈനില്‍ വാറ്റ്’നിലവില്‍ വരും. ഇതുസംബന്ധിച്ച ഭരണഘടനാപരവും നിയമപരവുമായ കാര്യങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ബഹ്‌റൈന്‍ പുതിയ നിയമം നടപ്പാക്കും. ധനമന്ത്രി ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫയാണ് കരാറില്‍ ഒപ്പുവെച്ചത്. ഇതുവഴി ചില ഉല്‍പന്നങ്ങള്‍ക്ക് അഞ്ചുശതമാനം നികുതി ഏര്‍പ്പെടുത്തും. എന്നാല്‍ അടിസ്ഥാന ഭക്ഷണ സാധനങ്ങൾ, മരുന്നുകൾ, അനുബന്ധ സാധനങ്ങൾക്കും ഈ നികുതി ചുമത്തില്ല.

ഇതിനായി പാര്‍ലമെന്റും ശൂറ കൗണ്‍സിലും നിയമം പാസാക്കിയ ശേഷം നടപടികള്‍ തുടങ്ങുമെന്ന് മന്ത്രി പ്രസ്‌താവനയില്‍ പറഞ്ഞു. പുതിയ നികുതി പരിഷ്‌കാരങ്ങള്‍ ആദായ നികുതിയല്ലെന്ന് മന്ത്രി വ്യക്തമാക്കി. സാധനങ്ങളിലും സേവനങ്ങളിലും അഞ്ച് ശതമാനം എന്ന കണക്കിലാണ് നികുതി ചുമത്തുകയെന്ന് മന്ത്രി വ്യക്തമാക്കി.

90 ശതമാനത്തോളം ഉല്‍പന്നങ്ങളും ഈ നികുതിക്ക് പുറത്ത് വരുന്നതിനാല്‍ പുതിയ പരിഷ്‌കാരം കുറഞ്ഞ വരുമാനക്കാരായ പൗരന്‍മാരെ ബാധിക്കില്ലെന്ന് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ആരിഫ് ഖമീസ് പറഞ്ഞു. ജിസിസി രാജ്യങ്ങള്‍ തമ്മില്‍ ധാരണയായ വാറ്റ് നിരക്ക് ലോകത്ത് തന്നെ ഏറ്റവും കുറഞ്ഞതാണെന്ന് ഇന്‍ഫര്‍മേഷന്‍ കാര്യ മന്ത്രി അലി അല്‍ റുമെയ്ഹി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിലവില്‍ 150 രാജ്യങ്ങളിലധികം ഇത് നടപ്പാക്കുന്നുണ്ട്.

വാറ്റും ഹാനികരമായ ഉല്‍പന്നങ്ങള്‍ക്കുള്ള സെലക്‌ടീവ് ടാക്‌സും നടപ്പാക്കുന്നതിനുള്ള ഏകീകൃത ഗള്‍ഫ് കരാര്‍ കഴിഞ്ഞ ദിവസം സൗദി മന്ത്രിസഭ അംഗീകരിച്ചിരുന്നു. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. ഏപ്രില്‍ ഒന്നു മുതല്‍ സെലക്‌ടീവ് ടാക്‌സും അടുത്ത വര്‍ഷാദ്യം മുതല്‍ വാറ്റും നടപ്പാക്കുന്നതിനാണ് തീരുമാനം. സിഗരറ്റിനും എനര്‍ജി ഡ്രിങ്കുകള്‍ക്കും 100 ശതമാനവും ശീതളപാനീയങ്ങള്‍ക്ക് 50 ശതമാനവും സെലക്‌ടീവ് ടാക്‌സാണ് ബാധകമാക്കുക. വാറ്റ് അഞ്ചു ശതമാനമായിരിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ