റിയാദ്: സൗദിയുടെ പാരമ്പര്യവും തനിമയും സംസ്കാരവും വിളിച്ചോതുന്ന ജനാദ്രിയ വാര്‍ഷികോത്സവത്തിന് തുടക്കമായി. ബുധനാഴ്ച വൈകീട്ട് ജനാദ്രിയ ഉത്സവഗ്രാമത്തില്‍ സല്മാന് രാജാവാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ജനാദ്രിയയുടെ 31-ാം പതിപ്പാണിത്. ഉത്സവത്തിന്റെ ഭാഗമായി നടത്താറുള്ള ഒട്ടകയോട്ടമത്സരങ്ങളുടെ സമാപനചടങ്ങും നടന്നു.
കുവൈത്ത് അമീര്‍ ശൈഖ് സബാ അല്‍ അഹമദ് അല്‍ ജാബിര്‍ അല്‍ സബ, ബഹ്റൈന്‍ രാജാവ് ഹമാദ് ബിന്‍ ഈസ അല്‍ ഖലീഫ, യു.എ.ഇ ഉപപ്രധാനമന്ത്രി ശൈഖ് ജാസിം ബിന്‍ ഹമാദ് അല്‍ താനി തുടങ്ങി ഗള്‍ഫിലെ പ്രമുഖരായ പലരും വര്‍ണ്ണാഭമായ ചടങ്ങില്‍ പങ്കെടുത്തു. കൂടാതെ ഖത്തര്‍, ഒമാന്‍, അസൈര്ബൈജാന് തുടങ്ങിയ രാജ്യങ്ങളുടെ ഭരണ രംഗത്തെ പ്രതിനിധികളും സംബന്ധിച്ചു. ഈ വര്‍ഷത്തെ മേളയുടെ അതിഥി രാജ്അയം ഈജിപ്താണ്. ഈജിപ്ത് പവലിയന്റെ ഉദ്ഘാടനവും സല്മാന് രാജാവ് നിർവഹിച്ചു. ഈജിപ്ത് സാംസ്കാരിക വകുപ്പ് മന്ത്രി ഡോ.ഹില്‍മി അല്‍ നമ്നാം സന്നിഹിതനായിരുന്നു.
രണ്ടാഴ്ചയോളം നീണ്ടുനിൽക്കുന്ന മേളയോടനുബന്ധിച്ച് ഗള്‍ഫിലെ സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന പരിപാടികള്‍ അരങ്ങേറും. സൗദിയിലെ വൈവിധ്യമായ ഗോത്ര പാരമ്പര്യ കലകളുടെ സമന്വയമാണ് ജനാദ്രിയ ഉത്സവത്തിന്റെ പ്രത്യേകത. സൗദിയെ തൊട്ടറിയാനുള്ള അവസരം കൂടിയാണീ ഉത്സവം.