മനാമ: മുഖ്യമന്ത്രി പിണറായി വിജയന്റെ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുമായി ചര്‍ച്ച നടത്തി. ബഹ്റൈൻ സന്ദര്‍ശനത്തിന്റെ അവസാന ദിനമായ ഇന്നലെ സഫ്രിയ പാലസില്‍ നടന്ന ചര്‍ച്ച അരമണിക്കൂറോളം നീണ്ടു. ആരുണ്ടെങ്കിലും ഇല്ലെങ്കിലും കേരളവും ബഹ്‌റൈനും കൈകോര്‍ത്ത് ശക്തമായി മുന്നോട്ട് പോകുമെന്ന് ബഹ്‌റൈന്‍ രാജാവ് വ്യക്തമാക്കി.

കേരളം സന്ദര്‍ശിക്കാനുള്ള ക്ഷണം സ്വീകരിച്ച രാജാവ് സന്ദര്‍ശനം പരിഗണിക്കാമെന്ന് ഉറപ്പുനല്‍കി. കേരളവും
മലയാളികളുമായുള്ള ദീര്‍ഘനാളത്തെ ബന്ധവും രാജാവ് അനുസ്‌മരിച്ചു. കേരളവും ബഹ്‌റൈനും തമ്മിലുള്ള ഏഴിന നിര്‍ദേശങ്ങളുടെ പുരോഗതിക്കായി ഒരു വര്‍ക്കിങ് ഗ്രൂപ്പ് രൂപീകരിക്കുന്നതിന്റെ സാധ്യതകള്‍ പരിഗണിക്കുമെന്ന് രാജാവ് പറഞ്ഞു. ഇതില്‍ ഉടന്‍ അനുകൂലമായ തീരുമാനം ഉണ്ടാക്കാനായി ചര്‍ച്ചയില്‍ പങ്കെടുത്ത വിദേശകാര്യമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫയ്‌ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി.

 മുഖ്യമന്ത്രിയും സംഘവും ബഹ്‌റൈന്‍ രാജാവിനൊപ്പം


മുഖ്യമന്ത്രിയും സംഘവും ബഹ്‌റൈന്‍ രാജാവിനൊപ്പം

കേരളത്തിന്റെ ഉപഹാരമായി രാജാവിന് മുഖ്യമന്ത്രി ആറന്‍മുള കണ്ണാടി സമര്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ ഭാര്യ കമല, അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ,പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, വ്യവസായികളായ എംഎ.യൂസഫലി, രവി പിള്ള, വര്‍ഗീസ് കുര്യന്‍, മാധ്യമ പ്രവര്‍ത്തകന്‍ സോമന്‍ ബേബി തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.
വ്യാഴാഴ്ച ബഹ്‌റൈന്‍ പ്രധാനമന്ത്രി, കിരീടവകാശി എന്നിവരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. ഇന്നലെ അര്‍ധ രാത്രി തിരുവനന്തപുരത്തേക്കുള്ള ഗള്‍ഫ് എയര്‍ വിമാനത്തില്‍ മുഖ്യമന്ത്രി മടങ്ങി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook